കുഞ്ഞിരാമന്‍ ഷോക്കേറ്റ് മരിച്ചത് അടക്ക ശേഖരിക്കുന്നതിനിടെ

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്;

Update: 2025-12-03 07:59 GMT

കാഞ്ഞങ്ങാട്: പറമ്പില്‍ അടക്ക ശേഖരിക്കാന്‍ പോയ കര്‍ഷകനെ ഷോക്കേറ്റ് മരിച്ച സംഭവം നാടിന്റെ വേദനയായി. ചെമ്മട്ടംവയല്‍ അടമ്പിലിലെ എ. കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. രാവിലെ 10 മണിയോടെയാണ് കുഞ്ഞിരാമന്‍ പറമ്പിലേക്ക് പോയത്. അടക്ക പെറുക്കാന്‍ പോയ നാട്ടുകാരനാണ് കുഞ്ഞിരാമനെ ദേഹമാസകലം വൈദ്യുതി കമ്പി ചുറ്റിയ നിലയില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പൊട്ടിവീണ വൈദ്യുതി ലൈനില്‍ അറിയാതെ പിടിച്ചതാകാം അപകട കാരണമെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് വൈദ്യുതി വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തി. ഭാര്യ: ശോഭ. (കൊവ്വല്‍പ്പള്ളി). മക്കള്‍: മഹേഷ്, മനോജ്, മഹിജ. മരുമക്കള്‍: ഗംഗാധരന്‍, നിഷ. സഹോരങ്ങള്‍: കൃഷ്ണന്‍, നാരായണി, പരേതനായ പരദേശി.

ഷോക്കേറ്റ് വയലില്‍ കിടന്നത് മണിക്കൂറുകളോളം; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

കാഞ്ഞങ്ങാട്: വയലില്‍ പൊട്ടി വീണ വൈദ്യുതി കമ്പി തട്ടി ഷോക്കേറ്റു വീണ കുഞ്ഞിരാമന്‍ സംഭവസ്ഥലത്ത് മരണത്തോട് മല്ലടിച്ച് കിടന്നത് മണിക്കൂറുകളോളം. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പ്രഥമ ശുശ്രൂഷ പോലും കിട്ടാതെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് കുഞ്ഞിരാമന്‍ അടമ്പില്‍ വയലില്‍ വൈദ്യുതി കമ്പിയില്‍ ചുറ്റി മരിച്ചു കിടക്കുന്നത് കണ്ടത്. രാവിലെ 10 മണി കഴിഞ്ഞ് സ്വന്തം തോട്ടത്തിലേക്ക് പോകുന്നതിനിടെ സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ പൊട്ടി വീണ കമ്പി തട്ടിയാണ് ഷോക്കേറ്റ് മരിക്കുന്നത്. താഴ്ന്നു വീണ കമ്പി അറിയാതെ ദേഹത്ത് തട്ടുകയോ പിടിച്ചതോ ആകാനാണ് സാധ്യത. കുഞ്ഞിരാമന്റെ മരണത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ കര്‍ഷകര്‍ക്ക് ജലസേചന സൗകര്യത്തിന് ഈ ലൈന്‍ വഴിയാണ് വൈദ്യുതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് മാറ്റി അവരവരുടെ പറമ്പില്‍ നിന്ന് തന്നെ വൈദ്യുതി നല്‍കുന്ന സംവിധാനം ഉണ്ടാക്കിയതോടെ ഈലൈന്‍ ഉപയോഗിക്കാതെയായി. ഇതിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനോ കമ്പി മുറിച്ച് മാറ്റാനോ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പറമ്പിന്റെ ഉടമയും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കുഞ്ഞിരാമന്‍ മരിച്ചുവീണ സ്ഥലത്തു നിന്ന് റോഡ് സൗകര്യമില്ലാത്തതിനാല്‍ നാട്ടുകാര്‍ മൃതദേഹം ചുമന്നാണ് റോഡിലെത്തിച്ചത്.

Similar News