കാഞ്ഞങ്ങാട്: നീലേശ്വരം ടൗണില്‍ നിരവധി കടകളില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പതിനേഴുകാരന്‍ മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശിയായ 17കാരനെയാണ് നീലേശ്വരം പൊലീസ് പിടികൂടിയത്. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് കുട്ടി മോഷ്ടാവിനെ പിടികൂടിയത്. കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്സര ഫാന്‍സി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറി സ്റ്റാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറികട തുടങ്ങിയ സ്ഥലങ്ങളിലാണ് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടന്നത്. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് കവര്‍ച്ച നടന്നത്. പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഉടന്‍ നീലേശ്വരം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഓട്ടോ റിക്ഷ ഡ്രൈവര്‍മാരെ കണ്ടപ്പോള്‍ പച്ചക്കറി കടയുടെ പൂട്ടുപൊളിച്ച മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശ്രീലക്ഷ്മിയില്‍ നിന്ന് 5000 രൂപ വിലവരുന്ന വാച്ച്, തുണിത്തരങ്ങള്‍, മേശവലിപ്പിലുണ്ടായിരുന്ന പണം, പച്ചക്കറി കടയില്‍ നിന്ന് മേശവലിപ്പിലുണ്ടായിരുന്ന പണം തുടങ്ങിയവയാണ് മോഷ്ടിച്ചത്. അപ്‌സര ഫാന്‍സിയുടെ പൂട്ട് പൊളിച്ചെങ്കിലും സെന്‍ട്രല്‍ ലോക്ക് ഉണ്ടായിരുന്നതിനാല്‍ അകത്ത് കടക്കാനായില്ല.