അതിഥി തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചു
സ്ലാബിട്ട് മൂടിയ ടാങ്കിനകത്ത് ചാക്കുവിരിച്ച് മലര്‍ന്നുകിടന്ന നിലയിലാണ് മൃതദേഹം കണ്ടത്.;
പെരിയ: അതിഥി തൊഴിലാളിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. പെരിയ നവോദയ നഗറില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന് സമീപം ടാങ്ക് സ്ഥാപിക്കാനെടുത്ത കുഴിയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലെ കുട്ടികള്‍ വന്നു നോക്കിയപ്പോഴാണ് ആഴമുള്ള കുഴിയില്‍ മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും മരണകാരണം വ്യക്തമായില്ല.
ഇതേ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കായി കോഴിക്കോട്ടെ ലാബിലേക്കയച്ചു. രാസപരിശോധനാഫലം പുറത്തുവന്നാലേ മരണകാരണം തെളിയുകയുള്ളൂ. പ്രാഥമിക പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തില്‍ പുറമെ പരിക്കുകളൊന്നും കാണുന്നില്ല. അതേ സമയം സംശയകരമായ സാഹചര്യത്തിലാണ് മൃതദേഹം കണ്ടതെന്നതിനാല്‍ മരണത്തിലെ ദുരൂഹത തള്ളിക്കളയാനാകില്ലെന്ന നിലപാടാണ് പൊലീസിനുള്ളത്.
സ്ലാബിട്ട് മൂടിയ ടാങ്കിനകത്ത് ചാക്കുവിരിച്ച് മലര്‍ന്നുകിടന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഉടുത്തിരുന്ന ലുങ്കിയുടെ ഒരു ഭാഗം കീറി ചെറിയ കല്ലില്‍ കെട്ടിയ നിലയിലും മറ്റൊരു ഭാഗം മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ അരയില്‍ കെട്ടിയ നിലയിലുമായിരുന്നു. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജ്, ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.