കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: ഹോട്ടലുടമ ചാടി രക്ഷപ്പെട്ടു

അഗ്‌നി രക്ഷാസേനയെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു;

Update: 2025-04-09 14:37 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ബുധനാഴ്ച വൈകിട്ട് 4.30മണിയോടെയാണ് സംഭവം. കൊവ്വല്‍ പള്ളിയില്‍ ഹോട്ടല്‍ നടത്തുന്ന നീലേശ്വരം നെടുങ്കണ്ടം സ്വദേശി മുഹമ്മദിന്റെ ഫോഡ് കാറിനാണ് തീപ്പിടിച്ചത്. മുഹമ്മദ് കാഞ്ഞങ്ങാട്ട് നിന്നും സാധനങ്ങള്‍ വാങ്ങി കൊവ്വല്‍ പള്ളിയിലേക്ക് കാര്‍ ഓടിച്ചു പോകുകയായിരുന്നു.

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡും കഴിഞ്ഞ് രാജ് റെസിഡന്‍സി ഗേറ്റിന് സമീപമെത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു. ഇതോടെ മുഹമ്മദ് ഉടന്‍ തന്നെ കാര്‍ റോഡരികില്‍ നിര്‍ത്തി പുറത്തേക്ക് ചാടുകയായിരുന്നു. അപ്പോഴേക്കും കാറിന് തീ പിടിച്ചു.

വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്ന് അഗ്‌നി രക്ഷാസേനയെത്തി വെള്ളം ചീറ്റി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടില്‍ അരമണിക്കൂര്‍ നേരം ഗതാഗതം തടസപ്പെട്ടു.

Similar News