പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചു; വയോധികനും മധ്യവയസ്‌കനും അറസ്റ്റില്‍
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 70കാരനും 48കാരനുമാണ് അറസ്റ്റിലായത്;
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുക്കളായ വയോധികനും മധ്യവയസ്‌ക്കനും അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 70കാരനും 48കാരനുമാണ് അറസ്റ്റിലായത്. പതിനാലുകാരിയുടെ പരാതിയിലാണ് രണ്ടുപേര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
2019 മുതല്‍ 2022 വരെ വിവിധ സമയങ്ങളിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൂടിയായ ഇരുവരും ചേര്‍ന്ന് ലൈംഗിക പീഡനത്തിനിരയാക്കിയത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ബന്ധുക്കളായ രണ്ടുപേരും നാലുവര്‍ഷക്കാലമായി തന്നെ പീഡിപ്പിച്ചുവരികയാണെന്നും ഭീഷണി മൂലമാണ് പരാതിപ്പെടാതിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഇവരുടെ സഹായത്തോടെ പെണ്‍കുട്ടി ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ചന്തേര ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.