കാഞ്ഞങ്ങാട് വീടുകളില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും പിടികൂടി; 2 പേര്‍ക്കെതിരെ കേസ്

കണ്ടെത്തിയത് കിടപ്പുമുറിയിലെ ചുമരില്‍ തൂക്കിയിട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും സോക്സിനകത്ത് നിന്നും;

Update: 2025-04-26 05:48 GMT

കാഞ്ഞങ്ങാട്: നഗരത്തില്‍ പൊലീസ് രണ്ട് വീടുകളില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു. കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ഷാജഹാന്‍ അബൂബക്കറിന്റെ വീട്ടില്‍ നിന്നും 3.610 ഗ്രാം എം.ഡി.എം.എയും അജാനൂര്‍ കടപ്പുറത്തെ നൗഷാദിന്റെ വീട്ടില്‍ നിന്ന് 1.790 ഗ്രാം എം.ഡി.എം.എയും 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി ഹൊസ് ദുര്‍ഗ് എസ്.ഐ വി മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷാജഹാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ ചുമരില്‍ തൂക്കിയിട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും സോക്സിനകത്ത് നിന്നുമാണ് എം.ഡി.എം.എ കണ്ടെത്തിയത്.

പരിശോധന സമയത്ത് ഷാജഹാന്‍ വീട്ടിലുണ്ടായിരുന്നില്ല. ഷാജഹാന്‍ നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐക്കൊപ്പം സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാഗേഷ്, ശ്രീജേഷ്, ജ്യോതിഷ്, സുപ്രിയ, അഡീഷ്, നികേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ഹൊസ് ദുര്‍ഗ് എസ്.ഐ സി.വി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നൗഷാദിന്റെ വീട്ടില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലില്‍ നിന്നും അലമാരയില്‍ നിന്നുമാണ് എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയത്. പൊലീസ് വരുന്നത് കണ്ടപ്പോള്‍ നൗഷാദ് ഓടി രക്ഷപ്പെട്ടു.

സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു, സനീഷ്, ധന്യ, രാജേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

Similar News