ഫോണ്‍ നമ്പര്‍ ഓര്‍ത്തെടുത്തത് സഹായകമായി; മനോനില തെറ്റി സ്നേഹാലയത്തിലെത്തിയ യുവാവിന് വീട്ടുകാരെ തിരിച്ചുകിട്ടി

ധര്‍വാഡ് സ്വദേശി ഹബീബ് ഖാന് ആണ് ജനമൈത്രി ഓഫീസര്‍ പ്രദീപ് കൊതോളിയുടെ ചേര്‍ത്തുനിര്‍ത്തലില്‍ ബന്ധുക്കളെ തിരികെ കിട്ടിയത്;

Update: 2025-04-30 10:18 GMT

കാഞ്ഞങ്ങാട്: മനോനില തെറ്റി വീടുവിട്ട കര്‍ണാടക സ്വദേശിയായ യുവാവിന് ഓര്‍മ്മകള്‍ തിരിച്ചുകിട്ടിയതോടെ ബന്ധുക്കളെയും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു. ഫോണ്‍ നമ്പര്‍ ഓര്‍മ്മയില്‍ വന്നതോടെ വീട്ടുകാരെ വിളിച്ചുവരുത്തി കൂടെ പറഞ്ഞയച്ചു. ധര്‍വാഡ് സ്വദേശി ഹബീബ് ഖാന്‍ ( 33) ആണ് ജനമൈത്രി ഓഫീസര്‍ പ്രദീപ് കൊതോളിയുടെ ചേര്‍ത്തുനിര്‍ത്തലില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

നഗരത്തില്‍ അലഞ്ഞു തിരിയുന്നതിനിടെ വിവരമറിഞ്ഞ പ്രദീപാണ് ഹബീബിനെ അമ്പലത്തറ സ്നേഹാലയത്തിലെത്തിച്ചത്. ഓര്‍മ്മകള്‍ തിരിച്ചെത്തിയാല്‍ വീട്ടുകാരെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തിച്ചത്. ഇവിടെയെത്തി ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ഹബീബ് ഖാന്‍ സാധാരണ നിലയില്‍ എത്തി.

വീട്ടുകാരെക്കുറിച്ചും നാടിനെ കുറിച്ചും പറഞ്ഞു. കൂട്ടത്തില്‍ വീട്ടിലെ ഫോണ്‍ നമ്പര്‍ കൂടി പറഞ്ഞതോടെ ഇത് കുറിച്ചെടുത്ത് സ്നേഹാലയ അധികൃതര്‍ പ്രദീപ് മുഖാന്തരം വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു. വീട്ടുകാര്‍ ഹബീബിനെ അന്വേഷിക്കുന്നതിനിടെയാണ് കാഞ്ഞങ്ങാട് നിന്ന് ഫോണ്‍ വിളിവന്നത്. തുടര്‍ന്ന് ബന്ധുക്കളായ സായിദ് അലി, ഇംതിയാസ് എന്നിവര്‍ കഴിഞ്ഞദിവസം അമ്പലത്തറയില്‍ എത്തി ഹബീബ് ഖാനെ കൂട്ടിക്കൊണ്ടുപോയി.

Similar News