പെരിയാട്ടടുക്കം സ്വദേശിനിക്കൊപ്പം പുഴയില്‍ ചാടിയ യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല; തിരച്ചില്‍ തുടരുന്നു
പെരിയാട്ടടുക്കത്തെ ആനിമോള്‍, ആണ്‍സുഹൃത്ത് രാജു എന്നിവരാണ് വളപട്ടണം പുഴയില്‍ ചാടിയത്;
പെരിയാട്ടടുക്കം: വളപട്ടണം പുഴയില്‍ പെരിയാട്ടടുക്കം സ്വദേശിനിക്കൊപ്പം ചാടിയ യുവാവിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. പെരിയാട്ടടുക്കത്തെ ആനിമോള്‍(35), ആണ്‍സുഹൃത്ത് രാജു(35) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ നല്ല ഒഴുക്കുള്ള വളപട്ടണം പുഴയില്‍ ചാടിയത്. എന്നാല്‍ ചാടിയ ഉടന്‍ തന്നെ ആനിമോള്‍ നീന്തി കരയിലേക്ക് കയറി. രാജുവിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
രാജുവിനെ കണ്ടെത്തുന്നതിനായി അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരുടെ സഹായത്തോടെ ചൊവ്വാഴ്ചയും തിരച്ചില്‍ തുടരുകയാണ്. ആനിമോളെ കാണാതായെന്ന പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ആനിമോളും സുഹൃത്തും വളപട്ടണം പുഴയില്‍ ചാടിയെന്ന വിവരം പൊലീസിന് ലഭിച്ചത്.
പുഴയോരത്ത് അവശനിലയില്‍ കണ്ടെത്തിയ ആനിമോളെ മല്‍സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. രാജുവും തന്റെ കൂടെ പുഴയില്‍ ചാടിയെന്നും ഒഴുക്കില്‍പെട്ടതായും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേനയും പൊലീസും വളപട്ടണം പുഴയില്‍ തിരച്ചിലാരംഭിച്ചത്. യുവതി രണ്ട് മക്കളുടെ മാതാവാണ്.