കാഞ്ഞങ്ങാട് നഗരസഭ: തിരഞ്ഞെടുപ്പിനെ നേരിടുന്നത് വികസനങ്ങള്‍ എണ്ണിപ്പറഞ്ഞെന്ന് എല്‍.ഡി.എഫ്
ഭരണം വന്‍ പരാജയമെന്ന് യു.ഡി.എഫ്;
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളുണ്ടാക്കാനായി എന്ന അഭിമാനത്തോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത പറഞ്ഞു. വീടില്ലാത്തവര്‍ക്ക് വീട് എന്ന പദ്ധതിയാണ് അഭിമാന നേട്ടമെന്ന് അവര്‍ പറഞ്ഞു. നഗരസഭ ഇതിന് തന്നെയാണ് മുന്‍ഗണന നല്‍കിയത്. പി.എം.എ.വൈ ഭവനപദ്ധതി വഴി അഞ്ച് വര്‍ഷം 1078 വീടുകള്‍ അനുവദിച്ചു. കേടുപാടുകള്‍ തീര്‍ത്ത് വാസയോഗ്യമാക്കാവുന്നവ ഏറ്റെടുത്ത് നന്നാക്കിയും നല്‍കി. ഒരു കോടി 72 ലക്ഷം രൂപ ഇതിനായി വാര്‍ഡുകള്‍ക്ക് നല്‍കി. പട്ടികജാതി വര്‍ഗ ഭവന പുനരുദ്ധാരണത്തിന് വേറെയും ഫണ്ട് നല്‍കി. വിദ്യാലയങ്ങളെയും അംഗന്‍വാടികളെയും ആധുനിക സൗകര്യങ്ങളുള്ള കേന്ദ്രങ്ങളാക്കി മാറ്റി. മേലാങ്കോട് എ.സി.കെ.എന്‍.ജി.യു.പി സ്‌കൂള്‍ കേരളത്തിലെ തന്നെ കാര്‍ബണ്‍ നെഗറ്റീവ് പദവി നേടുന്ന ഏക പൊതുവിദ്യാലയമായി മാറ്റിയെടുക്കാനും നഗരസഭ ഭരണസമിതിക്ക് കഴിഞ്ഞു. കുട്ടികളുടെ സര്‍ഗവാസനകളെയും പരിപോഷിപ്പിക്കാനായി. ആരോഗ്യ മേഖലയും മെച്ചപ്പെട്ടതാക്കി. അര്‍ബന്‍ പി.എച്ച്.സികളെ അര്‍ബന്‍ പോളി ക്ലിനിക്കുകളാക്കി മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കി. വിവിധ സബ് സെന്ററുകള്‍ ആയി കഴിഞ്ഞിരുന്ന ആരോഗ്യ മേഖലയെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു. അമ്മയും കുഞ്ഞും ആസ്പത്രി എന്ന ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാക്കിയാണ് ഇത് ചെയ്തത്. മാലിന്യ നിര്‍മ്മാര്‍ജനത്തിലും മാതൃക കാട്ടാനായി. 100 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കൈകോര്‍ത്തപ്പോള്‍ കാഞ്ഞങ്ങാട് ക്ലീന്‍ നഗരസഭയായി. മികച്ച കുടുംബശ്രീകളെ വാര്‍ത്തെടുക്കാനും കഴിഞ്ഞു. ഏറ്റവും കൂടുതല്‍ കുടുംബശ്രീ സംരംഭങ്ങള്‍ ഉള്ള നഗരസഭയായും കാഞ്ഞങ്ങാട് മാറിയെന്നും ഏറ്റെടുത്ത മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ ആയെന്നും അവര്‍ പറഞ്ഞു.
നഗരം ഇപ്പോഴും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നത് ഭരണസമിതിയുടെ നിരുത്തരവാദപരമായ സമീപനമാണ് സൂചിപ്പിക്കുന്നതെന്ന് നഗരസഭയിലെ യു.ഡി.എഫ് പ്രതിനിധി കെ.കെ ജാഫര്‍ പറഞ്ഞു. ശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരം ഇനിയും നടപ്പിലാക്കാന്‍ കഴിയാത്തത് പരാജയം തന്നെയാണ്. പാര്‍ക്കിംഗ് സംവിധാനവും ഇനിയും ഒരുക്കാന്‍ കഴിയാത്തത് നഗരത്തിലെത്തുന്നവരെ ദുരിതത്തിലാക്കി. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒരു നീക്കം പോലും നടത്താനായില്ല. മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്കും പരിഹാരം കാണാനായില്ല. ആധുനിക രീതിയിലുള്ള അറവുശാലയും വന്നില്ല. ലക്ഷക്കണക്കിന് രൂപ ലോണ്‍ അടക്കുന്ന കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്റ്തുറന്നുകൊടുക്കാനോ ലേലം ചെയ്ത മുറികള്‍ തുറന്നുകൊടുക്കാനോ ആയില്ല. മഴക്കാലത്ത് നഗരം വെള്ളത്തില്‍ മുങ്ങി കിടക്കുന്ന സാഹചര്യം മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല.
കായിക പ്രേമികളുടെ ദീര്‍ഘകാല സ്വപ്‌നമായ സ്റ്റേഡിയം ഇനിയും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ പരാജയമാണ്. കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തിയില്ല. തീരദേശ മേഖലയില്‍ ഉപ്പ് വെള്ളത്തോടൊപ്പം കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. ഇത് പരിഹരിക്കാന്‍ ഒരു കുടിവെള്ള പദ്ധതി പോലും ഉണ്ടാക്കില്ലെന്നും ജാഫര്‍ പറയുന്നു.