തൊഴില്‍ പീഡനമെന്ന് ആരോപണം; ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക് സിന്റെ അധീനതയിലുള്ള കാഞ്ഞങ്ങാട്ടെ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി

മുന്‍ ജീവനക്കാരന്റെയും നിലവിലുള്ള ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടര്‍ നടപടികളിലേക്ക് കടക്കും.;

Update: 2025-04-09 04:36 GMT

കാഞ്ഞങ്ങാട്: ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക് സിന്റെ കാഞ്ഞങ്ങാട്ടെ സ്ഥാപനത്തിലും ജീവനക്കാരെ നായയെ പോലെ നടത്തിച്ചും മുട്ടിലിഴയിപ്പിച്ചും തൊഴില്‍പീഡനം നടത്തുന്നതായി ആരോപണം. സംഭവത്തില്‍ ഹൊസ് ദുര്‍ഗ് പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു. സ്ഥാപനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തു.

കോട്ടച്ചേരി ടി ബി റോഡ് ജംഗ് ഷനടുത്ത് കള്ളുഷാപ്പിന് പിറകുവശത്തെ ലോഡ് ജില്‍ ലീഗ്രാന്റ് കാഞ്ഞങ്ങാട് ബ്രാഞ്ച് എന്ന പേരിലുള്ള സ്ഥാപനത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക് സിന്റേതാണ് സ്ഥാപനമെന്ന് വ്യക്തമായത്. ഈ സമയം മാനേജരും ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നില്ല.

സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. പൊലീസെത്തിയാണ് തുറന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു. കാഞ്ഞങ്ങാട്ടെ സ്ഥാപനത്തില്‍ നടക്കുന്ന തൊഴില്‍ പീഡനം സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് പീഡനവിവരം പുറം ലോകമറിഞ്ഞത്. പാലാരിവട്ടത്തെ സ്ഥാപനത്തില്‍ നടന്നതുപോലെ ടാര്‍ഗറ്റ് തികയ്ക്കാത്തവരെ കഴുത്തില്‍ ബെല്‍റ്റിട്ട് നായയെ പോലെ നടത്തിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.

12 വര്‍ഷം മുമ്പാണ് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക് സ് കാഞ്ഞങ്ങാട്ട് സ്ഥാപനം തുടങ്ങിയത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ സാമഗ്രികള്‍, കറിപൗഡറുകള്‍, ചായപ്പൊടി തുടങ്ങി വിവിധ തരം ഉല്‍പ്പന്നങ്ങള്‍ വീടുകള്‍ തോറും വിതരണം ചെയ്യുകയാണ് ജീവനക്കാരുടെ ജോലിയെന്നും ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ ക്രൂരമായ ശിക്ഷാമുറകളാണ് പ്രയോഗിക്കുന്നതെന്നും പീഡനം സഹിക്കാനാകാതെ ഇവിടുത്തെ ജോലി അവസാനിപ്പിച്ച മുന്‍ ജീവനക്കാരന്‍ പറഞ്ഞു.

ഒരു ദിവസം 3000 രൂപയുടെ സാധനങ്ങളെങ്കിലും വിറ്റഴിക്കണം. ഇല്ലെങ്കില്‍ കഴുത്തില്‍ ബെല്‍റ്റിട്ട് നായയെ പോലെ നടത്തിക്കല്‍, തറയിലെ വെള്ളം നക്കിപ്പിക്കല്‍, മുട്ടിലിഴയിപ്പിക്കല്‍, കക്കൂസ് കഴുകിപ്പിക്കല്‍ തുടങ്ങിയ പ്രാകൃത ശിക്ഷകളാണ് നല്‍കുന്നതെന്ന് മുന്‍ജീവനക്കാരന്‍ വെളിപ്പെടുത്തി.

കാസര്‍കോട് ജില്ലക്കാര്‍ ഇവിടെയില്ല. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലും ജോലി ചെയ്യുന്നത്. ഇരുപതോളം ജീവനക്കാരാണ് ഇവിടെയുള്ളത്. മുന്‍ ജീവനക്കാരന്റെയും നിലവിലുള്ള ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടര്‍ നടപടികളിലേക്ക് കടക്കും. തൊഴില്‍ പീഡനം പുറത്തുവന്നതോടെ സ്ഥാപനം നടത്തിപ്പുകാര്‍ മുങ്ങിയതായാണ് വിവരം.

Similar News