ഫുട് ബോള്‍ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 12കാരനെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റില്‍

കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍;

Update: 2025-05-06 14:43 GMT

കാഞ്ഞങ്ങാട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട് ബോള്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത ഹൊസ് ദുര്‍ഗ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകനായ ചെമ്മട്ടം വയലിലെ രാജനെ(54)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12 കാരന്റെ പരാതിയിലാണ് രാജനെതിരെ കേസെടുത്തത്. രണ്ടാഴ്ച മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫുട് ബോള്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന കുട്ടിയെ രാജന്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിക്കുകയായിരുന്നു.

കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Similar News