കോഴിഫാമില്‍ നിന്നും 190 ഇറച്ചിക്കോഴികളെ മോഷ്ടിച്ചുകടത്തിയതായി പരാതി
38,000 രൂപ വിലവരുന്ന കോഴികളാണ് മോഷണം പോയത്;
വെള്ളരിക്കുണ്ട് : കോഴിഫാമില്‍ നിന്ന് 190 ഇറച്ചിക്കോഴികളെ മോഷ്ടിച്ചുകടത്തിയതായി പരാതി. കിനാനൂര്‍ കാളിയാനം തട്ടിലുള്ള കോഴിഫാമില്‍ നിന്നാണ് ഇറച്ചിക്കോഴികളെ കടത്തിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് സ്ഥാപന ഉടമ കാഞ്ഞങ്ങാട് കല്ലംചിറയിലെ ബിജുബേബിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ കെ.പി സതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫാമിലെ ജീവനക്കാരനായിരുന്ന മനു എന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. 38,000 രൂപ വിലവരുന്ന കോഴികളാണ് മോഷണം പോയത്.