റോഡരികില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളിയ പൂച്ചക്കാട് സ്വദേശിക്കെതിരെ കേസ്: മാലിന്യം കടത്തിയ സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

വിപി അബ്ദുല്‍ ഗഫൂറിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്;

Update: 2025-06-10 09:06 GMT

കാഞ്ഞങ്ങാട്: ചിത്താരി ചേറ്റുകുണ്ടില്‍ റോഡരികില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ സംഭവത്തില്‍ പൂച്ചക്കാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. പൂച്ചക്കാട്ടെ വിപി അബ്ദുല്‍ ഗഫൂറി(47)നെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി 11.30നാണ് അബ്ദുള്‍ ഗഫൂര്‍ സ്‌കൂട്ടറില്‍ മാലിന്യം കൊണ്ടുവന്ന് റോഡരികില്‍ തള്ളിയത്.

എന്നാല്‍ നാട്ടുകാര്‍ ഗഫൂറിനെ കയ്യോടെ പിടികൂടി മാലിന്യം തിരികെ എടുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബേക്കല്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി സ്‌കൂട്ടര്‍ കസ്റ്റഡിലെടുക്കുകയും അബ്ദുല്‍ ഗഫൂറിനെതിരെ കേസെടുക്കുകയുമായിരുന്നു.

പല സ്ഥലങ്ങളിലും ഇതുപോലെ റോഡരികില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. മഴക്കാലമായതിനാല്‍ മാലിന്യം കുമിഞ്ഞുകൂടി യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാത്രി കാലങ്ങളിലാണ് പലരും മാലിന്യം കളയാനെത്തുന്നത്. അതുകൊണ്ടുതന്നെ ആളെ കണ്ടെത്താനും കഴിയുന്നില്ല.

Similar News