ഇടവേളയ്ക്കുശേഷം വീണ്ടും കാട്ടാനയുടെ വിളയാട്ടം; വിളകള്‍ നശിപ്പിച്ചു; പനത്തടിയില്‍ കര്‍ഷകര്‍ ഭീതിയില്‍

കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവിടെ കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല.;

Update: 2025-04-13 07:20 GMT

കാഞ്ഞങ്ങാട്: പനത്തടിയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനയിറങ്ങി. പുളിംകൊച്ചിയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. ബി. രവീന്ദ്രന്‍, എസ്. ബി ജയകുമാര്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനയിറങ്ങിയത്. കവുങ്ങുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവിടെ കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ ആശ്വാസത്തിലായിരുന്നു കര്‍ഷകര്‍. അതിനിടെയാണ് വീണ്ടും കാട്ടാനയിറങ്ങിയത്. ഇവിടെ സൗരോര്‍ജ്ജ തൂക്കുവേലിയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇവയുടെ ഉദ് ഘാടനം നടത്തി പുളിംകൊച്ചി മുതല്‍ താന്നിക്കാല്‍ വരെയുള്ള ഭാഗത്തെ കാടുവെട്ടി പഴയ സൗരോര്‍ജ്ജ വേലിയുടെ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കിയാല്‍ കാട്ടാനകളെ തടയാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Similar News