വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ പ്രതികള്‍ റിമാണ്ടില്‍; കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്

ബുധനാഴ്ച വൈകിട്ടോടെയാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.;

Update: 2025-05-15 06:53 GMT

കാഞ്ഞങ്ങാട്: വിവിധ സര്‍വകലാശാലകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച കേസില്‍ പ്രതികള്‍ റിമാണ്ടില്‍. ഹൊസ് ദുര്‍ഗ് കടപ്പുറത്തെ ശിഹാബ് (38) കൊവ്വല്‍ പള്ളിയിലെ സന്തോഷ് കുമാര്‍ (45) ക്ലായിക്കോട്ടെ സി രവീന്ദ്രന്‍ (51) എന്നിവരെയാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്.

ബുധനാഴ്ച വൈകിട്ടോടെയാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പുതിയ കോട്ടയിലെ നെറ്റ് ഫോര്‍ യൂ കഫെയിലും പ്രതികളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയതോടെ 1800ലധികം വ്യാജസര്‍ട്ടിഫിക്കറ്റുകളും സീലുകളുമാണ് പിടികൂടിയത്.

കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്ക് അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതോടെ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനിടെ ആയിരത്തോളം പേര്‍ പണം കൊടുത്ത് പുതിയകോട്ടയിലെ സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

കൂടുതലും എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്നും വ്യാജമായി നിര്‍മ്മിച്ചു നല്‍കിയിരുന്നത്. ഇതിന് 30,000 രൂപ വരെ ഈടാക്കിയിരുന്നു. ഓരോ സെമസ്റ്റര്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഇതിന് ഒരെണ്ണത്തിന് വാങ്ങിയിരുന്നത് ആറായിരം രൂപയോളമാണ്. ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റിന് 30,000 രൂപയും ബിരുദത്തിന് 15000 രൂപയുമാണ് ആവശ്യക്കാരില്‍ നിന്നും ഈടാക്കിയത്.

സര്‍ട്ടിഫിക്കറ്റ് വേണ്ട സര്‍വകലാശാലയുടെ പേരും വിലാസവും ഫോട്ടോയും നല്‍കിയാല്‍ മൂന്നാംദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കും. വ്യാജ എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കാന്‍ അരലക്ഷത്തോളം രൂപയാണ് ഈടാക്കിയത്. ഗൂഗിള്‍പേ വഴിയായിരുന്നു പണമിടപാടുകളൊക്കെയും. മെഡിക്കല്‍ ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിരവധി പേര്‍ക്ക് ഇവിടെ നിന്ന് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

വ്യാജസര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് ഇതരസംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരായി സേവനമനുഷ്ഠിക്കുകയാണെന്നും സൂചനയുണ്ട്. പുതിയകോട്ടയിലെ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണകേന്ദ്രവുമായി ബന്ധപ്പെട്ടവരുടെയെല്ലാം വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവിടെ ഇടപാടുകാരെ എത്തിക്കാന്‍ കാസര്‍കോട്, മംഗളൂരു, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ചെന്നൈ, മുംബൈ, ദുബായ് തുടങ്ങിയ ഭാഗങ്ങളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

Similar News