4ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മര്‍ദനമേറ്റ പക കൊണ്ടുനടന്നത് വര്‍ഷങ്ങളോളം; 62 കാരന് പൂര്‍വവിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം

മാലോം വെട്ടിക്കൊമ്പില്‍ ഹൗസില്‍ വി.ജെ ബാബുവിനെയാണ് അന്നത്തെ സഹപാഠികളും സമപ്രായക്കാരുമായ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്;

Update: 2025-06-04 05:15 GMT

കാഞ്ഞങ്ങാട്: നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മര്‍ദനമേറ്റതിന്റെ പക വര്‍ഷങ്ങളോളം കൊണ്ടുനടന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ 62കാരനെ മര്‍ദ്ദിച്ചതായി പരാതി. മാലോം വെട്ടിക്കൊമ്പില്‍ ഹൗസില്‍ വി.ജെ ബാബു(62)വിനെയാണ് അന്നത്തെ സഹപാഠികളും സമപ്രായക്കാരുമായ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബാബുവിന്റെ പരാതിയില്‍ മാലോത്തെ ബാലകൃഷ്ണന്‍, മാത്യു വലിയപ്പാലാക്കല്‍ എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം മാലോം ടൗണിലെ ജനതരംഗം ഹോട്ടലിന് മുന്നില്‍വെച്ചാണ് ബാബുവിനെ രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബാബുവിനെ കണ്ടതോടെ നാലാംക്ലാസില്‍ വെച്ച് ഞങ്ങളെ മര്‍ദ്ദിച്ചത് മറന്നിട്ടില്ലെന്ന് പറഞ്ഞ് ബാലകൃഷ്ണനും മാത്യുവും ബാബുവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ബാബു ഒരു ഭാഗത്തും ബാലകൃഷ്ണും മാത്യുവും മറുഭാഗത്തുമായി അടിപിടികൂടിയിരുന്നു. ശാരീരികശേഷി കൂടുതലായിരുന്ന ബാബു അന്ന് രണ്ട് പേരെയും കീഴ്പ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കാന്‍ അന്ന് സാധിച്ചിരുന്നില്ല. ഈ വൈരാഗ്യമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ബാബുവിനെ കണ്ടപ്പോള്‍ പ്രതികള്‍ തീര്‍ത്തത്.

Similar News