15 കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ താമസിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍
പുല്ലൂര്‍ കൊടവലത്തെ കെ. ദേവനന്ദനെയാണ് വളപട്ടണം എസ്.ഐ സി. എം വിപിന്‍ അറസ്റ്റ് ചെയ്തത്;
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ കൂടെ താമസിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍. പുല്ലൂര്‍ കൊടവലത്തെ കെ. ദേവനന്ദനെയാണ് വളപട്ടണം എസ്.ഐ സി. എം വിപിന്‍ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് ഇരുവരും താമസിച്ചത്. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍വാങ്ങിയതിലുള്ള വിഷമത്തിന് പെണ്‍കുട്ടി എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് യുവാവ് അറസ്റ്റിലായത്.
സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി വിവാഹത്തെക്കുറിച്ച് വീണ്ടും പറഞ്ഞപ്പോള്‍ തയ്യാറല്ലെന്ന് യുവാവ് അറിയിച്ചതോടെ വിഷം കഴിക്കുകയായിരുന്നു. പെണ്‍കുട്ടി പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് ചികിത്സയിലുള്ളത്. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.