ചാംപ്യന്‍സ് ട്രോഫി ഫൈനല്‍: കാണികള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ്: ഞായറാഴ്ച നടക്കുന്ന ഇന്ത്യ - ന്യൂസീലന്‍ഡ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിനിടെ കാണികളോട് ആവേശം അതിരുവിടരുതെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. സ്റ്റേഡിയത്തിലെത്തുന്നവര്‍ നിരോധിത വസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍, പടക്കങ്ങള്‍ തുടങ്ങിയവ കൊണ്ടുവരരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
കളിക്കാരുടെയും കാണികളുടെയും ജീവന് ഭീഷണിയാകുന്ന ഒന്നും സ്റ്റേഡിയത്തിലോ പരിസരത്തോ അനുവദിക്കില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. കളിക്കാര്‍ക്ക് നേരെ ഏതെങ്കിലും വസ്തുക്കള്‍ എറിഞ്ഞാല്‍ 761,000 മുതല്‍ 2.285 ദശലക്ഷം (AED 10,000 മുതല്‍ AED 30,000 വരെ) വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സെമിഫൈനല്‍ കഴിഞ്ഞയുടനെ ഒരു ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയിരുന്നു. ഈ സംഭവമാണ് പൊലീസിന്റെ മുന്നറിയിപ്പിന് കാരണമായത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ കെ.എല്‍. രാഹുല്‍ സിക്സ് അടിച്ച് ടീമിനെ ഫൈനലില്‍ എത്തിച്ചതോടെയാണ് സംഭവം. ഒരു ആരാധകന്‍ ഓടിവന്ന് രാഹുലിനെ കെട്ടിപ്പിടിക്കുകയായിരുന്നു.
കപ്പല്‍ യാത്രയില്‍ അപകടം സംഭവിക്കുമ്പോള്‍ സന്ദേശം അയയ്ക്കാന്‍ ഉപയോഗിക്കുന്ന മറൈന്‍ ഡിസ്ട്രസ് സിഗ്‌നലുകള്‍ (വലിയ പ്രകാശമുള്ള ഫ്‌ലാഷ് ലൈറ്റുകള്‍, പടക്കങ്ങള്‍, കാതടപ്പിക്കുന്ന ശബ്ദമുള്ള ഹോണുകള്‍) കായിക മത്സര വേദിയില്‍ കാണികള്‍ ഉപയോഗിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലവും കര്‍ശന നിര്‍ദേശം നല്‍കാന്‍ കാരണമായി. ദുബായില്‍ പല ഫുട്‌ബോള്‍ മത്സരങ്ങളിലും ഇത്തരം ഡിസ്ട്രസ് സിഗ്‌നലുകള്‍ ഉപയോഗിച്ചിരുന്നു.
കളിക്കാരുടെയും സംഘാടകരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും പൊലീസ് നടത്തിയതായി ഓപ്പറേഷന്‍ കാര്യ അസി. കമന്‍ഡാന്റ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗെയ്തി പറഞ്ഞു. സുരക്ഷ, പ്രത്യേക പരിശോധന, ഗതാഗത നിയന്ത്രണം, കുതിര പൊലീസ് തുടങ്ങി വ്യത്യസ്ത തലങ്ങളിലാണ് സുരക്ഷ ഒരുക്കിയത്. നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാണികള്‍ മികച്ച കായിക സംസ്‌കാരം പ്രകടിപ്പിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.
കാണികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
1. അനുവാദമില്ലാതെ ഗ്രൗണ്ടില്‍ ഇറങ്ങരുത്.
2. കായിക താരങ്ങള്‍ ഇരിക്കുന്ന സ്ഥലവും സംഘാടകരുടെ സ്ഥലവും അടക്കം പ്രത്യേക മേഖലയില്‍ പ്രവേശിക്കരുത്.
3.അപകടം ഉണ്ടാക്കുന്ന ഒരു വസ്തുവും കൈവശമുണ്ടാകരുത്. പ്രത്യേകിച്ച് പടക്കങ്ങള്‍
4. നിയമം ലംഘിക്കുന്നവര്‍ക്ക് 3 മാസം വരെ തടവും 5000 മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
5. ഒരു തരത്തിലുള്ള അക്രമവും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല.
6. പോര്‍ വിളികളും കുപ്പിയേറും മറ്റും ഉണ്ടാകരുത്.
7.ആക്ഷേപിക്കുന്ന തരം ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍, ആംഗ്യങ്ങള്‍ തുടങ്ങിയവ ശിക്ഷാര്‍ഹം.
8.ഗാലറികളില്‍ രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ അനുവദിക്കില്ല.
9.ഇത്തരം കുറ്റ കൃത്യങ്ങള്‍ക്കും തടവോ 10000 മുതല്‍ 30000 ദിര്‍ഹം വരെ പിഴയോ ലഭിക്കും.