SCHOOL ADMISSION | ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം 6 വയസാക്കി ഉയര്‍ത്തണം; പ്രവേശനത്തിന് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹം

Update: 2025-03-27 09:29 GMT

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയര്‍ത്താന്‍ കഴിയണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും മന്ത്രി പറഞ്ഞു.

നിയമത്തിലെ സെക്ഷന്‍13 (1) എ, ബി യില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പരാതി ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ ഇപ്പോള്‍ അഞ്ച് വയസാണ്. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്ന് ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നു. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ കാലങ്ങളായി കുട്ടികളെ അഞ്ച് വയസില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്ന പതിവാണ് കാണുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ ഇപ്പോള്‍ ആറാം വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. നിരന്തര മൂല്യനിര്‍ണയം, ചോദ്യപേപ്പര്‍ നിര്‍മ്മാണം, പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അധ്യാപകകര്‍ക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കല്‍ എന്നിവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കും. ഇവയ്ക്കുളള വിശദമായ മാര്‍ഗ്ഗരേഖ ഏപ്രില്‍ മാസം പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചോദ്യപേപ്പറുകളിലെ തെറ്റുകളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. ഈ വര്‍ഷത്തെ ചില പരീക്ഷാ ചോദ്യപേപ്പറുകളില്‍ ചില തെറ്റുകള്‍ സംഭവിച്ച കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണം നടത്തി വീഴ്ച സംഭവിച്ചത് എവിടെയാണെന്ന് മനസിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Full View

Similar News