നീറ്റ് യുജി പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Update: 2025-03-21 10:58 GMT

ഡോക്ടറാവുക എന്നത് പലരുടേയും സ്വപ്‌നമാണ്. എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഒരുപാട് കടമ്പകള്‍ കയറാന്‍ ഉണ്ട്. ദേശീയതലത്തില്‍ എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, വെറ്ററിനറി സയന്‍സ് അണ്ടര്‍ ഗ്രാഡ്വേറ്റ് 2025-26 പ്രവേശനത്തിന് വഴിയൊരുക്കുന്ന നീറ്റ് യുജി പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.

2025 ലെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് യുജി പരീക്ഷ മെയ് നാലിനാണ്. ഈ മാസം ഏഴ് വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി. 23 ലക്ഷം വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

മേയ് നാലിന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ സമയം. ഫലം ജൂണ്‍ പതിനാലോടെ എന്‍.ടി.എ. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം..

അപേക്ഷിക്കാന്‍ 2025 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം (2008 ഡിസംബര്‍ 31-നോ, മുന്‍പോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം). ഉയര്‍ന്ന പ്രായപരിധിയില്ല. പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍, മാത്തമാറ്റിക്‌സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പ്രത്യേകം ജയിച്ച്, ഫിസിക്‌സ്,

കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് (പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40 ശതമാനം) വാങ്ങി ജയിച്ചിരിക്കണം. തുടങ്ങിയ യോഗ്യതകള്‍ ഉണ്ടെങ്കില്‍ അപേക്ഷിക്കാം.

വിദേശത്ത് പഠിച്ചവര്‍, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നിവ ജയിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. അവരുടെ യോഗ്യതയ്ക്ക് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എ.ഐ.യു.), തുല്യതനല്‍കിയിരിക്കണം.

പ്ലസ്ടുതല യോഗ്യതാ കോഴ്‌സ് അന്തിമപരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍, അഭിമുഖീകരിച്ച് പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. അവര്‍ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് കൗണ്‍സലിങ് വേളയില്‍ യോഗ്യത നേടിയിരിക്കണം.

പരീക്ഷാഘടന

പരീക്ഷയുടെ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍. ഒബ്ജക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പര്‍. ഒ.എം.ആര്‍. ഷീറ്റുപയോഗിച്ചുള്ള ഓഫ് ലൈന്‍ (പെന്‍ ആന്‍ഡ് പേപ്പര്‍ മോഡ്) പരീക്ഷ.

ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍നിന്ന് 45 വീതം ചോദ്യങ്ങളും ബയോളജിയില്‍നിന്ന് (ബോട്ടണിയും സുവോളജിയും) 90 ചോദ്യങ്ങളും ഉള്‍പ്പെടെ മൊത്തം 180 ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും. എല്ലാ ചോദ്യങ്ങളും നിര്‍ബന്ധമാണ്.

ശരിയുത്തരത്തിന്/ഏറ്റവും അനുയോജ്യമായ ഉത്തരത്തിന് നാലുമാര്‍ക്കുവീതം കിട്ടും. ഒരു ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. പരമാവധി മാര്‍ക്ക് 720 ആയിരിക്കും.

ഓരോ ചോദ്യത്തിനും ഒറ്റ ശരിയുത്തരം/ഏറ്റവും അനുയോജ്യമായ ഉത്തരം മാത്രം വരുന്നതിനുള്ള കരുതല്‍, ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഉണ്ടാകും.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷ ഫോം ശരിയായ വിധത്തില്‍ പൂരിപ്പിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരിക്കണം

അപേക്ഷാ ഫോം:

1. അപേക്ഷാഫോമിലെ ചിലയിടങ്ങളില്‍, നിര്‍ദിഷ്ട തീയതികളില്‍ അനുവദിക്കുന്നവയൊഴികെ, റജിസ്‌ട്രേഷനുശേഷം ഒരു തിരുത്തും അനുവദിക്കില്ല. Submit Button അമര്‍ത്തുന്നതിനു മുന്‍പ് എല്ലാം ശരിയെന്ന് ഉറപ്പാക്കണം.

2. അപേക്ഷിക്കാന്‍ അവസാന ദിവസം വരെ കാത്തിരിക്കരുത്.

3. ഒരാള്‍ ഒരപേക്ഷ മാത്രമേ അയയ്ക്കാവൂ.

4. സിസ്റ്റത്തില്‍ നിന്നു കിട്ടുന്ന അപേക്ഷാനമ്പറും പണമടച്ചതിന്റെ കണ്‍ഫര്‍മേഷന്‍ പേജും സൂക്ഷിച്ചു വയ്ക്കണം.

5.മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും വിദ്യാര്‍ഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം. ഇവ ഒടിപിയിലൂടെ ഉറപ്പാക്കണം. ഇവയിലേക്കാണ് അറിയിപ്പുകള്‍ വരിക. കണ്‍ഫര്‍മേഷന്‍ പേജ്, ഒഎംആര്‍ ഷീറ്റിന്റെ സ്‌കാന്‍, സ്‌കോര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഇമെയിലില്‍ കിട്ടും. രക്ഷിതാവിന്റെ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഇത്തവണ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1.നീറ്റിനു റജിസ്റ്റര്‍ ചെയ്യുമ്പോള്‍ എ.എഫ്.എം.സി ഓപ്റ്റ് ചെയ്തവരില്‍ നിന്നു മികവുനോക്കി വേണ്ടത്ര പേരെ ക്ഷണിച്ച്, വിശേഷടെസ്റ്റുകള്‍ക്കു വിധേയരാക്കി ആ സ്ഥാപനം അന്തിമ സിലക്ഷന്‍ നടത്തും.

2. അപേക്ഷാവേളയില്‍ സമ്മതം നല്‍കിയാല്‍ കണ്‍ഫര്‍മേഷന്‍ പേജ്, അഡ്മിറ്റ് കാര്‍ഡ്, സ്‌കോര്‍ കാര്‍ഡ്, ഒഎംആര്‍ ഷീറ്റിന്റെ സ്‌കാന്‍, മുതലായവ ഡിജിലോക്കറിന്റെ https://digilocker.gov.in എന്ന സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. UMANG വഴിയും വിവരങ്ങള്‍ കിട്ടും. രണ്ട് ആപ്പുകളും മൊബൈല്‍ പ്ലേസ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം.

3. തപാലിലോ ഇമെയിലിലോ ഒരു രേഖയും അയച്ചുകൊടുക്കേണ്ടതില്ല.

4. നീറ്റ് സിലബസ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്റെ മൂന്നാം അനുബന്ധത്തിലുണ്ട്.

5. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമെങ്കില്‍ പരീക്ഷയെഴുതാന്‍ സഹായിയെ (സ്‌ക്രൈബ്) ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥകള്‍ ബുള്ളറ്റിനിലുണ്ട്.

6. പുതിയ അറിയിപ്പുകളുണ്ടോയെന്ന് www.nta.ac.in എന്ന സൈറ്റില്‍ ഇടയ്ക്കു നോക്കണം.

പെര്‍സെന്റേജും പെര്‍സെന്റൈലും:

1. വിദ്യാര്‍ഥി നേടുന്ന മാര്‍ക്ക് ഇത്ര ശതമാനം (%) എന്ന് നാം പറയാറുണ്ട്. പക്ഷേ, പെര്‍സെന്റെല്‍ എന്നത് മറ്റു കുട്ടികളുടെ പ്രകടനത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ പെര്‍സെന്റൈല്‍ 77-ാമത്തേത് എന്നു പറഞ്ഞാല്‍, 77% പേരുടെ മാര്‍ക്ക് നിങ്ങളുടേതിനു തുല്യമോ അതില്‍ താഴെയോ എന്ന് മനസ്സിലാക്കാം. 23% പേരുടെ മാര്‍ക്ക് നിങ്ങളുടേതിനെക്കാള്‍ മെച്ചമാണെന്നും പറയാം. പ്രവേശനാര്‍ഹതയ്ക്ക് 50-ാം പെര്‍സെന്റെലെങ്കിലും വേണ്ടപ്പോള്‍, റാങ്ക് ലിസ്റ്റിലെ ആദ്യപകുതിയില്‍ വരുന്നവര്‍ക്കേ പ്രവേശനത്തിന് അര്‍ഹതയുണ്ടാവൂ.

2. ഉത്തരങ്ങളുടെ പുനര്‍മൂല്യനിര്‍ണയമോ, മാര്‍ക്ക് വീണ്ടും കൂട്ടലോ ഇല്ല.

3. ഓരോ കാറ്റഗറിയിലും 5% ഭിന്നശേഷിക്കാര്‍ക്ക്.

4. ആകെ 720 മാര്‍ക്കാണു നീറ്റ് പരീക്ഷയില്‍. ഫിസിക്‌സിനും കെമിസ്ട്രിക്കും 45 ചോദ്യങ്ങള്‍ വീതം, ഇരുപേപ്പറുകള്‍ക്കും ആകെ മാര്‍ക്ക് 180 വീതം. ബയോളജിക്കു 90 ചോദ്യങ്ങളുണ്ട്, ആകെ മാര്‍ക്ക് 360.

5. സര്‍ക്കാര്‍ / സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങള്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയിലെ ഓള്‍ ഇന്ത്യ ക്വോട്ട സീറ്റുകളില്‍ പട്ടികജാതി / പട്ടികവര്‍ഗ / പിന്നാക്ക / സാമ്പത്തികപിന്നാക്ക വിഭാഗക്കാര്‍ക്ക് യഥാക്രമം 15 / 7.5 / 27 / 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

മലയാളം ഓപ്റ്റ് ചെയ്താല്‍:

1. നീറ്റ് യുജിയില്‍ ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഉള്‍പ്പെടെ 13 ഭാഷകളില്‍ ചോദ്യങ്ങള്‍ ലഭിക്കും. കേരളത്തിലും ലക്ഷദ്വീപിലുമാണ് മലയാളത്തില്‍ ചോദ്യം കിട്ടുക. മലയാളം തിരഞ്ഞെടുക്കുന്നവര്‍ ഒരു കാര്യമോര്‍ക്കണം. ഇഷ്ടമുള്ള 3 പരീക്ഷാകേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ അപേക്ഷയില്‍ കാണിക്കാനാണ് നിര്‍ദേശം. സാധാരണഗതിയില്‍ ഇതനുസരിച്ച് കേന്ദ്രം അനുവദിച്ചുകിട്ടും.

പക്ഷേ മലയാളത്തില്‍ ചോദ്യം വേണമെന്ന് കാണിച്ചവരുടെ കാര്യത്തില്‍, അവര്‍ ആവശ്യപ്പെട്ട കേന്ദ്രങ്ങളിലൊന്നും വേണ്ടത്ര മലയാളം അപേക്ഷകരില്ലാത്തപക്ഷം, ചോദിച്ചിട്ടില്ലാത്ത ഏതെങ്കിലും കേന്ദ്രത്തിലേക്ക് കംപ്യൂട്ടര്‍ നമ്മെ അലോട്ട് ചെയ്‌തെന്നിരിക്കും. ഏതു പ്രാദേശികഭാഷയില്‍ ചോദ്യക്കടലാസ് ആവശ്യപ്പെട്ടാലും ഈ അസൗകര്യമുണ്ടാവാം.

2.സിസ്റ്റത്തില്‍ നിന്നു കിട്ടുന്ന അപേക്ഷാനമ്പറും പണമടച്ചതിന്റെ കണ്‍ഫര്‍മേഷന്‍ പേജും സൂക്ഷിച്ചുവയ്ക്കണം.

3. അപേക്ഷിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് രാജ്യമെമ്പാടുമുള്ള കോമണ്‍ സര്‍വീസസ് സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്താം. സെന്ററുകള്‍ കണ്ടെത്താന്‍ വെബ് https://locator.csccloud.in.

4. വെളുത്ത പശ്ചാത്തലത്തിലുള്ള 8 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എടുത്തുവയ്ക്കുക.

5. https://nta.ac.in ലെ ഡൗണ്‍ലോഡ് ലിങ്കില്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യക്കടലാസുകള്‍ വരും.

Similar News