വിദേശപഠനത്തിന് വിദ്യാഭ്യാസ ലോണ്‍; ആശങ്കകളകറ്റാം

Update: 2025-02-05 06:46 GMT

മെച്ചപ്പെട്ട തൊഴില്‍ ലഭിക്കാന്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പലര്‍ക്കും പണം ഇല്ലാത്തതിനാല്‍ തങ്ങളുടെ വിദേശ പഠനം എന്ന സ്വപ്നം ഉപേക്ഷിക്കുകയാണ്. എന്നാല്‍ സ്വപ്‌നം ഉപേക്ഷിക്കാതെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ വിവിധ വിദ്യാഭ്യാസ വായ്പകള്‍ ലഭ്യമാണ്. ചില വിദ്യാഭ്യാസ വായ്പകളെ കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകളും ആശങ്കകളുമുണ്ട് ഉണ്ട്. അവ മാറ്റാന്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇപ്പോള്‍ നാഷണലൈസ്ഡ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചിട്ടുണ്ട്.

മക്കളുടെ ചെലവേറിയ വിദ്യാഭ്യാസത്തിനായി സമ്പാദ്യം മുഴുവനും ചെലവാക്കുന്ന രക്ഷിതാക്കള്‍ക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ വിദ്യാഭ്യാസ ലോണ്‍ സഹായകമാണ്. അപേക്ഷ അയച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വായ്പ ലഭിക്കും.

ഓരോ ബാങ്കും വ്യത്യസ്തമായ പലിശ നിരക്കാണ് വിദ്യാഭ്യാസ വായ്പയ്ക്ക് ഈടാക്കുന്നത്. ഇതില്‍ പെണ്‍കുട്ടികള്‍ക്ക് നിശ്ചിത പലിശ നിരക്കിനേക്കാള്‍ 0.5% ഇളവും ലഭിക്കുന്നു.

കോഴ്‌സ് കാലയളവിലുള്ള ട്യൂഷന്‍ ഫീസ്, ജീവിത ചെലവുകള്‍, കമ്പ്യൂട്ടര്‍, ലാപ് ടോപ്പ് തുടങ്ങിയവയ്ക്കുള്ള ചെലവ്, യാത്രാ ചെലവ് എന്നിവ വിദ്യാഭ്യാസ വായ്പയില്‍ ഉള്‍പ്പെടുന്നു. ചില ബാങ്കുകള്‍ വിസ അപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജസ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയും വായ്പയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് മുന്‍നിര സര്‍വകലാശാലകളില്‍ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്നു.

പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സ്, ജോലി സാധ്യതകള്‍, പ്രവേശന പരീക്ഷ, മാര്‍ക്ക് എന്നീ പൊതു മാനദണ്ഡങ്ങള്‍ക്ക് പുറമേ, ഓരോ ബാങ്കും അവരുടേതായ പോളിസികള്‍ മുന്‍നിര്‍ത്തിയാണ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വായ്പകള്‍ നല്‍കുന്നത്. ചുരുങ്ങിയത് 25 ദിവസം കൊണ്ട് വിദ്യാഭ്യാസ ലോണുകള്‍ ലഭിക്കുന്നതാണ്. വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ഒന്നര കോടി രൂപ വരെ വായ്പയായി ലഭിക്കുന്നു.

ഇതില്‍ ഏഴര ലക്ഷം രൂപ വരെ ഈട് രഹിത വായ്പയാണ്. എന്നാല്‍ ചില ബാങ്കുകള്‍ അവരുടെ ലിസ്റ്റിലുള്ള യൂണിവേഴ്‌സിറ്റികളില്‍/ കോളേജുകളില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 40 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പയായി നല്‍കുന്നു.

തിരിച്ചടവ് എങ്ങനെ

കോഴ്‌സ് പൂര്‍ത്തിയായതിന് ശേഷമാണ് വായ്പ തിരിച്ചടവ് തുടങ്ങുന്നത്. കോഴ്‌സ് പൂര്‍ത്തിയായി 12 മാസമോ അല്ലെങ്കില്‍ ജോലി ലഭിച്ച ആറ് മാസമോ ഇതില്‍ ഏതാണോ ആദ്യം വരുന്നത് എന്ന് നോക്കിയാണ് തിരിച്ചടവ് തുടങ്ങുന്നത്. കോഴ്‌സ് പൂര്‍ത്തിയായി ആറ് മാസമായിട്ടും ജോലി ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് 12 മാസം മൊറട്ടോറിയം ലഭിക്കും. സാധാരണയായി വിദ്യാര്‍ഥികള്‍ പഠന കാലയളവില്‍ പാര്‍ട്ട് ടൈം ജോബിലൂടെയാണ് വായ്പാ തിരിച്ചടവിനുള്ള തുക കണ്ടെത്തുന്നത്.

Similar News