സ്വര്‍ണക്കടത്തിനിടെ പിടിയിലായ നടി രന്യയുടെ ഭര്‍ത്താവും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍
ജതിന്‍ ഹുക്കേരി, രന്യ റാവു
ബംഗളൂരു: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിടിയിലായ പ്രമുഖ കന്നഡ നടി രന്യ റാവുവിന്റെ കൂടുതല്‍ ബന്ധങ്ങള്‍ അന്വേഷിക്കുന്നു. രന്യയുടെ ഭര്‍ത്താവും പ്രമുഖ ആര്‍ക്കിടെക്റ്റുമായ ജതിന്‍ ഹുക്കേരിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നും ഡി.ആര്‍.ഐ അന്വേഷിച്ച് വരികയാണ്. രന്യയുടെ പല യാത്രകളിലും ജതിനും കൂടെ ഉണ്ടായിരുന്നു. നാല് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. മാര്‍ച്ച് 3ന് രന്യ അറസ്റ്റിലാകുമ്പോഴും ജതിന്‍ കൂടെ ഉണ്ടായിരുന്നു. ജതിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഡി.ആര്‍.ഐ. ഹോട്ടല്‍ മേഖലയിലെ നിര്‍മ്മാണ രംഗത്ത് ഏറെ പ്രാഗത്ഭ്യം തെളിയിച്ച ആര്‍ക്കിടെക്റ്റാണ് ജതിന്‍ ഹുക്കേരി. ലണ്ടനിലും ബംഗളൂരുവിലുമായി നിരവധി സംരംഭങ്ങളാണ് ജതിന്‍ ഹുക്കേരിയുടെ ചുമതലയിലുള്ളത്. ബംഗളൂരുവിലെ നിരവധി കണ്‍സെപ്റ്റ് ബാറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ആര്‍ക്കിടെക്റ്റ് കൂടിയാണ്. രന്യയുടെ രണ്ടാനച്ഛനും ഹൗസിംഗ് ബോര്‍ഡ് ഡി.ജി.പിയുമായ കെ. രാമചന്ദ്രറാവുവിന്റെ സ്വാധീനം രന്യ ഉപയോഗിച്ചോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.