ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ഗോളിയടുക്കയിലെ പട്ടിക ജാതി ഉന്നതിയിലാണ് സംഭവം;

Update: 2025-07-24 05:49 GMT

ബദിയടുക്ക:ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഗോളിയടുക്കയിലെ പട്ടിക ജാതി ഉന്നതിയിലാണ് സംഭവം. ഉന്നതിയിലെ താമസക്കാരനായിരുന്ന പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മിയുടെ ഓട് പാകിയ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. വീടിന്റെ ഒരുഭാഗത്തെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണും മറ്റുമുള്ള അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.

Similar News