ബദിയടുക്കയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് വാടകയ്‌ക്കെടുത്ത് ലഹരി വ്യാപാരം; 2 പേര്‍ അറസ്റ്റില്‍

26.100 ഗ്രാം എംഡിഎംഎയുമായി നീര്‍ച്ചാലിലെ മുഹമ്മദ് ആസിഫ്, ചൗക്കി ആസാദ് നഗറിലെ മുഹമ്മദ് ഇക് ബാല്‍ എന്നിവരാണ് അറസ്റ്റിലായത്.;

Update: 2025-05-04 04:42 GMT

ബദിയടുക്ക: പൊലീസ് നടത്തിയ മിന്നല്‍ നീക്കത്തില്‍ ബദിയടുക്കയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ബേള വില്ലേജിലെ ഏണിയര്‍പ്പില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് വാടകയ്ക്ക് വാങ്ങി ലഹരി വ്യാപാരം നടത്തിയ സംഘത്തിലെ രണ്ടു പേരെയാണ് ബദിയടുക്ക സി.ഐ കെ.സുധീറും സംഘവും അറസ്റ്റ് ചെയ്തത്.

26.100 ഗ്രാം എംഡിഎംഎയുമായി നീര്‍ച്ചാലിലെ മുഹമ്മദ് ആസിഫ് (31), ചൗക്കി ആസാദ് നഗറിലെ മുഹമ്മദ് ഇക് ബാല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച 50 വീടുകളില്‍ ഒരു വീട് വാടകയ്‌ക്കെടുത്താണ് സംഘം ലഹരി വ്യാപാരം നടത്തിവന്നത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകിട്ടോടെ വീട്ടിലെ കിടപ്പുമുറിയില്‍ പാക്കറ്റുകളിലാക്കി സൂക്ഷിച്ച മാരക മയക്കു മരുന്നായ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Similar News