ജെ.സി.ബി ഡ്രൈവര്‍ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പാടലടുക്ക നിടുഗളയിലെ വാടകവീട്ടില്‍ താമസക്കുന്ന ടി.എന്‍ കുമാര ആണ് മരിച്ചത്;

Update: 2025-05-13 04:39 GMT

ബദിയടുക്ക: ജെ.സി.ബി ഡ്രൈവറെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ പേരാജെ നിധിമല സ്വദേശിയും കന്നിപ്പാടിക്ക് സമീപം പാടലടുക്ക നിടുഗളയിലെ വാടകവീട്ടില്‍ താമസക്കാരനുമായ ടി.എന്‍ കുമാര(26)യെ ആണ് തിങ്കളാഴ്ച വൈകിട്ട് വാടകവീട്ടിലെ അടുക്കളയില്‍ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുമാര അഞ്ചുവര്‍ഷത്തോളമായി നിടുഗളയിലെ വാടക വീട്ടില്‍ താമസിച്ച് ജെ.സി.ബി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുമാരയെ സുഹൃത്ത് പിന്നീട് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതേ തുടര്‍ന്ന് വാടക വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

നിധിമലയിലെ നാരായണി-ജയന്തി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സുമിത്ര ഏക സഹോദരിയാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar News