കിണറ്റില്‍ വീണ പശുക്കിടാവിന് രക്ഷകരായി അഗ്‌നിശമനസേന

കാട്ടുകുക്കേ കന്തേരിയിലെ കൂക്ക എന്നയാളുടെ കാസര്‍കോടന്‍ കുള്ളന്‍ പശുക്കിടാവാണ് കിണറ്റില്‍ വീണത്;

Update: 2025-09-22 05:17 GMT

പെര്‍ള: കിണറ്റില്‍ വീണ പശുക്കിടാവിനെ അഗ്‌നിശമന വിഭാഗം അധികൃതര്‍ രക്ഷിച്ചു. കാട്ടുകുക്കേ കന്തേരിയിലെ കൂക്ക എന്നയാളുടെ കാസര്‍കോടന്‍ കുള്ളന്‍ പശുക്കിടാവാണ് അബദ്ധത്തില്‍ 31 കോല്‍ ആഴവും 20 അടി വെള്ളവും ആള്‍മറയില്ലാത്തതുമായ ഉപയോഗശൂന്യമായ കിണറ്റില്‍ വീണത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. നാട്ടുകാര്‍ക്ക് പശുക്കിടാവിനെ എടുക്കാന്‍ സാധിക്കാതെ വന്നതോടെ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഓഫീസര്‍ വി.എന്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ജെ.എ. അഭയ് സെന്‍ റെസ്‌ക്യൂനെറ്റിന്റെ സഹായത്തോടെ കിണറ്റില്‍ ഇറങ്ങി പശുക്കിടാവിനെ പുറത്തെടുക്കുകയായിരുന്നു. സേനാംഗങ്ങളായ ജെബി ജിജോ, അതുല്‍ രവി, ഫയര്‍ വുമണ്‍ ഒ.കെ. അനുശ്രീ, ഹോം ഗാര്‍ഡ് പി ശ്രീജിത്ത് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Similar News