ബദിയടുക്ക- പെരഡാല ക്ഷേത്ര റോഡിന് ശാപമോക്ഷം; എം.എല്‍.എ ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ അനുവദിച്ചു

Update: 2025-05-19 11:21 GMT

ബദിയടുക്ക: കുണ്ടും കുഴിയും നിറഞ്ഞ് യാത്രാ ക്ലേശം രൂക്ഷമായ പെരഡാല ഉദനേശ്വര ക്ഷേത്ര റോഡ് നവീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ അനുവദിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.ബദിയടുക്കയില്‍ നിന്നും പെരഡാല ക്ഷേത്രം വരേയുള്ള റോഡ് നവീകരിക്കും.

ബദിയടുക്കയില്‍ നിന്നും പെരഡാല ക്ഷേത്രം വഴി തലപ്പാനാജെയിലുടെ മാന്യ വഴി കാസര്‍കോട്ടേക്കും ചെര്‍ളടുക്ക നെല്ലിക്കട്ട വഴി ചെര്‍ക്കളയിലേക്കും പൈക്ക വഴി മുള്ളേരിയയിലേക്കും കന്യപ്പാടി വഴി കുമ്പളയിലേക്കും പള്ളം വഴി ഉക്കിനടുക്ക മെഡിക്കല്‍ കൊളജ്, പെര്‍ളയിലൂടെ കര്‍ണ്ണാടക പുത്തൂരിലേക്കും കടന്ന് പോകുന്ന റോഡാണ് ടാറിംഗ് ഇളകി പൊട്ടിപൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമായി വാഹന യാത്ര ദുസ്സഹമാക്കുന്നത്. ബദിയടുക്ക പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലൂടെ കടന്ന് പതിമൂന്നാം വാര്‍ഡുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.

മഴ പെയ്താല്‍ റോഡിലെ കുഴിയില്‍ മഴ വെള്ളം നിറഞ്ഞ് കിടക്കുന്നത് കാരണം കാല്‍നട യാത്രക്കാരുടെ മേല്‍ ചെളി വെള്ളം തെറിക്കുന്നതും പതിവ് കാഴ്ചയാണ്. തിരഞ്ഞെടുപ്പ് വേളയില്‍  പെരഡാല ക്ഷേത്ര റോഡ് പുനരുദ്ധാരണം നടത്തുന്നതിന് ഫണ്ട് വകയിരുത്തുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉറപ്പുനല്‍കിയിരുന്നു

Similar News