യുവാക്കളെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചതായി പരാതി; നാലുപേര്‍ക്കെതിരെ കേസ്

പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിക്കാര്‍;

Update: 2025-10-03 04:59 GMT

ബദിയടുക്ക: യുവാക്കളെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഷേണി പജ്ജാന പുല്ലോട്ട് ഹൗസിലെ അജീഷ് ജോസഫ്(33), സുഹൃത്ത് ഗണേഷ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. അജീഷിന്റെ പരാതിയില്‍ ജയന്തന്‍, വസന്തന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. അജീഷും ഗണേഷും മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബാഡൂര്‍ ഒണിബാഗിലുവില്‍ വെച്ച് രണ്ട് സ്‌കൂട്ടറുകളിലായെത്തിയ നാലംഗസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമം നടത്തുകയായിരുന്നു.

അജീഷിനെയും ഗണേഷിനെയും ഇരുമ്പ് വടി കൊണ്ടടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അക്രമത്തില്‍ ഗണേഷിന് ഗുരുതരമായി പരിക്കേറ്റു. തടയാന്‍ ചെന്ന അജീഷിനെ ഇരുമ്പ് പൈപ്പ് കൊണ്ട് പുറത്തും കൈക്കും അടിച്ചു. വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

Similar News