ഇതും ഒരു റോഡാണ്: ബേള-കട്ടത്തങ്ങാടി-ചിമ്മിനിയടുക്ക റോഡ് പാതാളക്കുഴിയായി

Update: 2025-09-20 09:57 GMT

നീര്‍ച്ചാല്‍: ഗ്രാമീണ റോഡുകള്‍ പലതും തകര്‍ന്ന് പാതാള കുഴികള്‍ രൂപപ്പെട്ട് യാത്ര ദുസ്സഹമായി. ബദിയടുക്ക പഞ്ചായത്തിലെ 17, 18 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ബേള-കട്ടത്തങ്ങാടി-ചിമ്മിനിയടുക്ക റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് പാതാളക്കുഴി രൂപപ്പെട്ട് വാഹനയാത്ര ദുസ്സഹമായിരിക്കുകയാണ്. ബേള കുമാരമംഗലം ക്ഷേത്രം, ചിമ്മിനിയടുക്ക ത്വാഹ ജുമാ മസ്ജിദ്, മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കന്നുകാലി വളര്‍ത്തുകേന്ദ്രം, കൗമുദി ഗ്രാമീണ നേത്രാലയ എന്നിവിടങ്ങളിലേക്ക് കുമ്പള ഭാഗത്ത് നിന്ന് എത്താവുന്ന റോഡാണ് പൂര്‍ണ്ണമായും തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. മഴവെള്ളം കെട്ടിനിന്ന് റോഡ് ഏതെന്നോ കുഴിയെതെന്നോ അറിയാതെ ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പെടുന്നത് പതിവാണ്. റോഡ് തകര്‍ച്ച സംബന്ധിച്ച് നിരന്തരമായ പരാതിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് 500 മീറ്റര്‍ ടാറിംഗ് നടത്തിയെങ്കിലും ബാക്കി വരുന്ന ഒന്നര കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള അനുബന്ധ റോഡ് കൂടിയാണിത്. കുമ്പള ഭാഗത്ത് നിന്ന് ഇതിലൂടെ മധൂര്‍ ക്ഷേത്രത്തിലേക്കും അതുവഴി കാസര്‍കോട്ടേക്കും ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന റോഡായതിനാല്‍ നിരവധി യാത്രക്കാരാണ് ഇതിനെ ആശ്രയിക്കുന്നത്. അടിയന്തരമായും റോഡിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് യാത്രക്കാരുടേയും നാട്ടുകാരുടേയും ആവശ്യം.

Similar News