പെര്‍ള ഇടിയടുക്കയില്‍ വീടിന്റെ വാതിലുകള്‍ തകര്‍ത്ത് 8 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

മൊത്തം ആറ് ലക്ഷത്തോളം രൂപയുടെ മുതലുകളാണ് മോഷണം പോയത്;

Update: 2025-04-15 05:27 GMT

ബദിയടുക്ക: പെര്‍ള ഇടിയടുക്കയില്‍ വീടിന്റെ വാതിലുകള്‍ തകര്‍ത്ത് എട്ടുപവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്നതായി പരാതി. ഇടിയടുക്കയിലെ കെ അബ്ബാസലിയുടെ ദാറുല്‍ ഹുദ വീട്ടില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍വശത്തെ രണ്ട് വാതിലുകള്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന് അകത്തുകയറി താഴത്തെ നിലയിലെ കിടപ്പുമുറിയില്‍ കടന്ന മോഷ്ടാക്കള്‍ സ്റ്റീല്‍ അലമാര കുത്തിതുറന്ന് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു.

മൊത്തം ആറ് ലക്ഷത്തോളം രൂപയുടെ മുതലുകളാണ് മോഷണം പോയത്. വീട്ടുകാര്‍ മംഗളൂരുവിലെ സഹോദരി പുത്രന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. സാധാരണ പുറത്തുപോകുമ്പോള്‍ വീടിന്റെ ചുമതല വിശ്വസ്തനായ ആളെ ഏല്‍പ്പിക്കാറുണ്ട്. ഇത്തവണയും അങ്ങനെയൊരാളെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ വിശ്വസ്തന്റെ കണ്ണുവെട്ടിച്ചാണ് കവര്‍ച്ച നടത്തിയതെന്നാണ് വീട്ടുകാര്‍ കരുതുന്നത്. കവര്‍ച്ച സംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. വീട്ടുകാര്‍ പുറത്തുപോയ വിവരം അറിഞ്ഞവര്‍ തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ടവരെ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Similar News