നിരത്തില്‍ കരുത്തനാവാന്‍ കിയ സിറോസ്. ഫീച്ചറുകളുടെ മായാജാലം

Update: 2024-12-20 09:03 GMT

പുതുവര്‍ഷത്തില്‍ വാഹന പ്രേമികളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടാന്‍ കിയോ സിറോസ് എസ്.യു.വി എത്തുന്നു. സോനറ്റിന് ശേഷം നാല് മീറ്ററില്‍ താഴെയുള്ള കിയയുടെ രണ്ടാമത്തെ മോഡലായ സിറോസ് കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലാണ് വിപണിയിലേക്കെത്തുന്നത്. പിന്നിലിരിക്കുന്നവര്‍ക്ക് കൂടി കൂടുതല്‍ പരിഗണന നല്‍കി രൂപം നല്‍കിയ സിറോസില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുമുണ്ട്. ബംബറുകളുടെ അരികിലുള്ള എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ഡ്രോപ്ഡൗണ്‍ എല്‍.ഇ.ഡി ഡി.ആര്‍.എല്‍, കോണ്‍ട്രാസ്റ്റിംഗ് സില്‍വര്‍ ട്രിം എന്നിവയാണ് സിറോസിന്റെ മുന്‍ഭാഗത്തെ ആകര്‍ഷണങ്ങള്‍. വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളില്‍ ചങ്കി പ്ലാസ്റ്റിക് ക്ലാഡിംഗ്, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, 3-പെറ്റല്‍ ഡിസൈനുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഫ്രോസ്റ്റ് ബ്ലൂ, പ്യൂറ്റര്‍ ഒലിവ്, അറോറ ബ്ലാക്ക് പേള്‍, ഇന്റെന്‍സ് റെഡ്, ഗ്രാവിറ്റി ഗ്രേ, ഇംപീരിയല്‍ ബ്ലൂ, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നിങ്ങനെ എട്ട് കളര്‍ ഓപ്ഷനുകളിലാണ് കിയോ സിറോസ് ലഭ്യമാവുക.

സിറോസിന്റെ ഇന്റീരിയറും ഏറെ ശ്രദ്ധിക്കപ്പെടും . ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്പ്ലേകളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായുള്ള ഒ.ടി.എ അപ്ഡേറ്റുകള്‍, ഇന്‍-കാര്‍ കണക്റ്റിവിറ്റി ടെക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിവയും എടുത്ത് പറയേണ്ടതാണ്. ഒപ്പം 8-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ചാരിയിരിക്കാവുന്നതും സ്ലൈഡുചെയ്യാവുന്നതുമായ രണ്ടാം നിര സീറ്റുകള്‍, സെന്റര്‍ ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ്-ഫോള്‍ഡിംഗ് ഫംഗ്ഷന്‍, ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവയും കിയ സിറോസിനെ വ്യത്യസ്തമാക്കും.ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ പുതിയ സിറോസിന്റെ വില പ്രഖ്യാപിച്ചേക്കും.

Similar News