വാമൊഴിക്ക് മഷിപുരളുമ്പോള്‍... എഴുത്തിന്റെ വേറിട്ട വഴിയേ സി. അമ്പുരാജ്
വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്ത് വായിച്ച് ഒരിക്കല്‍ അനിയന്‍ അബ്ദുല്‍ ഖാദര്‍ ചോദിച്ചു 'ഇതില്‍ ആഖ്യവും ആഖ്യാതവും എവിടെ' എന്ന്. ഇത് ബഷീര്‍ തന്നെ തന്റെ രചനയിലൂടെ വായനക്കാരുമായി പങ്കുവെച്ചിട്ടുമുണ്ട്. മലയാള സാഹിത്യം അന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ഭാഷാശൈലിക്ക് ബഷീര്‍ തുടക്കം കുറിക്കുകയായിരുന്നു. ജീവിതം സാക്ഷ്യപ്പെടുത്തുന്ന സാഹിത്യസൃഷ്ടികള്‍ക്ക് അളന്നുമുറിച്ച ഭാഷാ ശൈലിയുടെ ആവശ്യമില്ലെന്ന് ബഷീര്‍ തെളിയിക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് ബഷീര്‍ തന്നെ മലയാള സാഹിത്യത്തില്‍ ഒരു ബഷീറിയനിസം സൃഷ്ടിക്കുകയായിരുന്നു. വാമൊഴികള്‍ക്ക് അച്ചടിയുടെ മഷി പുരണ്ടതോടെ വായനക്കാരില്‍ പുതിയൊരു വായനാ-എഴുത്ത് സംസ്‌കാരത്തിനുകൂടി തുടക്കമായി.
ബഷീര്‍ കൃതികളില്‍ ആകൃഷ്ടനായി സാഹിത്യരചനകളില്‍ തന്റേതായ ഇടം കണ്ടെത്തിയ ഒരു മലബാറുകാരനുണ്ട് കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത്; സി. അമ്പുരാജ്. ബഷീറിന്റെ കാര്യത്തില്‍ നിരൂപകര്‍ പറയാറുള്ളത് പോലെ ജീവിതത്തിന്റെ വിവര്‍ത്തനമാണ് കഥ എന്ന് സി. അമ്പുരാജിന്റെ കാര്യത്തിലും കാണാനാവും. പ്രാദേശികമായ മൊഴിവഴക്കങ്ങളുടെ പകിട്ടും ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യവും നിഷ്‌കളങ്കതയും ജീവിതത്തില്‍ മുക്കിയെടുത്ത മനുഷ്യരും മൃഗങ്ങളും പുഴയും മത്സ്യവും കൂടിച്ചേര്‍ന്ന സര്‍ഗാത്മകതയുടെ ഒരു ഹെര്‍ബേറിയം അമ്പുരാജിന്റെ കൃതികളില്‍ കാണാന്‍ കഴിയുന്നു എന്നാണ് പ്രമുഖ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം പറഞ്ഞത്.
സി. അമ്പുരാജിന്റെ 'നരിത്തലയുള്ള നാലണയും', 'തീയ്യക്കുഞ്ഞിന്റെ ചൂട്ടും' നാട്ടുജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളും കഥാകാരന്‍ കടന്നുപോയ തീക്ഷ്ണമായ അനുഭവങ്ങളും ഉള്‍ച്ചേര്‍ന്നതാണ്. നീലേശ്വരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒരുകൂട്ടം മനുഷ്യര്‍ കഥാപാത്രങ്ങളായി വരുന്ന രചനകള്‍. നരിത്തലയുള്ള നാലണയില്‍ കഥാകാരന്‍ പിന്നിട്ട വഴികളില്‍ അനുഭവിച്ച യാഥാര്‍ത്ഥ്യങ്ങള്‍ കഥയായി പ്രത്യക്ഷപ്പെടുമ്പോള്‍ തീയക്കുഞ്ഞിന്റെ ചൂട്ടില്‍ ഇതേ അനുഭവങ്ങള്‍ മേമ്പൊടി ചാര്‍ത്തിയ കഥകള്‍ നോവല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്.
എഴുത്തിന്റെ തുടക്കകാലത്ത് സി. അമ്പുരാജ് സാഹിത്യഭാഷയിലൂടെ കുറേ കഥകള്‍ എഴുതി. പ്രണയം പ്രമേയമായി വരുന്നവയായിരുന്നു ഏറെയും. സാവിത്രിക്കുട്ടി, സന്ധ്യാരാഗം, വിഷാദസന്ധ്യകള്‍, സുനന്ദ പറഞ്ഞ കഥ, കൊശവന്‍ കുന്നിലെ കാക്കോത്തി പക്ഷി ഇങ്ങനെ നീളുന്നു. പിന്നെപിന്നെ എഴുതുന്നത് 'തന്നെയല്ല' എന്ന തിരിച്ചറിവുണ്ടായി. ഈ തിരിച്ചറിവിലേക്കുള്ള പാത തുറക്കുന്നത് ബഷീറിന്റെ കൃതികള്‍ വായിച്ചതിലൂടെയായിരുന്നു. 'പാത്തുമ്മായുടെ ആടും' എന്‍. പ്രഭാകരന്റെ കഥകളും സി. അമ്പുരാജിനെ ഏറെ സ്വാധീനിച്ചു. സ്വന്തം അനുഭവങ്ങളുടെ തുറന്നുപറച്ചിലില്‍ ആശ്വാസവും ആത്മസംതൃപ്തിയും കണ്ടെത്തുകയായിരുന്നു അദ്ദേഹം. ആ തുറന്നുപറച്ചിലുകളെ കഥയെന്നോ അനുഭവങ്ങളെന്നോ വായനക്കാരന് വിളിക്കാം. 'ഒരു പാവം അമ്പൂഞ്ഞിയുടെ ജീവിതം' എന്നാണ് അദ്ദേഹം സ്വയം തന്റെ രചനകളെ വിശേഷിപ്പിക്കുന്നത്. തകഴി, ബഷീര്‍, എസ്.കെ പൊറ്റക്കാട്, മുട്ടത്തുവര്‍ക്കി, എം.ടി തുടങ്ങിയ സാഹിത്യകാരന്‍മാരെയൊക്കെ പരിചയപ്പെടുന്നത് യു.പി സ്‌കൂള്‍ പഠനകാലത്താണ്. വായനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദേശാഭിമാനിയിലേക്ക് ചടങ്ങുകള്‍ ചട്ടങ്ങള്‍ എന്ന കഥ എഴുതി അയച്ചത് അച്ചടിച്ചുവന്നു. അന്നത്തെ ദേശാഭിമാനി എഡിറ്ററായിരുന്ന എം.എന്‍ കുറുപ്പാണ് കുഞ്ഞമ്പു എന്ന പേര് മാറ്റി അമ്പുരാജ് എന്നാക്കുന്നത്.
ജനിച്ച് ഏഴാം ദിവസം അമ്മ നഷ്ടപ്പെട്ടു. അമ്മയ്ക്ക് പിന്നാലെ ഏകാകിയായ അച്ഛനും എങ്ങോട്ടോ പോയി. പിന്നീട് അമ്മമ്മയുടെയും അമ്മമ്മയുടെ സഹോദരിയുടെയും തണലില്‍. ഇതൊക്കെ അമ്പുരാജ് സ്വതസിദ്ധമായ ശൈലിയിലൂടെയും നാടിന്റെ പരമ്പരാഗത വിശ്വാസങ്ങളെ കണ്ണിചേര്‍ത്തുമാണ് വിവരിക്കുന്നത്. മലയാള സാഹിത്യത്തില്‍ നവീനമായൊരു ചിന്താധാരകള്‍ക്കാണ് തീയക്കുഞ്ഞിന്റെ ചൂട്ട് തിരികൊളുത്തിയിടുന്നത്. എഴുത്തുകാരന്റെ കുട്ടിക്കാലം മുതല്‍, അതായത് ആറ് പതിറ്റാണ്ടുകള്‍ക്കുമപ്പുറം മുതല്‍ ഇങ്ങോട്ടുള്ള ഓര്‍മകള്‍ നാട്ടുവര്‍ത്തമാനത്തിന്റെ ശൈലിയില്‍ പകര്‍ത്തിയെഴുതുകയാണ്. കയ്യൂക്കും സമ്പത്തും കരുത്തായുള്ളവരും ബന്ധങ്ങളില്‍പ്പെട്ടുഴലുന്ന ജീവിതങ്ങളും സൗഹൃദങ്ങളും അതിജീവനവും രാഷ്ട്രീയവും എല്ലാം നോവലില്‍ അനുഭവങ്ങളുടെ കഥാതന്തുക്കളായി പ്രത്യക്ഷപ്പെടുന്നു.
പാക്കറ് കുഞ്ഞിരാമന്റെ ആത്മഹത്യയും പാപഭാരം പേറി കുറ്റപ്പെടുത്തലില്‍ ജീവിതം കഴിക്കേണ്ടി വരുന്ന ഭാര്യ വെള്ളച്ചിയുമാണ് തീയക്കുഞ്ഞിന്റെ ചൂട്ടിലെ ആദ്യഭാഗമായ കാലിയാനില്‍ പ്രത്യക്ഷപ്പെടുന്നത്. സ്‌നേഹം ആവോളം ഭാര്യക്ക് നല്‍കിയ കുഞ്ഞിരാമന്‍. അസ്വാഭാവിക നിമിഷത്തില്‍ ഏറ്റക്കാരന്‍ അപ്പയോട് വെള്ളച്ചിക്ക് തോന്നുന്ന അഭിനിവേശം. പിന്നീടുണ്ടാവുന്ന ജീവിതസംഘര്‍ഷങ്ങള്‍. ഇവയെല്ലാം വളരെ നൈര്‍മല്യതയോടെയാണ് നോവലിന്റെ ആദ്യഭാഗത്ത് അവതരിപ്പിക്കുന്നത്. പിന്നീടങ്ങോട്ട് കഥപറച്ചിലിന്റെ മുക്കിലും മൂലയിലും വെള്ളച്ചിയെയും പാക്കറ് കുഞ്ഞിരാമനെയും പോലെ നിസംഗതയും നിഷ്‌കളങ്കതയും ഉള്‍ച്ചേര്‍ന്ന ജീവിതങ്ങള്‍ കാണാം.
തേജസ്വിനിയുടെ കരയിലുള്ള കയ്യൂരും പാലായിയും ചാത്തമത്തും കാര്യങ്കോടും പൊടോത്തുരുത്തിയുമൊക്കെ നോലവിലെ കഥാവിളനിലങ്ങളാവുമ്പോള്‍ എങ്ങനെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ഇടപെടലുകളും നോവലില്‍ നിന്ന് ഒഴിവാക്കാനാവും. പുള്ളിപ്പുലിയുടെ പുള്ളിപോലെ കഴുകിക്കളയാന്‍ പറ്റാത്ത വിധത്തില്‍ ഒരു ഐഡന്റിഫിക്കേഷന്‍ മാര്‍ക്കായി കമ്യൂണിസ്റ്റ് പാര്‍ട്ടി തന്റെ ആത്മാവിലുണ്ടെന്നാണ് അമ്പുരാജ് പറയുന്നത്. അമ്മാവന്‍ സി.എം കൃഷ്ണനിലൂടെ പരിചയപ്പെട്ട നേതാക്കന്‍മാരും പുസ്തകവായനയും പാര്‍ട്ടിഗ്രാമത്തിലെ രാഷ്ട്രീയ അന്തരീക്ഷവും അമ്പുരാജിന്റെ രാഷ്ട്രീയ വീക്ഷണത്തെ വിശാലമാക്കി. എന്നാല്‍ ഇതേ പാര്‍ട്ടി ഗ്രാമത്തിലുള്ളവര്‍ ഒരു ഘട്ടത്തില്‍ ക്ഷേത്രത്തിലെ ആചാരം കൊള്ളാന്‍ വിസമ്മതിച്ചതിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതും അമ്പുരാജ് ഓര്‍ക്കുന്നു. ഉത്തര കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഏടുകള്‍ ഉള്ളടക്കമായി വരുന്ന 'ചോപ്പിന്റെ സമരസാക്ഷ്യം' എന്ന പുസ്തകവും അമ്പുരാജ് എഴുതിയിട്ടുണ്ട്.
ഉത്തരമലബാറിലെ ഒരു നാടും ഒരു കൂട്ടം മനുഷ്യരും കഥാപാത്രങ്ങളായി വരുന്ന നോവലില്‍, സ്വാഭാവികമായും അവിടെ മുത്തപ്പനും വിഷ്ണുമൂര്‍ത്തിയും വൈരജാതനും നാട്ടുപരദേവതയും ഉണ്ടാവും. ഗ്രാമീണരുടെ സങ്കടങ്ങള്‍ അകറ്റാന്‍ കെട്ടിയാടുന്ന തെയ്യക്കോലങ്ങള്‍. അനുഗ്രഹം ചൊരിഞ്ഞ് ഉറഞ്ഞാടുന്ന ഭഗവതികള്‍. ആപത്ത് സംഭവിക്കുമ്പോള്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ കയ്യൂര്‍ക്കര ഭഗവതിയും പരദേവതയുമായിരുന്നു ആശ്രയം. ഏറാന്‍ തെങ്ങില്‍ കയറിയ ചന്തന്‍ വീണുമരിച്ചപ്പോള്‍ ഭാര്യ കുഞ്ഞാച്ച രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ച് വിതുമ്പിയത് 'എന്റെ കയ്യൂര്‍ക്കര ഭഗവതീ... രക്ഷിക്കാമായിരുന്നില്ലേ' എന്നായിരുന്നു. നിയമവ്യവസ്ഥകള്‍ അധികാരമേലാളന്‍മാര്‍ക്ക് അനുകൂലമായി നിലകൊണ്ടിരുന്ന കാലത്ത് തെയ്യക്കോലങ്ങള്‍ക്ക് മുന്നിലെത്തി സത്യം വിളിച്ചുപറയാന്‍ കാത്തിരുന്നവരും ഉണ്ടായിരുന്നു. ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍ക്കുള്ളിലെ മനുഷ്യന്റെ നീറുന്ന അനുഭവങ്ങളും നോവലിലുണ്ട്. മാടമ്പികളുടെ കയ്യാല്‍ ശാരീരികോപദ്രവം ഏറ്റുവാങ്ങി മരണപ്പെട്ട നാരായണിയുടെ ചേതനയറ്റ ദേഹം കണ്ട് പതറിപ്പോവുന്ന അച്ഛന്‍ രാമന്‍ പെരുവണ്ണാന്റെ നിസ്സഹായതയും നോവലില്‍ കാണാം. നാരായണി കൊലക്കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടപ്പോള്‍ ചങ്കുതകര്‍ന്ന ഏക സാക്ഷി കളത്തേര കണ്ണന് കരഞ്ഞുപറയാന്‍ ആശ്രയം പിന്നെ കയ്യൂര്‍ക്കര ഭഗവതിയായിരുന്നു.
നരിത്തലയുള്ള നാലണയും തീയക്കുഞ്ഞിന്റെ ചൂട്ടും മികച്ച വായനാനുഭവം നല്‍കുന്നതിനൊപ്പം ഒരു ഗ്രാമത്തിലെ ജീവിതങ്ങളില്‍പെട്ട മനുഷ്യരായി വായനക്കാരനും മാറും. പൊടോത്തുരുത്തിയില്‍ നിന്ന് കാല്‍നടയായി മംഗലാപുരം സുബ്രഹ്മണ്യത്തേക്ക് കാലികളെ വാങ്ങാന്‍ പോകുന്ന സംഘത്തിലെ ഒരാളാവാനും ഗ്രാമത്തിന്റെ നേര്‍ക്കാഴ്ചയായ ആഴ്ചചന്തയിലേക്ക് എത്തുന്നവരില്‍പ്പെടാനും ഉറഞ്ഞുതുള്ളുന്ന ഭഗവതിക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന നിസ്സഹായ ജീവിതങ്ങള്‍ക്കിടയിലൊരുവനാവാനും വായനക്കാരനാവുന്നു. നീലേശ്വരത്തിന്റെ വര്‍ത്തമാന ഭാഷയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നീളുന്ന നോവലില്‍ വന്നുപോയ്ക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെയൊക്കെ എവിടെയൊക്കെയോ കണ്ടുമുട്ടിയതല്ലേ എന്ന തോന്നലുളവാക്കും വിധമാണ് എഴുത്ത്. ഹൃദയത്തില്‍ കൊണ്ടുനടന്നവയൊക്കെ അമ്പുരാജ് കഥാംശം പകര്‍ന്ന് നോവല്‍ രൂപത്തിലാക്കിയപ്പോള്‍ അത് ഒരു നാടിന്റെ പിന്നിട്ടവഴികളെ സ്മരിക്കാനുള്ള ഉപാധിയായും മാറുകയായിരുന്നു.
'ഇനിയും കുറേ യാത്ര ചെയ്യണം. ഇങ്ങനെ യാത്രകളും കുറേ കാഴ്ചകളും അനുഭവങ്ങളും തന്നെയല്ലേ ജീവിതം. എസ്.കെ പൊറ്റക്കാടോ സന്തോഷ് ജോര്‍ജ് കുളങ്ങരയോ ആയില്ലെങ്കിലും പൊടോത്തുരുത്തിയിലെ കുഞ്ഞമ്പുവിനുമുണ്ടല്ലോ പറയാന്‍ കുറേ കാര്യങ്ങള്‍...' അമ്പുരാജ് പറഞ്ഞു നിര്‍ത്തുന്നു.