തെരുവ് നായ്ക്കളുടെ കടിയേറ്റവരും നായയുടെ കടിയേറ്റ് ഉറ്റവരെ നഷ്ടപ്പെട്ടവരും അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും മറ്റുള്ളവര്‍ക്ക് മനസിലാകില്ലെന്ന ഹൈക്കോടതിയുടെ പരാമര്‍ശം തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരകളായവരുടെ വികാരം പ്രതിഫലിപ്പിക്കുന്നതാണ്.
തെരുവ്‌നായ ആക്രമണവും പേവിഷബാധയും ഇപ്പോള്‍ കേരളമൊട്ടാകെ ചര്‍ച്ചചെയ്യുകയാണ്. ഇതുവരെ നിരവധിപേര്‍ പേവിഷ ബാധയേറ്റ് മരണപ്പെടാനിടയായ സാഹചര്യം കേരളത്തിലെ ജനങ്ങളെ ഞെട്ടലിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക രേഖകള്‍ പ്രകാരം ഇവരില്‍ പലരും പ്രതിരോധ കുത്തിവെപ്പ് എടുത്തവരുമാണ്. ഈയൊരു സാഹചര്യത്തില്‍ റാബീസ് വാക്‌സിന്റെ നിലവാരം, തെരുവ് നായകളുടെ നിയന്ത്രണം, പുനരധിവാസം, എ.ബി.സി. പ്രോഗ്രാം തുടങ്ങി ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍ അക്രമകാരികളായ നായ്ക്കളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും അത്തരം നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍ നിന്നും മാറ്റണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശവുമുണ്ടായി.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം നായയുടെ കടിയേറ്റ് 20,000 പേര്‍ മരിക്കുന്നുണ്ട്. ലോകത്ത് പേവിഷബാധയേറ്റ് മരിക്കുന്നവരില്‍ 36 ശതമാനവും ഇന്ത്യയിലാണ്. തെരുവുനായ ആക്രമണങ്ങളും പേവിഷബാധയേറ്റുള്ള മരണവും കൂടിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ സ്ഥിതിയില്‍ നായകളെ മനുഷ്യന്‍ ശത്രുപക്ഷത്ത് കാണുകയും കൂട്ടത്തോടെ കൊല്ലുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് ഒരു സാമൂഹിക പ്രശ്‌നമാണെന്ന് മനസിലാക്കുകയും തെരുവുനായ പ്രശ്‌നത്തെ ശാസ്ത്രീയമായും സമാധാനപരമായും എങ്ങനെ നേരിടാം എന്ന് പരിശോധിക്കുകയുമാണ് വേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. പെട്ടന്ന് ഒരു പരിഹാരം കാണാവുന്ന വിഷയമല്ല എന്ന് മനസിലാക്കുകയും വേണം. തെരുവുനായ വിഷയത്തില്‍ പ്രാദേശികമായി, പ്രശ്‌നം അടിസ്ഥാനപ്പെടുത്തി വികേന്ദ്രീകൃതമായിവേണം പരിഹാരം കാണാന്‍. അതായത് കേരളത്തിലെ ഇരുപതിനായിരം വാര്‍ഡുകളില്‍ പ്രശ്‌നബാധിത പ്രദേശങ്ങളെ ഓരോ കാറ്റഗറികളിലായി മാറ്റി അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വേണ്ടത്. ഓരോ വാര്‍ഡിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ നായകളുടെ കണക്കെടുക്കുകയും അവയെ വീട്ടുടമസ്ഥന്റെ കീഴിലുള്ളത്, തെരുവില്‍ പെറ്റുവളരുന്നത്, തെരുവില്‍ കൊണ്ടുവിട്ടത്, പുറത്തുനിന്ന് വന്നവ, അക്രമസ്വഭാവമുള്ളവ തുടങ്ങി ഓരോ ഗണത്തില്‍ ഉള്‍പ്പെടുത്തി ആവശ്യമായ നടപടികളെടുക്കണം.
അക്രമകാരികളായ നായകളെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റുകയും മെരുക്കിയെടുക്കാന്‍ പറ്റാത്തവയെ നിയമം അനുശാസിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയും വേണം. ഇത്തരത്തില്‍ ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം നടത്തിയാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.
എ.ബി.സി തെരുവുനായ വര്‍ധനവിനെതിരെ തെളിയിക്കപ്പെട്ട ഒരു രീതിയാണ്. കുഴപ്പം എ.ബി.സിയുടേതല്ല, പക്ഷെ അത് നടപ്പിലാക്കിയ രീതിയുടേതാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഘട്ടം ഘട്ടമായി തെരുവുനായ പ്രശ്‌നം രൂക്ഷമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വേണം ഇത് നടപ്പിലാക്കാന്‍. തെരുവുകളില്‍ നിന്ന് ഭക്ഷണം കിട്ടാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് തെരുവുനായകളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ആദ്യപടി. തെരുവ് മാലിന്യത്തില്‍ നിന്ന് ഭക്ഷണം കിട്ടുമ്പോള്‍ അവ അവിടെ പെറ്റുപെരുകുകയും മനുഷ്യനോട് അടുപ്പമില്ലാതാവുകയും ചെയ്യും. ഇത്തരത്തില്‍ നായകളുടെ ഒരു കൂട്ടം രൂപപ്പെടുമ്പോള്‍ അവയ്ക്ക് ഇരകളെ കൂട്ടമായി വേട്ടയാടാനും ആക്രമിക്കാനുമുള്ള പ്രവണതയുണ്ടാവുകയും ചെയ്യും. കേരളത്തിന്റെ സ്ഥിതി പരിശോധിച്ചാല്‍ മനുഷ്യരുമായി ബന്ധമില്ലാതെ തെരുവില്‍ കഴിയുന്ന നായകളുടെ എണ്ണം വളരെ കൂടുതലാണ്.