ഗഫൂര്‍ ബാക്കിവെച്ചുപോയ മധുരിക്കുന്ന ഓര്‍മ്മകള്‍...

Update: 2025-07-30 10:20 GMT

കര്‍ക്കടത്തിലെ തിമിര്‍ത്തു പെയ്ത മഴയോടൊപ്പം ഹൃദയത്തെ പിളര്‍ത്തി വന്ന സുഹൃത്ത് അടുക്കത്ത് ബയല്‍ ഗഫുറി ന്റെ മരണ വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമായി. നഷ്ടപ്പെട്ടത് പഴയ സുഹൃത്താണെങ്കിലും നഷ്ടപ്പെടാതെ സൂക്ഷിച്ചു വെച്ച ഒരു സുഹൃദ്ബന്ധമായിരുന്നു 'ചെറിയ ഗഫുരിന്റെ' വേര്‍പാട്. യു.പി സ്‌കൂള്‍ കാലം തൊട്ട് വേര്‍പിരിയുന്നത് വരെ അറ്റ് പോകാത്ത ഒരു കണ്ണിയായി ഞങ്ങളത് നിലനിര്‍ത്തുകയും ചെയ്തു.

ഞങ്ങളന്ന് അടുക്കത്ത്ബയല്‍ യു.പി സ്‌കുളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. സ്‌കൂളിന്റെ തൊട്ടടുത്തുള്ള മഴവെള്ളം ഒഴുകുന്ന ഒരു ചെറിയ അരുവിയില്‍ ഗഫുറിനോടൊത്ത് ഞങ്ങള്‍ ഉടുതുണി വിരിച്ചു ചെറിയ ചെറിയ മീനുകളെ പിടിച്ചു രസിക്കുന്ന കാലം. ഒരു ദിവസം സ്‌കൂള്‍ വിട്ട് വന്ന് ഞങ്ങള്‍ നേരെ അരുവിയില്‍ ഇറങ്ങി. ഗഫൂര്‍ തന്റെ ഉടുതുണി വിരിച്ച് മീന്‍ പിടിക്കാനുള്ള ഒരുക്കത്തിലും. തുണിയുടെ കൊന്തല പിടിക്കാന്‍ ഞാനും കൂടി. പിന്നില്‍ നിന്നും ഞങ്ങളറിയാതെ ചൂരലുമായി വന്ന ടീച്ചറുടെ പെട.. പെടാ പൊട്ടുന്ന ശബ്ദം ഗഫൂറിന്റെ തുടക്ക് ആഞ്ഞു പതിച്ചപ്പോഴാണ് ഞങ്ങളറിയുന്നത്. ഗഫൂറടക്കം ഞങ്ങള്‍ നാലു പാടും ചിതറിയോടി. അവരവരുടെ വീട്ടിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്.

അതെ യു.പി സ്‌കൂളിലെ ഏഴം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഒരു ശക്തമായ ഫുട്‌ബോള്‍ ഗ്രൂപ്പ് ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്.

മൊഗ്രാലിലെ പി.സി ആസിഫും കുമ്പളയിലെ എഞ്ചിനീയര്‍ അഷ്റഫും ഹമീദും ചെറിയ ഗഫുറും മോഹനനും അലാമ്പി ഹോട്ടല്‍ ചന്ദ്രനും, എരിയാലിലെ ലത്തീഫും ഷാഫിയും എന്റെ അനുജന്‍ കാദറും അടങ്ങിയ ഫുട്ബോള്‍ ഗ്രൂപ്പ് അടുക്കത്ത്ബയല്‍ സ്‌കൂള്‍ മൈതാനത്തെ പലപ്പോഴും പ്രകമ്പനം കൊള്ളിച്ചിരുന്നു. കളിയില്‍ മാത്രമല്ല, കളി കഴിഞ്ഞു കൂട്ടത്തല്ലില്‍ എത്തുമ്പോഴും ഗഫൂര്‍ ഒരു പക്ഷം ചേര്‍ന്ന് നല്ല ഉശിരോടെ വാദിക്കുമായിരുന്നു. അത് ചിലപ്പോള്‍ ഫുട്‌ബോള്‍ കളിയെക്കാളും കാണാന്‍ ഞങ്ങള്‍ക്ക് വലിയ രസമായിരുന്നു. ഗഫൂര്‍ എന്ന കഥാപാത്രം ഞങ്ങളുടെ കൂടെ അന്നില്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ യു.പി സ്‌കൂള്‍ ജീവിതംതന്നെ മാറി മറിഞ്ഞേനെ. ഇനി സ്‌കൂളില്‍ എത്ര അടിപിടി കൂടിയാലും പിറ്റേ ദിവസം അതൊക്കെ ആറിത്തണുത്തുപോകും. വീണ്ടും സഹപാഠി കൂട്ടങ്ങള്‍ക്ക് ജീവന്‍വെക്കും. അങ്ങനെ സ്‌കൂള്‍ ജീവിതത്തിലെ ആറ് വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല.

നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സഹപാഠികളെ തേടി വീണ്ടും പട്‌ല അബൂബക്കര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രുപീകരിക്കുമ്പോഴും വളരെ ഉത്സാഹത്തോടെയാണ് ഗഫൂര്‍ അതില്‍ അംഗമായതും ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ മുന്‍പന്തിയില്‍ നിന്നു അതിനെ നിയന്ത്രിച്ചതും.

സുഹൃത്തെ, പാദങ്ങള്‍ മാത്രം പതിച്ചു കടന്നു പോയവനല്ല നീ. പാദമുദ്രകള്‍ അവശേഷിപ്പിക്കുകയും കര്‍മ്മങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തുകയും ചെയ്താണ് നീ ഞങ്ങളില്‍ നിന്നും മറഞ്ഞു പോയത്.

ഞങ്ങളും മണ്ണിനോടൊപ്പം ചേരുന്നിടത്തോളംകാലം നിന്നെ മറക്കാനാവില്ല. നാഥാ, സ്‌നേഹിതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ... ആമീന്‍.

Similar News