രാജ്യത്ത് സ്ത്രീധന പീഡനം മൂലം സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ആശങ്കയുണര്‍ത്തും വിധം വര്‍ധിക്കുകയാണ്. വിസ്മയ, വിഷ്ണുജ, വിപഞ്ചിക, അതുല്യ ഇരകളുടെ പട്ടിക നീളുകയാണ്. കേരളത്തില്‍ കഴിഞ്ഞ കാലങ്ങളിലായി സ്ത്രീധന പീഡന മരണം എന്നത് ഒരു സാധാരണ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇത്തരം കേസുകളുടെ ഉയര്‍ന്ന് വരുന്ന നിരക്ക് പേടിപ്പെടുത്തുന്നതാണ്. ജീവന് വിലമതിക്കാനാവില്ലെന്നുള്ള വസ്തുത ഊട്ടിയുറപ്പിച്ചുകൊണ്ട് സാമ്പത്തിക സഹായങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന നാട്ടിലാണ് സ്വര്‍ണത്തിന്റെയും പണത്തിന്റെയും ത്രാസില്‍ പെണ്‍കുട്ടികളെ അളക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമുള്ള നാട്ടില്‍ 28 കുടുംബകോടതികളിലായി ഒന്നേകാല്‍ ലക്ഷം കേസുകളാണുള്ളത്. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ കുടുംബത്തിന് സമൂഹം കല്‍പ്പിച്ച് നല്‍കുന്ന ഉത്തരവാദിത്വമാണ് 'നല്ലനിലയില്‍' കെട്ടിച്ചുവിടുക എന്നത്. 'നല്ലനിലയില്‍' കെട്ടിക്കുന്നതിന് വേണ്ടിയാവും പിന്നീട് മാതാപിതാക്കള്‍ അവരുടെ ഉറക്കം കളയുക. ഉള്ളതെല്ലാം വിറ്റുപെറുക്കി, കടം വാങ്ങി തന്നാല്‍ കഴിയുന്നതിലും വലിയ സ്ത്രീധനം കൊടുത്ത് മക്കളെ കല്ല്യാണം കഴിപ്പിക്കും. തിരുവനന്തപുരത്ത് വലിയ സ്ത്രീധന തുക കൊടുക്കാന്‍ കഴിയാത്തതിനാല്‍ പ്രണയം നിരസിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവും സ്ത്രീധന പീഡനനിരോധന നിയമത്തിന്റെ പരിധിയില്‍ വരും. സ്ത്രീധന പീഡനം ക്രിമിനല്‍ കുറ്റമാണ്. വിവാഹച്ചിലവിന് എന്ന പേരില്‍ വധുവിന്റെ വീട്ടില്‍ നിന്ന് വാങ്ങുന്ന പണവും സ്ത്രീധനത്തിന്റെ പരിധിയില്‍ വരുന്നതാണ്. വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങള്‍ പോലും രേഖയായി സൂക്ഷിക്കണമെന്നതാണ് നിയമം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവാഹിതരാകുമ്പോള്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടോ വാങ്ങിയിട്ടോ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കാണാം. കേരള ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2020 ജനുവരി മുതല്‍ 2025 വരെയുള്ള കാലയളവില്‍ 90,450 കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഭര്‍ത്താക്കന്മാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പീഡനങ്ങള്‍ തന്നെയാണ്. വിവാഹിതരായ സ്ത്രീകള്‍ ഭര്‍തൃവീടുകളില്‍ നേരിടുന്ന പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മൂന്നില്‍ ഒരു സ്ത്രീ പങ്കാളിയില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഭര്‍ത്തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നതിന്റെ പ്രധാന കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീധനപീഡനങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണവും നടപടികളും കൂടുതല്‍ കര്‍ക്കശമാക്കണം.