ഒന്നാം സ്വഫില്‍ ഇനിയാ സാന്നിധ്യമുണ്ടാവില്ല...

Update: 2025-07-29 10:13 GMT

ഓര്‍മ്മകളുടെ തീരത്തേക്ക് ആ നന്മയുടെ തിരയും മടങ്ങുകയാണ്. ആലിമീങ്ങളെയും സയ്യിദന്മാരെയും ഹൃദയംകൊണ്ട് ആദരിക്കാനും അവരുടെ ഖാദിമാകാന്‍ പോലും കൊതിച്ചു ജീവിച്ച കുദിങ്കില ടി.കെ മുഹമ്മദ് ഹാജി യാത്രയായി. നാട്ടിലെത്തുന്ന സയ്യിദന്മാര്‍ക്കും ആലിമീങ്ങള്‍ക്കും വിശ്രമിക്കാന്‍ മാത്രം വീട്ടില്‍ ഒരു മുറി തന്നെ അദ്ദേഹം ഒരുക്കിയിരുന്നു. അനാരോഗ്യം നിരന്തരം വേട്ടയാടുമ്പോഴും ജമാഅത്തിന് കഴിയുന്ന സമയത്തൊക്കെ പള്ളിയിലേക്ക് ഓടിയിയെത്തിയിരുന്നു. നീണ്ടകാലം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് ജീവിതത്തെ പറിച്ചു നടുമ്പോള്‍ താങ്കള്‍ എന്തുനേടി എന്ന ചോദ്യത്തിന് റബ്ബിന്റെ മുന്നിലും നാട്ടുകാരുടെ മുന്നിലും ഉത്തരം പറയാന്‍ വ്യക്തമായൊരു അടയാളം തന്റെ നാട്ടില്‍ ബാക്കി വെച്ചാണ് ആ മനുഷ്യന്‍ യാത്രയായത്.

കുദിങ്കിലയില്‍ സുന്ദരമായ പള്ളിയും മദ്രസയും പണി തീര്‍ത്തത് മുഹമ്മദ് ഹാജിയുടെ പരിശ്രമം മൂലമാണ്. പ്രസ്തുത പള്ളിയും മദ്രസയും നില നില്‍ക്കുന്ന കാലത്തോളം ഒരു നാട് മുഴുവന്‍ മുഹമ്മദ് ഹാജിയെ ഓര്‍ത്തുകൊണ്ടേയിരിക്കും. അതിരാവിലെ മദ്രസയിലെത്തുന്ന കുഞ്ഞു മക്കളുടെ ഫാതിഹയും സ്വലാത്തിന്റെ പ്രതിഫലവും എന്റെയും ഖബറിടത്തിലേക്ക് എത്തുമെന്ന് ആഗ്രഹിച്ചൊരു മനുഷ്യന് നാട് യാത്രയയപ്പ് നല്‍കിയിരിക്കുകയാണ്. ഇനിയാ വേദനയില്ലാത്ത ലോകത്ത് ചെയ്തു വെച്ച നന്മകളുടെ ഗുണം അനുഭവിക്കാന്‍ ഭാഗ്യം കിട്ടിയ മുഹമ്മദ് ഹാജിയുടെ ജീവിതത്തെ പകര്‍ത്താന്‍ കഴിയുന്നതും ഭാഗ്യമാണ്. നാട്ടില്‍ പണി കഴിപ്പിച്ച പള്ളിയും മദ്രസയും മാത്രംമതി തന്റെ പാരത്രിക വിജയം സുനിശ്ചിതമാക്കാന്‍. ഒരു അറബി പൗരന്‍ മുഖേന നടത്തിയ തന്റെ പരിശ്രമം വിജയത്തിലെത്തുമ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷക്കഥയെ ഒരു ദിവസം അയവിറക്കിയപ്പോള്‍ കൂടിയിരുന്നവരുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഓരോ വെള്ളിയാഴ്ചയും കുമ്പഡാജെ ജുമാ മസ്ജിദില്‍ ഒന്നാമത്തെ സ്വഫില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത അദ്ദേഹം ചുമര് പിടിച്ചു നിസ്‌കരിക്കുന്നത് ആരുടേയും ഹൃദയത്തില്‍ ആത്മീയത നിറച്ചുവെച്ച കാഴ്ചയായിരുന്നു. ഇനിയാ ഒന്നാം സ്വഫില്‍ അദ്ദേഹത്തെ കാണില്ല. ഒരിറ്റ് കണ്ണീരോടെ മാത്രം ആ വിടവ് ഓര്‍ക്കുന്നു. പകയും വിദ്വേഷവും നടമാടുന്ന നവ കാലത്തു പുഞ്ചിരി കൊണ്ടും സ്‌നേഹം കൊണ്ടും മാത്രം ജീവിച്ചൊരു മനുഷ്യന്‍. പാരവെപ്പിന്റെ, കുടിലതയുടെ കൂടൊരുക്കാന്‍ മനുഷ്യര്‍ വെമ്പുന്ന കെട്ടകാലത്ത് ചെറിയ കുട്ടികള്‍ക്ക് മുന്നില്‍ പോലും ആദരവ് പ്രകടിപ്പിക്കുന്ന മുഹമ്മദ് ഹാജിയുടെ അരികത്തെത്താന്‍ ആരും കൊതിച്ചുപോവും. പട്ടിക്കാട് നിന്നും ഫൈസി ബിരുദം കരസ്ഥമാക്കിയ മൂത്ത മകനെ പണ്ഡിതനാക്കിയും മറ്റു മക്കള്‍ക്ക് ജീവ കാരുണ്യ സേവനം ജീവിത ധര്‍മ്മമാക്കണമെന്നും പഠിപ്പിച്ചിട്ടാണ് ടി.കെ ഹാജി കണ്ണടക്കുന്നത്. ചെയ്തു വെച്ച നന്മകളുടെ തുലാസ് ഉയര്‍ന്നു നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നന്മ കൊണ്ട് ജീവിതം അടയാളപ്പെടുത്തുന്ന മനുഷ്യരുടെ വിയോഗം നാടിനു നല്‍കുന്ന ശൂന്യത നികത്താനാവാത്തതാണ്. നാഥന്‍ പാരത്രീക ജീവിതം സന്തോഷത്തിലാക്കട്ടെ.

Similar News