സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉറുദു ഗസല്‍ ആലാപന മത്സരത്തില്‍ നിഹില മത്സരിക്കുന്നു. ഹാര്‍മോണിയവുമായി പിതാവ് നാസര്‍ കുരിക്കള്‍ സമീപം
തിരുവനന്തപുരം: ഗസല്‍ ചക്രവര്‍ത്തിയായ മെഹ്ദി ഹസന്റെ മേ ഖയാല്‍ ഹൂം ആലപിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഗസല്‍മഴ തീര്‍ക്കുകയായിരുന്നു ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിഹില ജമീല കുരിക്കള്‍. സംഗീതത്തിലെ ഗുരു കൂടിയായ പിതാവ് നാസര്‍ കുരിക്കളായിരുന്നു ഗസലിന് ഹാര്‍മോണിയ ഈണം ഒരുക്കിയത്. ജില്ലാതലത്തില്‍ നിന്ന് അപ്പീല്‍ വഴി സംസ്ഥാനതലത്തില്‍ എത്തിയ നിഹിലയ്ക്ക് ഉറുദു ഗസല്‍ ആലാപനത്തില്‍ എ ഗ്രേഡും ഉറപ്പിക്കാനായി. പിതാവ് നാസറിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു നിഹില തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയത്. മെഹ്ദി ഹസന്റെ മാസ്റ്റര്‍ പീസായ ഗസല്‍ പാടാനാവുന്ന വിധത്തില്‍ നിഹിലയ്ക്ക് റീകമ്പോസ് ചെയ്ത് നല്‍കിയത് പിതാവായിരുന്നു. പിന്നെ വേദിയില്‍ ഇരുവരും ഗസലിന്റെ ലോകം തീര്‍ക്കുകയായിരുന്നു.