കവി ഡോ.വി.എം പള്ളിക്കാലിനെ കാസര്‍കോട് സാഹിത്യവേദി ആദരിച്ചു

Update: 2025-09-25 09:59 GMT

കാസര്‍കോട്: തനതായ വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ, ഉള്ളുണര്‍ത്തുന്ന, ശ്രദ്ധേയമായ നിരവധി കവിതകള്‍ എഴുതിയ, താന്‍ വെറുതെ കുത്തിക്കുറിച്ചതാണെന്നും ഇതൊന്നും കവിതകളല്ലെന്നും സ്വയം വിലയിരുത്തുന്ന പ്രിയപ്പെട്ട കവിക്ക് കാസര്‍കോട് സാഹിത്യവേദി ആദരവിന്റെ പൂക്കളര്‍പ്പിച്ചു. കവി ടി. ഉബൈദിന്റെ ശിഷ്യനും പ്രശസ്ത ആയുര്‍വേദ ഡോക്ടറുമായ ഡോ. വി. മഹ്മൂദ് എന്ന വി.എം പള്ളിക്കാലിനെയാണ് ഇന്നലെ സന്ധ്യക്ക് വിദ്യാനഗറിലെ വസതിയിലെത്തി കാസര്‍കോട് സാഹിത്യവേദി ആദരിച്ചത്. രക്തസാക്ഷി, ഭ്രാന്തന്‍, പൊലിഞ്ഞ സ്വപ്നം, രഹസ്യം, വേദന, സങ്കല്‍പ്പസ്വര്‍ഗം, മരണചിന്ത, കാളിദാസന്‍, വെളിച്ചമെവിടെ, പുസ്തക പുഴു, വിമോചനം, അമ്മയുടെ അരികില്‍ തുടങ്ങി നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട് 87 വയസില്‍ എത്തിനില്‍ക്കുന്ന വി.എം പള്ളിക്കാല്‍.

ഒരു നോട്ടുപുസ്തകം നിറയെ വി.എം. പള്ളിക്കാല്‍ എഴുതിയ കവിതകള്‍ എടുത്തുക്കാട്ടി മകനും നഗരസഭാ മുന്‍ ചെയര്‍മാനുമായ അഡ്വ. വി.എം മുനീര്‍ പറഞ്ഞു: ഉപ്പയുടെ ഈ കവിതകളെല്ലാം ചേര്‍ത്ത് ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അതിന് ഉപ്പയുടെ സമ്മതം കിട്ടിയിട്ടില്ല. പലപ്പോഴും ഉപ്പയോട് ചോദിച്ചെങ്കിലും താന്‍ കുത്തിക്കുറിച്ചതൊന്നും കവിതയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഉബൈദ് മാഷുമായി കവിതയിലൂടെയാണ് ഉപ്പ നിരന്തരം ആശയവിനിമയം നടത്തിയിരുന്നത്. ഉപ്പ എഴുതിയ ഒരു കവിതയെ കുറിച്ച് ഉബൈദ് മാഷിനോട് അഭിപ്രായം ചോദിച്ചത് പോലും കവിതയിലാണെന്നും വി.എം മുനീര്‍ പറഞ്ഞു.

മഹാകവി ടി. ഉബൈദ് കൊളുത്തിയ സര്‍ഗാത്മകതയുടെ തിരിയില്‍ നിന്നും മറ്റൊരു തിരികൊളുത്തി കാസര്‍കോടിന്റെ സാംസ്‌കാരിക രംഗത്ത് വെളിച്ചം പകര്‍ന്ന കവിയാണ് ഡോ. വി.എം. പള്ളിക്കാലെന്ന് മുതിര്‍ന്ന സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ അഭിപ്രായപ്പെട്ടു. സാഹിത്യവേദി പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി ഉപഹാരം നല്‍കി ആദരിച്ചു. സി.എല്‍ ഹമീദ്, ടി.എ ഷാഫി, ഷാഫി എ. നെല്ലിക്കുന്ന്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, കെ.എച്ച് മുഹമ്മദ്, രേഖ കൃഷ്ണന്‍, റഹീം ചൂരി, എം.പി ജില്‍ജില്‍, വി.എം പള്ളിക്കാലിന്റെ മകന്‍ വി.എം ശുഹൈബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രവീന്ദ്രന്‍ പാടി, ഡോ. എം.എ. മുംതാസ് എന്നിവര്‍ വി.എം. പള്ളിക്കാലിന്റെ കവിത ചൊല്ലി. സെക്രട്ടറി എം.വി സന്തോഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ എരിയാല്‍ ഷരീഫ് നന്ദിയും പറഞ്ഞു.

Similar News