ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല അവലോകന യോഗം വിളിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിര അവലോകന യോഗം വിളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യ എന്നിവരും വ്യോമയാന സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, റെയില്‍വെ ബോര്‍ഡ് ചെയര്മാന് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നു.
അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നാളെ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് യോഗം വിളിച്ചുചേര്‍ത്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ മന്ത്രി അവതരിപ്പിക്കും.
രാവിലത്തെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,59,632 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 224 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. മൂന്നാം തരംഗത്തിന്റെ സൂചന നല്‍കിയാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
ഡെല്‍ഹിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ വിലയിരുത്തല്‍.