തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ ജനജീവിതത്തെ ബാധിക്കുമെന്നും സംസ്ഥാനത്ത് പൂര്‍ണമായ അടച്ചിടല്‍ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നു വരുന്നവര്‍ക്കുള്ള ക്വാറന്റൈന് മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ഹോം ക്വാറന്റൈന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏഴ് ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. എട്ടാം ദിവസം ആര്.ടി.പി.സി.ആര് പരിശോധന നടത്തും. എട്ടാം ദിവസം നെഗറ്റീവായാല്‍ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
ഇന്നലെ 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 305 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 23 പേരും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,296 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.2 ശതമാനമായി ഉയര്‍ന്നു.