ന്യൂഡെല്‍ഹി: പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും തീപിടുത്തം ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതി. വെയര്‍ഹൗസിലുണ്ടായ തീപിടിത്തത്തില്‍ മദ്യം കത്തി നശിച്ചതില്‍ കമ്പനിയെ നഷ്ടപരിഹാരം നല്കുന്നതില് നിന്ന് ഒഴിവാക്കിയ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം.
ദൈവത്തിന്റെ പ്രവൃത്തിയെന്നു വിലയിരുത്തി തീപിടുത്തത്തിന്റെ ബാധ്യതയില്‍ നിന്ന് ഉത്തരവാദപ്പെട്ടവരെ ഒഴിവാക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കാറ്റ്, മിന്നല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങള്‍ ഒന്നുമല്ല തീപിടിത്തത്തിന് കാരണം. പ്രത്യേകിച്ച് കാരണം കണ്ടെത്താനായില്ലെന്നതിന്റെ പേരില്‍ തീപിടിത്തത്തെ ദൈവത്തിന്റെ പ്രവൃത്തിയെന്ന്, നിയമത്തിന്റെ ഭാഷയില്‍ വ്യവഹരിക്കാനാവില്ല. കോടതി പറഞ്ഞു.
ഉച്ചയ്ക്ക് 12.55ന് തുടങ്ങിയ തീപിടുത്തം പുലര്‍ച്ചെ അഞ്ചു മണിക്കാണ് അണയ്ക്കാനായത്. അഗ്നിശമന സംവിധാനങ്ങള്‍ വേണ്ടവിധം ഒരുക്കിയിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം നഷ്ടം കുറയ്ക്കാനെങ്കിലും കഴിയുമായിരുന്നു. തീപിടുത്തമുണ്ടായത് മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങള്‍ കൊണ്ടാണെന്നും അതിനു നഷ്ടപരിഹാര ബാധ്യത ഇല്ലെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീര്‍പ്പ് അസ്വീകാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മദ്യം കത്തിനശിച്ചത്തില്‍ മക്ഡവല്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് യുപി എക്സൈസ് വകുപ്പിന്റെ ആവശ്യം. ഇതു തള്ളി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരെയാണ് വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചത്.