കാസര്‍കോട്: ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്യുന്ന തുളു സിനിമയായ ബീരെയുടെ പോസ്റ്റര്‍ പ്രകാശനവും ഗോപി തന്നെ സംവിധാനം ചെയ്ത മലയാള സിനിമയായ ‘നബീക്ക’ യുടെ പാട്ടുകളുടെ റിലീസിംഗും കാസര്‍കോട്ട് നടന്നു. തുളു സിനിമയിലെ ഹാസ്യസാമ്രാട്ട് എന്ന് അറിയപ്പെടുന്ന അരവിന്ദ് ബോളാറിന്റെ സാന്നിധ്യം ചടങ്ങിന് കൊഴുപ്പേകി. കാസര്‍കോടിന് മലയാളവും കന്നഡയും പോലെ തന്നെ തുളു ഭാഷയും ഏറെ ഇഷ്ടമാണെന്നും ഇവിടെ സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബേരിയുടെ പോസ്റ്റര്‍ പ്രകാശനം അരവിന്ദ് ബോളാറിന് നല്കി രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നിര്‍വഹിച്ചു. നബിക്കയുടെ പാട്ടുകളുടെ റിലീസിംഗ് ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന് സിനിമാ നടന് രാജേഷ് മാധവന് നല്കി നിര്‍വഹിച്ചു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്റഫ്, നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍, കര്‍ണാടക എന്‍.ആര്.ഐ മുന്‍ ചെയര്‍പേഴ്സണ്‍ ആരതി കൃഷ്ണ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കാഞ്ഞങ്ങാട് ഗോവിന്ദമാരാര്‍, ശ്രീധര മാരാര്‍, മാസ്റ്റര്‍ ഫ്യൂഷന്‍ കലാകാരന് ഉമേഷ്, എസ്.പി.ബിയുടെ ശബ്ദത്തില്‍ മനോഹരമായി പാടുന്ന മാധവണയ്യ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിനിമാ നിര്‍മ്മാതാവും നടനുമായ ജയചന്ദ്രന് അരമങ്ങാനത്ത്, ബേഡഡുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി. രാമചന്ദ്രന്, ടി.എ ഷാഫി, അരവിന്ദന് മാണിക്കോത്ത്, കെ. രാജേന്ദ്രന്, തുളസീധരന്‍, സര്‍വമംഗള റാവു തുടങ്ങിയവര്‍ വിവിധ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സജില്‍ പണിക്കര്‍, ലീലാധര്‍, സുബ്രഹ്മണ്യന്, ശ്രീരാഗ്, അമല്‍രാജ്, റോഷ ഉമേഷ്, സൗമ്യ എന്നിവര്‍ ഗാനമേള അവതരിപ്പിച്ചു. മര്വാന് ശുഹൈബിന്റെ ഗാനാലാപനം സദസ്സ് വലിയ കയ്യടിയോടെ ഏറ്റെടുത്തു. കീര്‍ത്തന ചന്ദ്രന്, ആരാധ്യ രാകേഷ്, ധന്യശ്രീ ഉമേശ്, കൃഷ്ണപ്രിയ, സൗമ്യ, ഒനീല ഗോപി എന്നിവരുടെ നൃത്തവുമുണ്ടായിരുന്നു.