കാസര്‍കോട്: അക്ഷരങ്ങളില്‍ ഒളിപ്പിച്ച വിസ്മയങ്ങളെ മനകണ്ണാല് തൊട്ടറിയാന്‍ കഴിയുന്ന മനോഹര അനുഭവമായി വായനാദിന കഥാ ചര്‍ച്ച ഒരുക്കി കാസര്‍കോട് സാംസ്കാരിക കൂട്ടായ്മ. ഡോ. അംബികാ സുതന് മാങ്ങാടിന്റെ ‘പ്രാണവായു’ എന്ന എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ഓണ്‍ലൈന്‍ ചര്‍ച്ച വായനാ ലോകത്തിന് വേറിട്ട അനുഭവമായി മാറി.
വിവിധമേഖലകളിലെ പ്രമുഖര്‍ അണിനിരന്ന ചര്‍ച്ചയില്‍ ഉഷാകുമാരി (ഉഷസ്) മോഡറേറ്ററായി. എം. അസിനാര്‍, വി. അബ്ദുല്‍ സലാം, രാജേഷ് പി.വി. എന്നിവര്‍ നേതൃത്വം നല്കിയ ചര്‍ച്ചയില്‍ രാഘവന് കുളങ്ങര വിഷയാവതരണവും പ്രഭാകരന് കരിച്ചേരി കഥാകൃത്തിനെ പരിചയപ്പെടുത്തുകയുമുണ്ടായി.
ഇതോടനുബന്ധിച്ച് ചിത്രകാരനും അധ്യാപകനുമായ രവി മാസ്റ്റര്‍ പീലിക്കോട് വരച്ച ചിത്ര പ്രദര്‍ശനം കൂടി ഒരുക്കി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ സാംസ്കാരിക പ്രവര്‍ത്തകരായ ബിന്ദു ടീച്ചര്‍, ഹമീദ് കാവില്‍, സി.വി. ഭാവനന്‍, സുധീരന് തേത്രോം, സീമ ഹരി കൊട്ടില, ദിനേശന് പൂച്ചക്കാട്, ഷാഫി ചൂരിപള്ളം, കൃഷ്ണന് പത്താനത്ത്, ദിനേശ് കരിങ്ങാട്ട്, എലിസബത്ത് സുധാകരന്, ദിനേഷ് പൂച്ചക്കാട്, എ.കെ. ശശിധരന്, ദിപേഷ് കുറുവാട്ട്, ഇ.ടി വേണുഗോപാലന്‍, വിനോദ് വേട്ടറാടി തുടങ്ങിയവര്‍ പങ്കെടുത്തു.