കാസര്‍കോട്:കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ്19 വാര് റൂം, ഹെല്പ് ഡെസ്ക് എന്നിവ പ്രവര്‍ത്തനം തുടങ്ങി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. പഞ്ചായത്ത്-നഗരസഭാതല കൊറോണ കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഗതാഗത പ്ലാന്‍ ഉണ്ടാക്കി. എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സ് സേവനം തിങ്കളാഴ്ചയോടെ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും യോഗം ജില്ലയിലെ കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഓക്സിജന്‍ ബെഡുകള്‍ ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിക്കുന്ന ഓക്സിജന്‍ പ്ലാന്റിനുള്ള ഇ ടെണ്ടര്‍ നടപടി ആരംഭിച്ചു. മേയ് 27 വരെ സമര്‍പ്പിക്കാം.
ജില്ലയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് ചികിത്സ, ഓക്സിജന്‍ ലഭ്യത, കരുതല്‍ ഓക്സിജന്‍ എന്നിവ ഉറപ്പാക്കുന്നതിന് തദ്ദേശ സ്ഥാപന പ്രസിഡണ്ടുമാരുടേയും സെക്രട്ടറിമാരുടേയും യോഗം തീരുമാനിച്ചു.
മാഷ് പദ്ധതി അധ്യാപകരെ ഉള്‍പ്പെടുത്തി ജില്ലയില്‍ മുഴുവന്‍ വാര്‍ഡ്തല ജാഗ്രതാ സമിതികളുടേയും പ്രവര്‍ത്തനം രണ്ടു ദിവസത്തിനകം കാര്യക്ഷമമാക്കും. വാര്‍ഡിലെ കോ വിഡ് ബാധിതര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. കോവിഡ് പരിശോധന എണ്ണം കൂടുന്നതിന് മുന്‍ഗണന നല്‍കും. ടെസ്റ്റ് പോസിറ്റിവിറ്റിറേറ്റ് അമ്പതില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. സജ്ജമാക്കിയ 41 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കും.
വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ലോക്ഡൗണില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിന് ജനകീയ ഹോട്ടലുകളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും. ജില്ല പഞ്ചായത്ത് 2000 ഓക്സി മീറ്ററുകള്‍ ലഭ്യമാക്കും.
ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെടുത്തി ടെലി മെഡിസിന് സംവിധാനം ഏര്‍പ്പെടുത്തു മെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
യോഗത്തില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുന്‍സിപ്പാലിറ്റി ചെയര്പേഴ്സണ്മാര്, സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ജയ്സണ്‍ മാത്യു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ പങ്കെടുത്തു.