സമാനതകളില്‍ ഇവര്‍ 'ഇരട്ട'കള്‍
തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ഉയരുമ്പോഴേല്ലാം കെ.എം അബ്ദുല്‍ ഹമീദ് ഹാജിയുടെ ഹൃദയത്തില്‍ ഓര്‍മ്മകള്‍ തിരതല്ലിയടിക്കും. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ഡോക്ടറെ ചെന്ന് കണ്ട് മടങ്ങി വന്നതിന്റെ അവശതകള്‍ക്കിടയിലും അബ്ദുല്‍ ഹമീദ് ഹാജി ഉത്തരദേശത്തിന് വേണ്ടി ഓര്‍മ്മകളുടെ വാതില്‍ മലര്‍ക്കെതുറന്നു. നഗരസഭയുടെ ആദ്യത്തെ ഭരണ സമിതി കാലഘട്ടത്തെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു. ഹമീദ് ഹാജിക്ക് ഈ ഡിസംബര്‍ 24ന് 80 വയസ് പൂര്‍ത്തിയാകുന്നു. പ്രായത്തിന്റെ അവശതകളൊന്നും ഹമീദ് ഹാജിയുടെ ഓര്‍മ്മകളെ മങ്ങലേല്‍പ്പിച്ചിട്ടില്ല. എങ്കിലും കേള്‍വി അല്‍പ്പം കുറവുണ്ട്. […]
തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ഉയരുമ്പോഴേല്ലാം കെ.എം അബ്ദുല്‍ ഹമീദ് ഹാജിയുടെ ഹൃദയത്തില്‍ ഓര്‍മ്മകള്‍ തിരതല്ലിയടിക്കും. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ഡോക്ടറെ ചെന്ന് കണ്ട് മടങ്ങി വന്നതിന്റെ അവശതകള്‍ക്കിടയിലും അബ്ദുല്‍ ഹമീദ് ഹാജി ഉത്തരദേശത്തിന് വേണ്ടി ഓര്‍മ്മകളുടെ വാതില്‍ മലര്‍ക്കെതുറന്നു. നഗരസഭയുടെ ആദ്യത്തെ ഭരണ സമിതി കാലഘട്ടത്തെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു. ഹമീദ് ഹാജിക്ക് ഈ ഡിസംബര്‍ 24ന് 80 വയസ് പൂര്‍ത്തിയാകുന്നു. പ്രായത്തിന്റെ അവശതകളൊന്നും ഹമീദ് ഹാജിയുടെ ഓര്‍മ്മകളെ മങ്ങലേല്‍പ്പിച്ചിട്ടില്ല. എങ്കിലും കേള്‍വി അല്‍പ്പം കുറവുണ്ട്. […]
തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ഉയരുമ്പോഴേല്ലാം കെ.എം അബ്ദുല്‍ ഹമീദ് ഹാജിയുടെ ഹൃദയത്തില്‍ ഓര്‍മ്മകള്‍ തിരതല്ലിയടിക്കും. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ഡോക്ടറെ ചെന്ന് കണ്ട് മടങ്ങി വന്നതിന്റെ അവശതകള്‍ക്കിടയിലും അബ്ദുല്‍ ഹമീദ് ഹാജി ഉത്തരദേശത്തിന് വേണ്ടി ഓര്‍മ്മകളുടെ വാതില്‍ മലര്‍ക്കെതുറന്നു. നഗരസഭയുടെ ആദ്യത്തെ ഭരണ സമിതി കാലഘട്ടത്തെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു. ഹമീദ് ഹാജിക്ക് ഈ ഡിസംബര്‍ 24ന് 80 വയസ് പൂര്‍ത്തിയാകുന്നു. പ്രായത്തിന്റെ അവശതകളൊന്നും ഹമീദ് ഹാജിയുടെ ഓര്‍മ്മകളെ മങ്ങലേല്‍പ്പിച്ചിട്ടില്ല. എങ്കിലും കേള്‍വി അല്‍പ്പം കുറവുണ്ട്. കാസര്‍കോട് പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തപ്പെട്ടതിന്റെ ആഹ്ലാദത്തില്‍ നാട് അലിഞ്ഞു ചേര്‍ന്നിരിക്കെ നഗരസഭാ കൗണ്‍സിലിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ കാഹളവും മുഴങ്ങി. 20 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. മുസ്ലിം ലീഗിന്റെ ഉരുക്ക് കോട്ടയായ തളങ്കരയില്‍ നിന്ന് ടി.എ. ഇബ്രാഹിം സാഹിബും കെ.എം അബ്ദുല്‍ ഹമീദ് ഹാജിയുമടക്കം അഞ്ചു പേര്‍ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയപ്പോള്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ കാസര്‍കോട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി വിപുലമായൊരു യോഗം വിളിച്ചു ചേര്‍ത്തു. ഉത്സവസമാനമായിരുന്നു യോഗം. തളങ്കര ഒന്നടങ്കം ഗവ. മുസ്ലിം ഹൈസ്‌കൂളിലേക്ക് ഒഴുകിയെത്തി. 'നമുക്ക് തളങ്കരയില്‍ നിന്ന് ആദ്യത്തെ കാസര്‍കോട് നഗരസഭയിലേക്ക് അഞ്ചു പേരെ തിരഞ്ഞെടുത്ത് അയക്കേണ്ടതുണ്ടെ'ന്ന് ടി.എ ഇബ്രാഹിം സാഹിബ് നാട്ടുകാരെ അറിയിച്ചു. പത്ത് വര്‍ഷത്തിലധികമായി കാസര്‍കോട് പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്നു അദ്ദേഹം. കാസര്‍കോട് നഗരസഭ രൂപീകരണത്തിന്റെ ഭാഗമായി അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചപ്പോള്‍ രണ്ട് വര്‍ഷക്കാലം അതിന്റെ വൈസ് ചെയര്‍മാനുമായിരുന്നു. എല്ലാവരും ഇബ്രാഹിം സാഹിബിന്റെ വാക്കുകള്‍ കേട്ടിരുന്നു. തളങ്കര പടിഞ്ഞാര്‍, തളങ്കര കടവത്ത്, ദീനാര്‍ നഗര്‍, കെ.കെ പുറം, ഫോര്‍ട്ട് റോഡ്, തായലങ്ങാടി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നവയായിരുന്നു തളങ്കരയിലെ അഞ്ചു വാര്‍ഡുകള്‍. ഓരോ വാര്‍ഡുകളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. തിരഞ്ഞെടുക്കേണ്ടത് അഞ്ചുപേരെ ആണെങ്കിലും ആകെ നിര്‍ദ്ദേശിക്കപ്പെട്ടവരുടെ പേരുകള്‍ 15ഓളം ഉണ്ടായിരുന്നു. ചില വാര്‍ഡുകളില്‍ അഞ്ചിലധികം പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. ഇവ പരിശോധിച്ച് അഞ്ചു പേരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കാനായി കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, ചൂരി സി. അബ്ദുല്ല ഹാജി, തളങ്കര അബ്ദുല്ല കുഞ്ഞി ഹാജി, കെ.ജി. സാഹിബ് അടക്കം 5 പേരെ നിയോഗിച്ചു. അഞ്ചാമത്തേയാള്‍ കെ.എസ് സുലൈമാന്‍ ഹാജിയാണെന്നാണ് അബ്ദുല്‍ ഹമീദ് ഹാജിയുടെ ഓര്‍മ്മ. അവരാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. തളങ്കര കടവത്ത് വാര്‍ഡില്‍ ടി.എ. ഇബ്രാഹിം സാഹിബ്, തളങ്കര പടിഞ്ഞാറില്‍ കെ.എം അബ്ദുല്‍ ഹമീദ് ഹാജി, ഖാസിലേനില്‍ അബൂബക്കര്‍ എന്ന അക്കച്ച, കെ.കെ പുറത്ത് അമ്പാച്ച കെ.കെ പുറം, ദീനാര്‍ നഗറില്‍ ടി.പി അന്തച്ച, ഈ പട്ടിക എല്ലാവരും അംഗീകരിച്ചു. അഞ്ചുപേരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആരും ഇവര്‍ക്ക് എതിരായി നിന്നില്ല. അങ്ങനെ അഞ്ചുപേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തളങ്കരയുടെ ചരിത്രത്തില്‍ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളും അതൊരു തിളങ്ങുന്ന അധ്യായമായിരുന്നു. നെല്ലിക്കുന്നില്‍ ബി.എം അബ്ദുല്‍ റഹ്‌മാന്‍, തായലങ്ങാടിയില്‍ മാമിഞ്ഞി, ഫോര്‍ട്ട് റോഡില്‍ അഡ്വ. പി.എ ഹമീദ്, തുരുത്തിയില്‍ മൊയ്തീന്‍, എന്നിവരായിരുന്നു ആദ്യ നഗരസഭയിലെ മുസ്ലിം ലീഗിന്റെ മറ്റു അംഗങ്ങള്‍.
'ഞാന്‍ അന്ന് മുപ്പത് വയസ്സുള്ള ചെറുപ്പക്കാരന്‍. ടി.എ. ഷാഹുല്‍ ഹമീദിന്റെ വാപ്പ തായല്‍ അബൂബക്കറുമായി ചേര്‍ന്ന് ടൗണില്‍ ഫാഷന്‍ ഹൗസ് എന്നൊരു വസ്ത്രവ്യാപാരം നടത്തി വരികയായിരുന്നു. മുനിസിപ്പാലിറ്റിയിലേക്കുള്ള ആദ്യത്തെ മെമ്പര്‍ എന്ന പദവി അക്കാലത്ത് വലിയൊരു സ്ഥാനം തന്നെയായിരുന്നു. യോഗങ്ങള്‍ കൃത്യമായി ചേരുമായിരുന്നുവെങ്കിലും പദ്ധതികള്‍ക്കൊന്നു കാശില്ലായിരുന്നു. എങ്കിലും വാര്‍ഡിന്റെ ആവശ്യങ്ങളൊക്കെ കേട്ട് മനസിലാക്കി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുമായിരുന്നു.' -ഹമീദ് ഹാജിയുടെ ഓര്‍മ്മ അര നൂറ്റാണ്ട് അപ്പുറത്തേക്ക് പറന്നു.
മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് തൊട്ടടുത്ത് പാലികാഭവന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 30 വര്‍ഷത്തിലധികം കാസര്‍കോട് പഞ്ചായത്ത് പ്രവര്‍ത്തിച്ചത്. അവിടെ തന്നെയാണ് ആദ്യത്തെ നഗരസഭാ കാര്യാലയവും പ്രവര്‍ത്തിച്ചത്. പഞ്ചായത്ത് ഓഫീസിന്റെ അതേ സൗകര്യമായിരുന്നു നഗരസഭാ പ്രവര്‍ത്തനത്തിനും ഉണ്ടായിരുന്നത്. 20 പേര്‍ക്കും ഒന്നിച്ചിരുന്ന് യോഗം ചേരാന്‍ ഈ കെട്ടിടത്തിലെ സൗകര്യം മതിയാവില്ലായിരുന്നു. യോഗം വിളിക്കുമ്പോഴൊക്കെ തൊട്ടടുത്ത കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ വിശാലമായ ഹാളിനെ ആശ്രയിക്കും. ഓരോ സിറ്റിംഗിനും തുച്ഛമായ തുകയാണ് ഓണറേറിയമായി ലഭിച്ചിരുന്നത്. ഒരു യോഗത്തിന് അഞ്ചുരൂപ കിട്ടും. എന്നാല്‍ ഒരു മാസം മൂന്നു യോഗത്തില്‍ കൂടുതല്‍ ഉള്ള യോഗങ്ങള്‍ക്ക് ഓണറേറിയം ലഭിക്കുകയുമില്ല. പിന്നീടത് 15 രൂപയായി ഉയര്‍ത്തി. അക്കാലത്ത് നാട്ടിലെ പ്രമുഖരും വലിയ വിദ്യാസമ്പന്നരുമൊക്കെയായിരുന്നു നഗരസഭാ കൗണ്‍സിലര്‍മാരായി ഉണ്ടായിരുന്നത്. ആദ്യ നഗരസഭയില്‍ അംഗങ്ങളായിരുന്ന പലരും പിന്നീട് എം.എല്‍.എ.മാരായി.
അക്കാലത്തെ പ്രശസ്തരായ അഭിഭാഷകരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും നാട്ടുപ്രമാണിമാരും അടക്കമുള്ളവര്‍ 20 അംഗ കൗണ്‍സിലില്‍ ഉണ്ടായിരുന്നുവെന്നത് ആദ്യകാലഘട്ടത്തില്‍ തന്നെ നഗരസഭയുടെ പ്രവര്‍ത്തനം മികച്ച നിലയില്‍ കൊണ്ടുപോകുന്നതിന് ഗുണകരമായി. ഇന്ന് സ്ഥിതി യാകെമാറി. നേതാക്കള്‍ക്ക് താല്‍പര്യമുള്ളവരും പ്രാദേശിക തലത്തില്‍ സ്വാധീനമുള്ളവരുമാണ് കൂടുതലും തിരഞ്ഞെടുക്കപ്പെടുന്നത്. കാലം ഇത്രയേറെ പുരോഗമിച്ചിട്ടും കഴിഞ്ഞ സഭയില്‍ വിദ്യാസമ്പന്നരായ എത്രപേരുണ്ടായിരുന്നു എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ആദ്യസഭയില്‍ അഞ്ചോളം അഭിഭാഷകര്‍ ഉണ്ടായിരുന്നു. അവരെല്ലാം അക്കാലത്ത് കോടതികളില്‍ നിറഞ്ഞുനിന്നവരുമായിരുന്നു. ഇക്കാലത്ത് വിദ്യാസമ്പന്നരായ എത്രപേര്‍ തിരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ട് എന്നതും ചിന്തിക്കേണ്ട വിഷയമാണ് എന്നാണ് എന്റെ അഭിപ്രായം- ഹമീദ് ഹാജി രണ്ടു കാലഘട്ടങ്ങളെ താരതമ്യപ്പെടുത്തി.
രാമണ്ണറൈ നുള്ളിപ്പാടി വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. അദ്ദേഹം താമസവും അവിടെയായിരുന്നു. തിരുവനന്തപുരത്ത് പോയി ആവശ്യങ്ങളും അവകാശങ്ങളും ചോദിച്ചുവാങ്ങി കൊണ്ടുവരുന്നതില്‍ വലിയ താല്‍പര്യമൊന്നും കാണിച്ചില്ലെങ്കിലും ആദ്യത്തെ നഗരസഭയെ തന്റേതായ ശൈലിയിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. രാമണ്ണ റൈയുടെ പ്രവര്‍ത്തനം എനിക്കിഷ്ടമായിരുന്നു. നഗരസഭയില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും മുഴുവന്‍ കൗണ്‍സിലര്‍മാരെയും എപ്പോഴും ബന്ധപ്പെട്ട് അവരോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്യുമായിരുന്നു.
? മുനിസിപ്പല്‍ ചെയര്‍മാന്‍ മാരില്‍ ആരെയായിരുന്നു കൂടുതല്‍ ഇഷ്ടം.
= ഞാന്‍ പറഞ്ഞല്ലോ രാമണ്ണ റൈയുടെ ശൈലിയും പ്രവര്‍ത്തനങ്ങളും എനിക്ക് ഏറെ ഇഷ്ടമായിരുന്നു. ഓരോ അംഗങ്ങളോടും ആദരവോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നത്.
സുലൈമാന്‍ ഹാജി ചെയര്‍മാനായിരുന്ന കാലത്ത് ഞാന്‍ കൗണ്‍സില്‍ അംഗമായിരുന്നില്ല. ഹമീദലി ഷംനാടാണെങ്കില്‍ കേരളവും രാജ്യവും അറിയുന്ന വലിയൊരു നേതാവായിരുന്നു. അദ്ദേഹം മുനിസിപ്പല്‍ ചെയര്‍മാന്റെ പദവിയും ഒതുങ്ങേണ്ട ഒരാളായിരുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നീട് വലിയ സ്ഥാനം കിട്ടി അദ്ദേഹം പോയി.
എസ്.ജെ. പ്രസാദും എല്ലാവരോടും നന്നായി പെരുമാറുകയും കാര്യങ്ങള്‍ അംഗങ്ങളോട് ചോദിച്ച് മനസിലാക്കി അവ ചെയ്തു കൊടുക്കുകയും ചെയ്യുമായിരുന്നു. 2000 മുതല്‍ ഞാന്‍ നഗരസഭയില്‍ ഇല്ലായിരുന്നു.
ആദ്യത്തെ നഗരസഭയില്‍ മുസ്ലിം ലീഗിന് 9 ഉം കര്‍ണ്ണാടക സമിതിക്കും ബി.ജെ.പി.ക്കും കൂടി 9 ഉം അംഗങ്ങളുണ്ടായിട്ടും ഒരംഗം മാത്രമുണ്ടായിരുന്ന സി.പി.എമ്മിലെ എം. രാമണ്ണറൈ എങ്ങനെ പ്രഥമ ചെയര്‍മാനായി എന്ന ചോദ്യം പലരും അത്ഭുതത്തോടെ ഇപ്പോഴും ചോദിക്കാറുണ്ട്. അക്കാലത്ത് മുസ്ലിം ലീഗും സി.പി.എമ്മും സംസ്ഥാന തലത്തില്‍ തന്നെ ധാരണ ഉണ്ടായിരുന്നു.
തലശ്ശേരിയില്‍ മുസ്ലിം ലീഗിലെ അഡ്വ. സാവാന്‍ കുട്ടിക്ക് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നും പകരം രാമണ്ണറൈയെ കാസര്‍കോട് ചെയര്‍മാനാക്കണമെന്നുമുള്ള ധാരണ ഇരുകക്ഷികളും തെറ്റിച്ചില്ല.
ടി.എ ഇബ്രാഹിം സാഹിബിന് അന്ന് ചെയര്‍മാന്‍ ആകാമായിരുന്നു. പക്ഷെ പാര്‍ട്ടി നേതൃത്വം കൈകൊണ്ട തീരുമാനങ്ങള്‍ക്ക് അപ്പുറം ഒരക്ഷരം പോലും മിണ്ടാത്ത അച്ചടക്കമുള്ള നേതാവായിരുന്നു അദ്ദേഹം. ഒരംഗമുള്ള പാര്‍ട്ടിയുടെ നേതാവിന് കീഴില്‍ നഗരസഭാ ഭരണത്തില്‍ പങ്കാളിയാവുന്നതില്‍ മുസ്ലിം ലീഗ് അംഗങ്ങളായ ഞങ്ങള്‍ക്ക് ഒരു മടിയും കുറച്ചിലും ഇല്ലായിരുന്നു. നല്ല ഐക്യത്തോടെയാണ് മുന്നോട്ട് പോയത്. അതുകൊണ്ട് പ്രഥമ നഗരസഭയുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പുലിക്കുന്നില്‍ നഗരസഭാ കാര്യാലയം നിര്‍മ്മിക്കാനും ഉദ്ഘാടനം ചെയ്യാനും കഴിഞ്ഞു. രാമണ്ണറൈയുടെത് നിശബ്ദ പ്രവര്‍ത്തനമായിരുന്നു. അദ്ദേഹം കാര്യങ്ങള്‍ യഥാവിധി മുറപോലെ നടത്തുമായിരുന്നു. അതുകൊണ്ടാണ് വലിയ കാലതാമസം ഇല്ലാതെ തന്നെ നഗരസഭാ കാര്യാലയം യാഥാര്‍ത്ഥ്യമായത്. കര്‍ണ്ണാടക സമിതിയുടെ കാര്യത്തില്‍ അദ്ദേഹം നിഷ്പക്ഷത പാലിച്ചതും ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു.
- അബ്ദുല്‍ ഹമീദ് ഹാജി പറഞ്ഞു.
'എന്നാല്‍ രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ (1979) ഞാന്‍ തോറ്റു. പടിഞ്ഞാര്‍ വാര്‍ഡില്‍ നിന്ന് തന്നെയാണ് വീണ്ടും മത്സരിച്ചതെങ്കിലും നാഷണല്‍ മജീദിനോട് തോല്‍വി ഏറ്റുവാങ്ങി. അന്ന് അഖിലേന്ത്യാ ലീഗുകാരായ ഞങ്ങള്‍ എല്ലാവരും തോറ്റിരുന്നു. ആകെ ജയിച്ചത് കൊപ്പല്‍ അബ്ദുല്ല മാത്രം. പിന്നീട് ഹമീദലി ഷംനാട് ചെയര്‍മാന്‍ ആയിരുന്ന കാലത്തും എസ്.ജെ. പ്രസാദ് ചെയര്‍മാന്‍ ആയിരുന്ന കാലത്തും ഞാന്‍ വീണ്ടും നഗരസഭാ അംഗമായി. അങ്ങനെ 25 വര്‍ഷം നഗരസഭാ അംഗമെന്ന നിലയില്‍ നാടിനെ സേവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആദ്യത്തെ കൗണ്‍സിലില്‍ ഒരു വര്‍ഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അക്കാലത്ത് ഫിനാന്‍സ് സ്റ്റാന്റിംഗ് കമ്മിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ വര്‍ഷം ഓരോ ആളെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നത്.
? കാസര്‍കോട് നഗരസഭ 50 വര്‍ഷം പിന്നിടുമ്പോള്‍ രണ്ടു കാലങ്ങളെ എങ്ങനെ കാണുന്നു, കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ.
= നല്ല മാറ്റങ്ങള്‍ ഉണ്ട്. ഞങ്ങളുടെ കണ്‍മുന്നിലൂടെയാണ് കാസര്‍കോട് നഗരം പതുക്കെ പതുക്കെ ചിറക് വിടര്‍ത്തി വികസിച്ചത്. ആദ്യ കാലത്ത് ഒന്നുമുണ്ടായിരുന്നില്ല. വെറും പാറക്കൂട്ടമായിരുന്നു പുലിക്കുന്ന്. നഗരത്തില്‍ നല്ല തിരക്കുണ്ടായിരുന്നുവെങ്കിലും ഇന്നത്തേതിന്റെ എത്രയോ കുറവ്. നഗരത്തില്‍ ആകെ മൂന്നോ നാലോ കെട്ടിടങ്ങള്‍. പഴയ ബസ്സ്റ്റാന്റൊക്കെ വന്നത് പിന്നെയാണ്. ഇന്ന് കാസര്‍കോട് ഒരുപാട് വികസിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ഭരണത്തിന്റെ കീഴില്‍ കാസര്‍കോട് നഗരസഭ വലിയ തോതില്‍ വികസിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
കാസര്‍കോട് നഗരസഭയുടെ ആദ്യ കൗണ്‍സിലര്‍മാരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഒരാള്‍ ബി.ജെ.പി. നേതാവ് അഡ്വ. കെ. സുന്ദര്‍റാവുവാണ്. മൂന്നു തവണയായി 24 വര്‍ഷം സുന്ദര്‍റാവു നഗരസഭാംഗമായിട്ടുണ്ട്. ഈ കാലയളവില്‍ ഒരു തവണ വൈസ് ചെയര്‍മാനുമായി.
ഒരു കാലത്ത് കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിയുടെ ഗര്‍ജിക്കുന്ന സിംഹമായിരുന്നു ഇദ്ദേഹം. ഇംഗ്ലീഷും കന്നഡയും മലയാളവും കൂട്ടിക്കലര്‍ന്നൊരു ഭാഷയില്‍ ഭരണ മുന്നണിയായ മുസ്ലിംലീഗിനെതിരെ നിരന്തരം പൊരുതിയ പ്രതിപക്ഷ നേതാവ്. ഹമീദലി ഷംനാട് നഗരസഭാ ചെയര്‍മാന്‍ പദവിയിലിരുന്ന കാലത്ത് ഷംനാടും സുന്ദര്‍റാവുവും തമ്മിലുള്ള തര്‍ക്കം ഇംഗ്ലീഷ് പാര്‍ലമെന്റുകളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. അണുകിട വിട്ടുകൊടുക്കാതെ രണ്ടു പേരും ഇംഗ്ലീഷില്‍ തര്‍ക്കിക്കുന്ന രംഗങ്ങള്‍ കണ്ട് മറ്റു കൗണ്‍സിലര്‍മാര്‍ വാ പൊളിച്ചിരിക്കുന്ന രംഗം നോക്കിയിരുന്ന അനുഭവം അന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറക്കാനാവില്ല.
1968ല്‍ അണങ്കൂര്‍ വാര്‍ഡില്‍ നിന്നാണ് സുന്ദര്‍റാവു തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് അദ്ദേഹത്തിന് മുപ്പത് വയസ് കഴിഞ്ഞതേയുള്ളൂ. കാസര്‍കോട് ബാറിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജന സംഘം തീരുമാനിക്കുകയായിരുന്നു. ബള്ളുക്കൂറായ അടക്കമുള്ളവരുടെ പിന്തുണയും സമ്മര്‍ദ്ദവും മത്സരിക്കാന്‍ ആവേശമേറ്റി. ആരായിരുന്നു ആദ്യ തിരഞ്ഞെടുപ്പില്‍ എതിരാളി എന്ന് സുന്ദര്‍റാവു ഓര്‍ക്കുന്നില്ല. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണോ എന്നും അദ്ദേഹത്തിനിപ്പോള്‍ വ്യക്തമായ ഓര്‍മ്മയില്ല. ജനസംഘവും കര്‍ണാടക സമിതിയും ചേര്‍ന്ന് നഗരസഭ ഭരിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മുസ്ലിം ലീഗിന്റെ തന്ത്രമാണ് ഫലിച്ചത്. അന്നാണെങ്കില്‍ മുസ്ലിം ലീഗും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സംസ്ഥാന തലത്തില്‍ സഖ്യത്തിലായിരുന്നു. രാമണ്ണ റൈയെ ചെയര്‍മാനാക്കാനുള്ള ലീഗ് തീരുമാനം ഫലം കണ്ടു. ഭരണതുടക്കം തന്നെ അവരുടെ കൈകളിലായി. അല്ലായിരുന്നുവെങ്കില്‍ ഇപ്പോഴും ബി.ജെ.പിയുടെ കയ്യിലാകുമായിരുന്നു ഭരണമെന്ന് കരുതുന്ന ഒരാളാണ് സുന്ദര്‍റാവു. രാമണ്ണ റൈയെ മുന്നില്‍ നിര്‍ത്തി ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ലീഗിന് കഴിഞ്ഞു. അത് നഗരസഭയുടെ പല ഭാഗത്തും ലീഗിന്റെ വളര്‍ച്ചക്കും കാരണമായി എന്നാണ് സുന്ദര്‍റാവു വിശ്വസിക്കുന്നത്. ആദ്യ കൗണ്‍സിലില്‍ പരസ്പര സഹകരണത്തോടെയാണ് നഗരസഭാ ഭരണം മുന്നോട്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു. ചില വിഷയങ്ങളില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെങ്കിലും ഇന്നത്തെ പോലെ കൗണ്‍സില്‍ യോഗങ്ങള്‍ കലുഷിതമായിരുന്നില്ല. ഭരണ പക്ഷത്തിന് ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമായതിനാല്‍ രാമണ്ണറൈ ആരെയും പിണക്കാനും നിന്നില്ല. ആദ്യത്തെ കൗണ്‍സില്‍ എന്ന നിലയില്‍ കാസര്‍കോട് നഗരത്തിന്റെ പ്രധാന ആവശ്യങ്ങള്‍ പഠിക്കാനും അവ സംബന്ധിച്ച് പ്രൊജക്ടുകള്‍ തയ്യാറാക്കാനുമാണ് ശ്രമിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും കുടിവെള്ള പദ്ധതി അനുവദിച്ചപ്പോള്‍ കാസര്‍കോടിനെ മാത്രം തഴഞ്ഞതില്‍ അന്ന് അല്ലറ ചില്ലറ തര്‍ക്കങ്ങളുണ്ടായിരുന്നു. മുനിസിപ്പല്‍ ഡ്രിംഗ്‌സ് വാട്ടര്‍ സ്‌കീം കാസര്‍കോട് നഗരസഭക്കും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് എല്‍.ഐ.സി. ചെയര്‍മാന്‍ ആയിരുന്ന പി.എ. പൈയുടെ ഇടപെടലിനെ തുടര്‍ന്നാണ്. പി.എ. പൈ അന്നത്തെ കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ ആയിരുന്ന കെ.പി. മാധവ റാവുവിന്റെ സുഹൃത്തായിരുന്നു. മാധവ റാവു പി.എ. പൈയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ്, എല്‍.ഐ.സിയുടെ വായ്പയോട് കൂടിയുള്ള കുടിവെള്ള പദ്ധതി കാസര്‍കോട് നഗരസഭക്കും അനുവദിച്ച് കിട്ടിയത്- മറവിയുടെ മാറാല തുടച്ച് സുന്ദര്‍റാവു കണ്ണട ചേര്‍ത്ത് വെച്ചു.
നഗരസഭയിലേക്കുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പിലും സുന്ദര്‍ റാവു മത്സരിച്ചിരുന്നു. എന്നാല്‍ എതിര്‍സ്ഥാനാര്‍ത്ഥി ജനാര്‍ദ്ദനനോട് 16 വോട്ടിന് തോറ്റു. ആ തോല്‍വി അദ്ദേഹത്തിന് വിഷമം ഉണ്ടാക്കിയിരുന്നു. തോല്‍ക്കേണ്ട ഒരു സാഹചര്യമായിരുന്നില്ല. തോല്‍വിയുടെ കാരണം ഇപ്പോഴും അറിയില്ലെന്നാണ് സുന്ദര്‍ റാവു പറയുന്നത്.
'അതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചതാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി തന്നെ നിന്നു. കെ.ജി. മാരാര്‍ജിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ വേണ്ടി കഠിനമായ പ്രവര്‍ത്തനം നടത്തിയിരുന്ന കാലമാണത്. പാര്‍ട്ടി അന്ന് ഇത്ര വളര്‍ന്നിരുന്നില്ല. എങ്കിലും നഗരസഭയില്‍ ബി.ജെ.പി. അംഗങ്ങളുടെ എണ്ണം കൂടി വന്നു. കാസര്‍കോട് പാര്‍ട്ടിക്ക് ഗ്രോത്ത് ഉള്ള ഒരു മണ്ണാണ് എന്ന് പാര്‍ട്ടി നേതാക്കള്‍ മനസിലാക്കി. നഗരസഭാ ഭരണം പിടിച്ചെടുക്കുക തന്നെയായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെയാണ് എന്നെ 1988ല്‍ വീണ്ടും മത്സരിപ്പിക്കുന്നത്. എന്നെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും പാര്‍ട്ടി വിട്ടില്ല. 1988മുതല്‍ 1994 വരെ ഹമീദലി ഷംനാട് ചെയര്‍മാനായിരുന്ന കാലത്ത് ഞാന്‍ പ്രതിപക്ഷ നേതാവായിരുന്നു. ടൗണ്‍ ഉള്‍പ്പെടുന്ന കൊറക്കോട് വാര്‍ഡില്‍ നിന്നാണ് അന്ന് വിജയിച്ചത്. അടുത്ത തവണ(1995ല്‍) കൊറക്കാട് വാര്‍ഡില്‍ തന്നെ മത്സരിച്ച് വിജയിച്ചു. ആ കാലയളവില്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്നു ഞാന്‍. സി.പി.എം.-ഐ.എന്‍.എല്‍ കൂട്ടുകെട്ടാണ് അന്ന് നഗരസഭ ഭരിച്ചതെങ്കിലും വോട്ടെടുപ്പില്‍ ഞാന്‍ വിജയിച്ച് വൈസ് ചെയര്‍മാനായി.
? ആരൊക്കെയായിരുന്നു 1968ലെ പ്രഥമ നഗരസഭയില്‍ ജനസംഘം-കര്‍ണാടക സമിതി അംഗങ്ങള്‍.
= കെ.പി. ബള്ളുക്കുറായ, വൈ.എസ്.വി.ഭട്ട്, അഡ്വ.കെ.പി. മാധവ റാവു, ശാന്തനായ്ക്,പ്രേമലത, കെ.രമാനന്ദ, സോമശേഖര പിന്നെ ഞാനും.ഒരാളുടെ പേര് ഓര്‍ക്കുന്നില്ല.