സംസം കിനിയുന്ന ഓര്‍മ്മകള്‍

ലോക മുസ്ലിം ജനത അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് നാനാതുറകളില്‍ നിന്ന് അല്ലാഹുവിന്റെ പുണ്യഗേഹത്തിലേക്ക് എത്തിയിരിക്കുന്നു. ഓരോ ബലിപെരുന്നാളും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഖലീലുല്ലാഹി ഇബ്രാഹിമി(അ.)ന്റെയും മഹതി ഹാജറാ ബീവിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണകള്‍ പുതുക്കുകയാണ് ചെയ്യുന്നത്. ഈയൊരു ത്യാഗസ്മരണയ്ക്കിടയിലാണ് പുണ്യ സംസമിന്റെ ചരിത്രവും അടങ്ങിയിട്ടുള്ളത്.ഒരായുസ്സിന്റെ അനുഗ്രഹീത സ്വപ്‌നം ആശ്വാസത്തോടെ സഫലമായതിന്റെ നിര്‍വൃതി നിറഞ്ഞ മനസ്സുമായി മക്കയില്‍ നിന്ന് തന്റെ കുടുംബത്തിനും മിത്രങ്ങള്‍ക്കും വേണ്ടി ഓരോ ഹാജിയും കരുതിവെക്കുന്ന ഒരു ഹദിയയുണ്ട്; ആത്മാവിനും ആരോഗ്യത്തിനും ധന്യത പകരുന്ന […]

ലോക മുസ്ലിം ജനത അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് നാനാതുറകളില്‍ നിന്ന് അല്ലാഹുവിന്റെ പുണ്യഗേഹത്തിലേക്ക് എത്തിയിരിക്കുന്നു. ഓരോ ബലിപെരുന്നാളും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഖലീലുല്ലാഹി ഇബ്രാഹിമി(അ.)ന്റെയും മഹതി ഹാജറാ ബീവിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണകള്‍ പുതുക്കുകയാണ് ചെയ്യുന്നത്. ഈയൊരു ത്യാഗസ്മരണയ്ക്കിടയിലാണ് പുണ്യ സംസമിന്റെ ചരിത്രവും അടങ്ങിയിട്ടുള്ളത്.
ഒരായുസ്സിന്റെ അനുഗ്രഹീത സ്വപ്‌നം ആശ്വാസത്തോടെ സഫലമായതിന്റെ നിര്‍വൃതി നിറഞ്ഞ മനസ്സുമായി മക്കയില്‍ നിന്ന് തന്റെ കുടുംബത്തിനും മിത്രങ്ങള്‍ക്കും വേണ്ടി ഓരോ ഹാജിയും കരുതിവെക്കുന്ന ഒരു ഹദിയയുണ്ട്; ആത്മാവിനും ആരോഗ്യത്തിനും ധന്യത പകരുന്ന പുണ്യ സംസം ജലം.
സംസമിന്റെ
ഉത്ഭവ ചരിത്രം
സാധാരണ ജലത്തേക്കാള്‍ മേന്മയിലും രുചിയിലും അത്യുല്‍കൃഷ്ടമായ സംസമിന്റെ ഉത്ഭവ ചരിത്രം ആരംഭിക്കുന്നത് മഹാനായ ഇസ്മായില്‍ നബിയിലൂടെയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇബ്രാഹിം നബി തന്റെ സഹധര്‍മിണി ഹാജിറാ ബീവിയെയും മകന്‍ ഇസ്മായില്‍ നബിയെയും കൂട്ടി മക്കയുടെ പ്രാന്ത പ്രദേശത്ത് അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം കൊണ്ടു വിട്ടു. ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ ഏകാന്തതയില്‍ പാനജലത്തിനപ്പുറം മുലപ്പാല്‍ പോലും കിട്ടാത്ത തീക്ഷ്ണഘട്ടത്തില്‍ ദാഹജലത്തിനായി കുഞ്ഞു ഇസ്മാഈല്‍ വാവിട്ടു കരയുകയും കാലിട്ടടിക്കുകയും ചെയ്തു.
മഹതി ഹാജറ ബീവി വെള്ളത്തിനായി ഓടിനടക്കുന്നതിനിടയില്‍ ജിബ്രീല്‍ തന്റെ ചിറകുകള്‍ താഴ്ത്തി ഇസ്മായില്‍ നബിയുടെ കുഞ്ഞുകാലുകള്‍ക്കിടയില്‍ നിന്നും ഒരിക്കലും വറ്റാത്ത നീരുറവയായി അത്ഭുതങ്ങളുടെ മഹാ കലവറക്ക് രൂപം കൊടുത്തു.
നിലക്കാത്ത വെള്ളച്ചാട്ടം പോലെ പ്രവഹിച്ചുകൊണ്ടിരുന്ന ആ ജലധാരയോട് മഹതി ഹാജറ ബീവി കോപ്റ്റിക്ക് ഭാഷയിലുള്ള സോം സോം (അടങ്ങൂ ഒഴുക്ക് നിര്‍ത്തു) എന്ന കല്‍പ്പനയിലൂടെ ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്തി. ഇതാണ് സംസമിന്റെ ആരംഭചരിത്രം. ഇതോടു കൂടി തന്നെയാണ് മക്കയിലെ ജനവാസത്തിന്റെ ചരിത്രവും ആരംഭിക്കുന്നത്. അതിന് മുമ്പ് മക്കയില്‍ വെള്ളമില്ലാത്തതിനാല്‍ ജനവാസമുണ്ടായിരുന്നില്ല. എന്നാല്‍ സംസം വന്നതോടെ അതിന്റെ ചുറ്റുമായി ജനങ്ങള്‍ വന്നു താമസിക്കുകയും മക്ക വളരുകയും വികസിക്കുകയും ചെയ്തു.
പിന്നീട് അവിടുന്നങ്ങോട്ട് ഇസ്ലാമിന്റെ ചരിത്രത്തിലും അതിന് മുമ്പ് ജാഹിലിയ്യ കാലഘട്ടത്തിലും സംസം വളരെ പ്രാധാന്യത്തോടും ആദരവോടും കൂടി കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്മാഈലി(അ.)ന്റെ കാലം മുതല്‍ ഇതുവരെ എത്ര കോടി മനുഷ്യര്‍ ആ കിണറില്‍ നിന്ന് കുടിച്ചു കഴിഞ്ഞു. എന്നിട്ടും സംസം വറ്റുകയോ അതിലെ വെള്ളം കുറയുകയോ ചെയ്യുന്നില്ല. അല്ലാഹു എത്ര പരിശുദ്ധന്‍.
സംസം തിരുവചനങ്ങളില്‍: പുണ്യ നബി അത് ആഹരിക്കാന്‍ ഭക്ഷണമാണെന്നും രോഗത്തിന് ഔഷധമാണെന്നും പറഞ്ഞിട്ടുണ്ട്. സംസം ഏതൊരു കാര്യത്തിനുവേണ്ടി കുടിച്ചുവോ അത് അതിനുള്ളതാണെന്ന് മറ്റൊരു ഹദീസ്.
സംസം കിണറും ഗവേഷണങ്ങളും
1979ല്‍ സൗദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദുബ്‌നു അബ്ദുല്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടുവരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. യഹിയ ഘോഷ് എന്ന പ്രശസ്തനായ എഞ്ചിനീയര്‍ക്കായിരുന്നു ഇതിന്റെ ചുമതല. സെക്കന്റില്‍ 8000 ലിറ്റര്‍ പമ്പ് ചെയ്യാവുന്ന ഉഗ്രശേഷിയുള്ള മോട്ടോര്‍ ഉപയോഗിച്ച് നിര്‍ത്താതെ 24 മണിക്കൂര്‍ വെള്ളം വറ്റിക്കുകയാണ് ഇതിന്റെ ഭാഗമായി ചെയ്തത്. തുടര്‍ച്ചയായ ഈ പമ്പിങ്ങിനൊടുവിലുള്ള നിര്‍ണായകത്തില്‍ 43.9 അടി താഴ്ചയിലേക്ക് വെള്ളം ഇറങ്ങിയെന്നും തൊട്ടടുത്ത 11 മിനിറ്റിനകം വെള്ളം കേവലം 13 അടി താഴ്ച വരെ ഉയര്‍ന്നുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസം വെള്ളത്തിലെ കണികാംശങ്ങളെ കുറിച്ചും ഇതിനകം വിവിധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ശാസ്ത്രജാലകത്തിലൂടെ മനുഷ്യ ശരീരത്തിന് സാധാരണമായ രോഗപ്രതിരോധ ശക്തി പകര്‍ന്നു തരുന്ന മൂലകങ്ങളാണ് സംസം വെള്ളത്തിലുള്ളത്. സര്‍വ്വസാധാരണ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ സസ്യലതാദികള്‍ ധാരാളം വളരുന്നു. ഇത് വെള്ളത്തിന്റെ രുചിയേയും ഗന്ധത്തെയും നേരിയ തോതില്‍ ബാധിക്കും. എന്നാല്‍ സംസം വെള്ളത്തില്‍ ഇത്തരമൊരു മാറ്റം കാണാന്‍ സാധിക്കില്ല. സംസം വെള്ളത്തില്‍ കാത്സ്യം, മെഗ്‌നീഷ്യം, ക്ലോറൈഡ്, ഇരുമ്പ്, ഈയം, സള്‍ഫര്‍ എന്നിവയുടെ അളവ് കൂടുതലാണ്. ഇതുവരെ സംസമില്‍ രോഗാണുവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സോഡിയത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അണുക്കള്‍ക്ക് സംസമില്‍ ജീവിക്കാന്‍ സാധ്യമല്ല.
കിണറിന്റെ എല്ലാ ഉറവുകളിലും കൂടിയും സെക്കന്റില്‍ 11 മീറ്റര്‍ മുതല്‍ 18.5 ലിറ്റര്‍ വരെ വെള്ളം പ്രവഹിക്കുന്നു എന്ന് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു. ഇത് ഒരു മണിക്കൂര്‍ ആവുമ്പോള്‍ 39600 ലിറ്റര്‍ സംസം പ്രവഹിക്കുന്നു.
സെഡ്.എസ്.ആര്‍.സിയുടെ കണ്ടെത്തലനുസരിച്ച് സംസം കിണറില്‍ നിന്നും ഒരു സെക്കന്റില്‍ 80 ലിറ്റര്‍ (അഥവാ 280 ക്യൂബിക് ഫീറ്റ്) വെള്ളമാണ് പുറത്തേക്കെത്തുന്നത്. പ്രതിദിനം 7 ലക്ഷത്തോളം ലിറ്റര്‍ വെള്ളം ഹറമില്‍ മാത്രം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഹജ്ജിന്റെ സീസണാകുമ്പോള്‍ ഇത് 20 ലക്ഷത്തോളമായി ഉയരും. കൂടാതെ മക്കയില്‍ നിന്ന് മദീനയിലേക്ക് ദിവസവും ഒന്നര ലക്ഷം ലിറ്റര്‍ സംസം വിതരണം ചെയ്യുന്നു. സീസണ്‍ കാലങ്ങളില്‍ ഇത് നാല് ലക്ഷത്തോളമാകും.
ഹറമില്‍ സംസം കുടിക്കാന്‍ വേണ്ടി ദിനേന 2 മില്യന്‍ ഡിസ്‌പോസിബിള്‍ കപ്പുകളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ഹജ്ജ്-ഉംറ കര്‍മങ്ങള്‍ക്കുവേണ്ടി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലക്ഷണക്കിനു വിശ്വാസികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ വലിയ കാനുകളില്‍ സംസം നിറച്ച് കൊണ്ടുപോവുകയും ചെയ്യുന്നു. ഇത്രയധികം ഉപയോഗം നടന്നിട്ടും ഒരിക്കല്‍ പോലും സംസം കിണര്‍ വറ്റിയിട്ടില്ലെന്നതാണ് ശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന വലിയ അത്ഭുതം.
കിണറില്‍ നിന്നു കൂടുതല്‍ ജലം വലിയ മോട്ടറുകള്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനാല്‍ ജലനിരപ്പ് 12.76 മീറ്റര്‍ വരെ താഴാറുണ്ട്. എന്നാല്‍ വെറും പതിനൊന്ന് മിനിറ്റിനുള്ളില്‍ (660 സെക്കന്റ്) ജലനിരപ്പ് പൂര്‍വസ്ഥിതി പ്രാപിക്കുന്നു. പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിന്റെ ജലനിരപ്പ് മാറ്റം വരാതെ നിലനില്‍ക്കുന്നു എന്നതാണ് പ്രത്യേകത.
സംസം കിറണിന്റെ
സ്ഥാനം
ഹജറുല്‍ അസ്വദില്‍ നിന്ന് 18 മീറ്റര്‍ അകലെ കഅ്ബയുടെ 20 മീറ്റര്‍ കിഴക്കായിട്ടാണ് സംസം കിണര്‍ നിലകൊള്ളുന്നത്. മൊത്തം 98 അടിയാണ് ഇതിന്റെ ആഴം രേഖപ്പെടുത്തിയിട്ടുള്ളത്. ഈ അത്ഭുത ഉറവയുടെ പ്രഭവസ്ഥാനം കണ്ടെത്താന്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രധാനമായും രണ്ട് സ്രോതസ്സുകളാണ് സംസമിനുള്ളത്. ഒന്ന്, ഹജ്ര്‍ ഇസ്മായിലിനടുത്ത്. മറ്റൊന്ന് പാറക്കൂട്ടങ്ങളില്‍ നിന്നുമാണെന്നാണ് ആധുനികശാസ്ത്രം ആധികാരികമായി പറയുന്നത്. ആദ്യകാലങ്ങളില്‍ സംസം കിണറില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് വെള്ളം ശേഖരിക്കാനും അതിനെ കാണാനുമുള്ള സൗകര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഹറമിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മേലെ മൂടപ്പെട്ടിരിക്കുന്നു.
സംസം ശുദ്ധീകരണ പ്ലാന്റ്മസ്ജിദുല്‍ ഹറമില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിച്ച വിശാലമായ സൗകര്യങ്ങളോടെയുള്ള പ്ലാന്റ്. പ്രതിദിനം 50 ലക്ഷം ലിറ്റര്‍ സംസം വെള്ളം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ളതാണ് മക്ക കുഭയിലുള്ള കിങ് അബ്ദുല്ല സംസം പ്ലാന്റ്. നിരവധി ഫില്‍റ്ററുകളും അണുനശീകരണ യൂണിറ്റുമടങ്ങുന്ന രണ്ട് പ്രധാന ശുദ്ധീകരണ ലൈനുകളാണ് പ്ലാന്റിലുള്ളത്. ഇവിടെ നിന്നും ശുദ്ധീകരിച്ച സംസം വെള്ളം 42 വിതരണകേന്ദ്രങ്ങളിലേക്ക് പമ്പ് ചെയ്യുകയും അവിടെ നിന്നും തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ലഭ്യമാക്കുകയും ചെയ്യുന്നു. ഇതിന് സമീപത്തു തന്നെ സംസം നിറക്കുന്ന ഫില്ലിംഗ് ഫാക്ടറിയും ഉണ്ട്. ഇതിലേക്ക് ദിനംപ്രതി 20 ലക്ഷം ലിറ്റര്‍ സംസം ജലം പമ്പ് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്. ഈ ഫില്ലിംഗ് ഫാക്ടറിക്ക് രണ്ട് ലക്ഷം കണ്ടെയിനറുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്.
നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും വിസ്മയങ്ങളുടെ കലവറ തുറക്കുന്ന അത്ഭുത മഹാപ്രതിഭാസമാണ് സംസം. വിശ്വാസികള്‍ ഏറെ ആദരിക്കുന്ന ഈ പുണ്യ ജലം അല്‍പമെങ്കിലും സൂക്ഷിക്കാത്ത വീടുകള്‍ വിരളമായിരിക്കും.
വിവിധ പ്രതിസന്ധിഘട്ടങ്ങളിലും ശാരീരിക അസ്വസ്ഥതകളിലും ഈ പുണ്യ ജലം ഉപയോഗിക്കാറുണ്ട്.


-മുഹമ്മദ് സവാദ്‌

Related Articles
Next Story
Share it