വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം; ഏകോപന സമിതി പ്രക്ഷോഭത്തിന്

കാസര്‍കോട്: കോവിഡ് പ്രതിസന്ധിയില്‍പെട്ട് തകര്‍ന്നു കൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിന് രാവിലെ പത്ത് മണി മുതല്‍ 12 മണിവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ സൂചന പ്രതിഷേധ ധര്‍ണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് പേരടങ്ങുന്ന അംഗങ്ങള്‍ സംഘമായി യൂണിറ്റുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് […]

കാസര്‍കോട്: കോവിഡ് പ്രതിസന്ധിയില്‍പെട്ട് തകര്‍ന്നു കൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിന് രാവിലെ പത്ത് മണി മുതല്‍ 12 മണിവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ സൂചന പ്രതിഷേധ ധര്‍ണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് പേരടങ്ങുന്ന അംഗങ്ങള്‍ സംഘമായി യൂണിറ്റുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രധാന ജങ്ഷനുകളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ധര്‍ണ നടത്തും. കോവിഡ്-19നെ സര്‍ക്കാര്‍ ധനസമാഹരണത്തിനുള്ള മാര്‍ഗമാക്കി മാറ്റി. പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിരിച്ചെടുക്കാനുള്ള തുകയ്ക്ക് ടാര്‍ജറ്റ് നിശ്ചയിച്ച് അവരെ കയറൂരി വിട്ട് വ്യാപാരികളില്‍ നിന്ന് അന്യായമായ പിഴ ഈടാക്കി കൊണ്ടിരിക്കുകയാണ്. സെക്ടര്‍ മജിസ്‌ട്രേറ്റ്മാരുടെ അനാവശ്യ കടന്നുകയറ്റം അവസാനിപ്പിക്കുക, അനധികൃത വഴിയോര കച്ചവടം അവസാനിപ്പിക്കുക, ലൈസന്‍സ് ഫീസിലെ വന്‍തോതിലുള്ള പിഴ ഒഴിവാക്കുക, ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, വിലക്കയറ്റത്തിന് കാരണമായ പ്രളയ സെസ് പിന്‍വലിക്കുക, ജി.എസ്.ടി നടപ്പിലാക്കിയ കാലത്തെ ക്രമക്കേടുകള്‍ ആരോപിച്ച് നല്‍കിയ നോട്ടീസുകള്‍ പിന്‍വലിക്കുക, കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിലുള്ള നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തുന്നത്.
പത്രസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, വൈസ് പ്രസിഡണ്ട് ബി. വിക്രം പൈ, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി എന്നിവരും സംബന്ധിച്ചു.

Related Articles
Next Story
Share it