നിര്‍ജ്ജീവ സംവിധാനങ്ങള്‍...

നിരുത്തരവാദപരമായ ഡ്രൈവിംഗിന്റെയും അശാസ്ത്രീയമാം വിധം നിര്‍മ്മിച്ചതും യഥാകാലം അറ്റകുറ്റപ്പണി നടത്താത്തതുമായ റോഡുകളുടേയും ഫലമായി ദിനം പ്രതി നിരപരാധികള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ദുര്‍വ്വിധിക്ക് പരിഹാരം ഇനിയും എന്നാണ്? അവനവന്റെയും അപരന്റേയും ജീവനുകള്‍ വിലപ്പെട്ടതും പകരം വയ്ക്കാനില്ലാത്തവയും ആണെന്ന ബോധമുള്ള ഡ്രൈവര്‍മാരായും നാട്ടിലെ പൗരന്‍മാര്‍ക്ക് സുഗമമായി സഞ്ചരിക്കാനുള്ള പാതകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാണെന്ന പൗരബോധവും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ള നേതാക്കളായും വളരാന്‍ നമ്മളും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളും ഇനിയും എത്ര കാതം ഓടണം?ആസ്പത്രികളിലും മോര്‍ച്ചറികളിലും പിടയുന്നതും ചേതനയറ്റതുമായ മനുഷ്യ ശരീരങ്ങള്‍. നിലവിളികള്‍. […]

നിരുത്തരവാദപരമായ ഡ്രൈവിംഗിന്റെയും അശാസ്ത്രീയമാം വിധം നിര്‍മ്മിച്ചതും യഥാകാലം അറ്റകുറ്റപ്പണി നടത്താത്തതുമായ റോഡുകളുടേയും ഫലമായി ദിനം പ്രതി നിരപരാധികള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ദുര്‍വ്വിധിക്ക് പരിഹാരം ഇനിയും എന്നാണ്? അവനവന്റെയും അപരന്റേയും ജീവനുകള്‍ വിലപ്പെട്ടതും പകരം വയ്ക്കാനില്ലാത്തവയും ആണെന്ന ബോധമുള്ള ഡ്രൈവര്‍മാരായും നാട്ടിലെ പൗരന്‍മാര്‍ക്ക് സുഗമമായി സഞ്ചരിക്കാനുള്ള പാതകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാണെന്ന പൗരബോധവും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ള നേതാക്കളായും വളരാന്‍ നമ്മളും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളും ഇനിയും എത്ര കാതം ഓടണം?
ആസ്പത്രികളിലും മോര്‍ച്ചറികളിലും പിടയുന്നതും ചേതനയറ്റതുമായ മനുഷ്യ ശരീരങ്ങള്‍. നിലവിളികള്‍. അനാഥമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബങ്ങള്‍. മന:പൂര്‍വ്വമല്ലാത്ത നരഹത്യാ കേസുകള്‍. അന്വേഷണ നൂലാമാലകള്‍. രക്ഷപ്പെടുന്ന കുറ്റവാളികള്‍. തുടരുന്ന കുരുതികള്‍.
ഡ്രൈവിംഗ് ലൈസന്‍സ് ഒപ്പിച്ചെടുക്കാനുള്ള എഴുത്തു പരീക്ഷകളും ഗ്രൗണ്ട്-റോഡ് ടെസ്റ്റുകളുമെല്ലാം വെറും പ്രഹസനമാണ് ഇന്ത്യാ രാജ്യത്ത്. അതുകൊണ്ടു തന്നെ ലോക രാജ്യങ്ങളില്‍ നമ്മുടെ ലൈസന്‍സിന് പുല്ലുവില പോലുമില്ല. ഒരു കയറ്റം കയറാന്‍ ഏതു ഗിയറാണോ ഉപയോഗിക്കുന്നത് അതേ ഗിയറില്‍ വേണം ആ ഇറക്കം ഇറങ്ങാനും എന്നാണ് ലൈസന്‍സ് നിയമം പഠിപ്പിക്കുന്നതെങ്കിലും നമ്മളില്‍ പലരും ചെങ്കുത്തായ ഇറക്കം പോലും ടോപ് ഗിയറില്‍ ഇറക്കുന്നവരാണ്. വളവിലൂടെ ഹോണ്‍ മുഴക്കി വേണം വണ്ടി ഓടിക്കാന്‍. പക്ഷേ, 90 ശതമാനം പേര്‍ക്കും ഹോണിനോട് അലര്‍ജിയാണ്. കയറ്റത്തില്‍ കയറി വരുന്ന വണ്ടിക്കാകണം ഒന്നാം പരിഗണന. എന്നാല്‍, ഇന്ത്യക്കാരോട് അതു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. രാത്രിയില്‍ എതിരേ വരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാന്‍ വേണ്ടി ഹെഡ്‌ലൈറ്റില്‍ ഡിപ്പര്‍ ഉപയോഗിക്കണമെന്നുണ്ട്. പക്ഷേ, അത്തരം ഒരു പ്രതിപക്ഷ ബഹുമാനം നമ്മുടെ രക്തത്തില്‍ ഒട്ടുമില്ലാത്തതാണ്. വിശിഷ്യാ, ദീര്‍ഘദൂര ചരക്കുവണ്ടികളിലെ ഡ്രൈവര്‍മാരില്‍. എതിരേ വരുന്നവരുടെ കണ്ണുകള്‍ അടഞ്ഞുപോകും വിധത്തിലുള്ള തീക്ഷ്ണമായ ബള്‍ബുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുണ്ടെങ്കിലും ഇന്ന് പല വാഹനങ്ങളിലും അതികഠിനമായ എല്‍.ഇ.ഡി ബള്‍ബുകളാണ്. ഇടതുവശത്തുകൂടി ഓവര്‍ടേയ്ക്ക് ചെയ്യാന്‍ പാടില്ല. കൊന്നാലും ഇടതുവശം ചേര്‍ന്ന് ഓടാത്ത ഭീമന്‍ ചരക്കുവണ്ടികളേയും ടാങ്കര്‍ ലോറികളേയും പിന്നെ, എങ്ങനെ മറികടക്കും?
നഗരങ്ങളിലും വിദ്യാലയ-ആതുരാലയ പരിസരങ്ങളിലും കണ്‍സ്ട്രക്ഷന്‍ ഏരിയകളിലും മറ്റും ഓടിക്കേണ്ട വേഗ പരിധികളുണ്ടെങ്കിലും അതിന്റെ രണ്ടും മൂന്നും ഇരട്ടി വേഗത്തില്‍ ഓടാനാണ് നമ്മളില്‍ പലര്‍ക്കും താല്‍പര്യം. ഇത്തരം നിയമലംഘനങ്ങളെല്ലാം പിടികൂടി പിഴയീടാക്കുകയും കേസെടുക്കുകയും ചെയ്യേണ്ട സംവിധാനങ്ങള്‍ ഒന്നുകില്‍ മതിയായ ഉദ്യോഗസ്ഥരുടെ കുറവുകൊണ്ട് നിര്‍വീര്യമാകുന്നു. കുറേപേര്‍ കണ്ണടയ്ക്കുന്നു. കുറേപേര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും തികയാതെ കൈക്കൂലിയുടെയും അഴിമതിയുടേയും പിറകേ പായുമ്പോള്‍ കുറ്റമറ്റതാകേണ്ട റോഡ്-ഗതാഗത നിയമങ്ങളെല്ലാം നോക്കുകുത്തികളാകുന്നു.
റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എ.ഐ ക്യാമറകള്‍ സ്ഥാപിക്കപ്പെട്ടത് ശ്ലാഘനീയ നടപടിയായിരുന്നു. പക്ഷേ, അനുവദനീയമല്ലാത്ത ഹെഡ്‌ലൈറ്റുകള്‍ കണ്ടെത്തുന്നതിനും ഹോണടിച്ചാലും ഓവര്‍ ടേയ്ക്കിംഗിന് സൗകര്യം ചെയ്യാത്ത കുറ്റം പകര്‍ത്തുന്നതിനും മറ്റുമുള്ള സംവിധാനങ്ങള്‍ കൂടി ഒരുക്കണമായിരുന്നു.
അതാത് അതോറിറ്റികള്‍ക്കും വകുപ്പുകള്‍ക്കും ഭരണകൂടങ്ങള്‍ക്കും കീഴിലുള്ള റോഡുകളിലെ അപകടകരമായ കുണ്ടും കുഴിയും ശോച്യാവസ്ഥയും കണ്ടിട്ടും റിപ്പോര്‍ട്ട് ചെയ്യാത്ത എന്‍ജിനീയര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും നിര്‍മ്മാണ-പരിപാലന ചുമതലയുള്ള കരാറുകാരേയും ജനത്തോട് പ്രതിബദ്ധത കാണിക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങളേയും പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമവും അതു നടപ്പിലാക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണവര്‍ഗ്ഗങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ പതിനെട്ടാം തീയതി (പതിനേഴിന് അപകടം നടന്നു) കാസര്‍കോട്ടെ പഴയ പ്രസ്സ് ക്ലബ് ജംഗ്ഷനും ചന്ദ്രഗിരിപ്പാലത്തിനും ഇടയിലുള്ള മരണക്കുഴിയില്‍ ബൈക്കില്‍ നിന്നും വീണ് 20കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ശിവാനി ബാലിഗ എന്ന ഹതഭാഗ്യ മരിക്കില്ലായിരുന്നു. പ്രസ്തുത കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് ഉദ്ഘാടനം ചെയ്യപ്പെട്ട കാലം മുതല്‍ തന്നെ വലിയ കുന്നിനെ പിളര്‍ന്ന് പണിത ആ ഭാഗത്ത് പ്രശ്‌നമുണ്ടായിരുന്നു. ഉറവ പൊട്ടി സ്ഥിരം കുഴി രൂപപ്പെടുന്ന ആ ഭാഗം കോണ്‍ക്രീറ്റോ മറ്റോ ചെയ്ത് ശാശ്വതമായി പരിഹരിക്കുന്നതിന് കരാര്‍ ഏറ്റെടുത്ത കമ്പനിയോ ഭരണകൂടങ്ങളോ മുന്നോട്ടു വന്നില്ല. തീര്‍ത്തും ദുരിതപൂര്‍ണ്ണമായിത്തീര്‍ന്നപ്പോള്‍ മാത്രം കഴിഞ്ഞ കൊല്ലം ആ ഭാഗം ഇന്റര്‍ലോക്ക് പാകുകയുണ്ടായി. പക്ഷേ, തീര്‍ത്തും അശാസ്ത്രീയമായിരുന്നു ആ പ്രവര്‍ത്തി. ടാര്‍ റോഡില്‍ നിന്നും ഇഞ്ചു കണക്കിന് പൊങ്ങിയായിരുന്നു ഇന്റര്‍ലോക്ക് കിടന്നത്! ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങള്‍ ഉയര്‍ന്ന ഇന്റര്‍ലോക്കിന് മുകളിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടാവുന്ന സ്വാഭാവിക സമ്മര്‍ദ്ദത്താല്‍ ഇന്റര്‍ലോക്കിന്റെ അപ്പുറത്തും ഇപ്പുറത്തും വൈകാതെ കുഴികള്‍ ഉണ്ടാകും എന്ന് മനസ്സിലാവാത്ത എന്‍ജിനീയര്‍മാരും കരാറുകാരുമാണോ നമ്മുടേത്? ഒരിക്കലുമല്ല. കാട്ടിലെ തടിയും തേവരുടെ ആനയും ആയതിന്റെ മാത്രം കുഴപ്പമാണ്. പ്രൊഫഷണലിസം തൊട്ടുതീണ്ടാത്തവരാണോ തൊഴിലാളികള്‍? അതുമല്ല. ഇവരുടെയൊക്കെ സ്വന്തം വസതികളുടെ മുറ്റങ്ങള്‍ ഇവര്‍ കുറ്റമറ്റ രീതിയില്‍ പണിയും. അകത്തളങ്ങളിലെ ടൈലും ഗ്രാനൈറ്റും ജോയിന്റുകളില്‍ ഒരു മുടിനാരിന് പൊങ്ങിപ്പോയാല്‍ കാലുടക്കി വീഴും എന്നു പറഞ്ഞ് പറിച്ചുകളഞ്ഞ് വീണ്ടും ചെയ്യിക്കുന്നവരാണ് എല്ലാവരും. ഇന്റര്‍ലോക്കിംഗിന്റെ മാത്രം കാര്യമല്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ എവിടെയൊക്കെ പാച്ച് വര്‍ക്കുകള്‍ ചെയ്യുന്നുവോ അവിടങ്ങളിലെല്ലാം തന്നെ പഴയതില്‍ നിന്നും ഉയര്‍ന്ന് മുഴച്ചു നില്ക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഇത്തരം കണ്ടംവെച്ച കോട്ടുകള്‍ക്കു മുകളിലൂടെ പോകേണ്ടി വരുമ്പോള്‍ പലപ്പോഴും മറിഞ്ഞു വീഴുന്നു.
ജോയിന്റുകളില്‍ ഒരല്‍പം ബേബി ജല്ലിയോ എം സാന്റോ ടാറില്‍ കുഴച്ച് വിതറിയാല്‍ തന്നെ മുഴച്ചു നില്ക്കില്ല എന്ന വളരെ ലളിതമായ പോംവഴി മുന്നിലിരിക്കേയാണ് ഇത്തരം അനാസ്ഥകള്‍. എന്നാണ് സ്‌കില്‍ഡ് ലേബേഴ്‌സിനെക്കൊണ്ട് കുറ്റമറ്റ രീതിയില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യിക്കാന്‍ നമ്മുടെ എന്‍ജിനീയര്‍മാരും കരാറുകാരും ഇനിയും വളരുക?
ശിവാനി എന്ന കുട്ടി വീണു മരിച്ച മരണക്കുഴിയുടെ തൊട്ടുരുമ്മി ഒരു വണ്ടി സ്ഥിരമായി നിര്‍ത്തിയിട്ട് കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഫുട്പാത്ത് പോലും ഇല്ലാത്ത അവിടെ നിന്നും അതിനെ ഇതുവരെ ഒഴിപ്പിക്കാന്‍ നമ്മുടെ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. വളരെ തിരക്കേറിയതും ഒട്ടും പാര്‍ക്കിംഗ് സ്ഥലമില്ലാത്തതുമായ പഴയ പ്രസ്സ് ക്ലബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരിപ്പാലം വരെ ഒരു തരത്തിലുള്ള വഴിയോരക്കച്ചവടവും തട്ടുകടകളും അനുവദിക്കരുത്. നിലവിലുള്ള വഴിയോര കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നത് മൂലം ഇപ്പോള്‍ തന്നെ മറ്റു വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയും തലവേദനയുമായി മാറിയിട്ടുണ്ട്.
ശിവാനി എന്ന കുട്ടി കൊല്ലപ്പെട്ട് കൃത്യം ഒരാഴ്ച തികയുന്ന അന്നാണ് ബദിയടുക്കയ്ക്കടുത്ത പള്ളത്തടുക്കയില്‍ വളവിലൂടെ അമിത വേഗതയില്‍ പാഞ്ഞുവന്ന ഒരു സ്‌കൂള്‍ ബസ്സ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഒരു കുടുംബത്തിലെ നാലു സ്ത്രീകളെയും ഓട്ടോ ഡ്രൈവറേയും കൊന്നുകളഞ്ഞത്. എവിടെ സ്‌കൂള്‍ ബസ്സുകള്‍ 50 കി.മീറ്ററിലധികം സ്പീഡില്‍ ഓടരുതെന്ന നിയമം?
എവിടെ സ്പീഡ് ഗവര്‍ണ്ണര്‍? എവിടെ വളവുകളില്‍ സുരക്ഷാ വേലികളും ഡിവൈഡറുകളും? മരിച്ച സ്ത്രീകളുടെയും ഓട്ടോ ഡ്രൈവറുടെയും കുടുംബങ്ങള്‍ക്ക് എന്തു നഷ്ടപരിഹാരത്തുക നല്‍കിയാണ് കണ്ണീരൊപ്പുക? മറുഭാഗം കാണാനാവാത്ത വളവിനപ്പുറത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നുണ്ടാവാം എന്ന് ബോധമുള്ള ഡ്രൈവര്‍മാര്‍ ഇനിയും എന്നാണ് നമുക്കിടയില്‍ നിന്നും പാസ്സായി വരിക? വളവുകളില്‍ തന്റെ സൈഡ് കീപ്പ് ചെയ്യുകയും ഹോണ്‍ മുഴക്കണ്ടതുമാണെന്ന പാഠങ്ങള്‍ ഏതു വിദ്യാലയങ്ങളില്‍ നിന്നുമാണ് ഇനിയും ഇവരെ പഠിപ്പിക്കാനാവുക?
എല്ലാ റോഡപകട മരണങ്ങളും മന:പൂര്‍വ്വമല്ലാത്ത നരഹത്യകള്‍ മാത്രമല്ലെന്നും പലതും മന:പൂര്‍വ്വമായ കൊലക്കുറ്റത്തിന് എടുക്കണ്ട കേസുകള്‍ ആണെന്നും പല ഡ്രൈവര്‍മാരുടെ ലൈസന്‍സുകളും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തേണ്ടവയാണെന്നും ഉള്ള യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് സംവിധാനങ്ങളും ഭരണകൂടങ്ങളും ഉണരേണ്ടതുണ്ട്.
എല്ലാ എസ് ഹെയര്‍പിന്‍ വളവുകളിലും ഡിവൈഡറുകളും അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.
എതിര്‍ദിശ കാണാത്ത എല്ലാ വളവുകളിലേയും കുന്നുകളും മതിലുകളും ഏതു കൊലക്കൊമ്പന്റേതായാലും ഇടിച്ചു നിരത്താനും പിടിച്ചെടുക്കാനുമുള്ള അധികാരം ഭരണകൂടങ്ങള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. പഴുപ്പിച്ച് തട്ടിയാല്‍ വളയാത്തതും നിവരാത്തതുമായ ഒരു ലോഹവും സംവിധാനവുമില്ല. അതിന് ആര്‍ജ്ജവമുള്ള ഭരണകൂടങ്ങള്‍ മാത്രമേ ഉണ്ടാവേണ്ടതുള്ളൂ.


-റഹ്മാന്‍ മുട്ടത്തൊടി

Related Articles
Next Story
Share it