ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയി: ഇരുട്ടില്‍ തപ്പി ഗ്രാമീണര്‍
വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ സ്ഥാപിക്കുന്നതാണ് ട്രാന്‍സ്‌ഫോര്‍മര്‍. എന്നാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയാലോ? എങ്കില്‍ അത്തരമൊരു സംഭവം നടന്നു ഉത്തരേന്ത്യയില്‍. ഉത്തര്‍ പ്രദേശിലെ സോഹ്‌റ ഗ്രാമത്തില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയതോടെ അയ്യായിരക്കണക്കിനുപേര്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടിലായിരിക്കുകയാണ്.
ഗ്രാമവാസികളില്‍ ചിലര്‍ പ്രഭാത നടത്തിനിടെയാണ് 250 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെടുന്നത്. വില്‍ക്കാന്‍ യോഗ്യമായതെല്ലാം മോഷ്ടിച്ച് ട്രാന്‍സ്‌ഫോര്‍മറിന്റെ അവശേഷിക്കുന്ന ഭാഗം തൊട്ടടുത്തുളള പറമ്പില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി.ഉത്തരേന്ത്യയില്‍ കനത്ത ശൈത്യകാലത്തിനിടെയാണ് സംഭവമെന്നത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഗ്രാമത്തിലെ കുട്ടികളുടെ പഠനവും ഇതോടെ തടസ്സപ്പെട്ടു.
താത്കാലിക പരിഹാരമെന്ന നിലയില്‍ അടുത്ത ഗ്രാമത്തില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നുണ്ടെന്ന് വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കാന്‍ വൈദ്യുതി വകുപ്പ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.