ദീപാവലി, ഛത് പൂജ സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക ഉപദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ റെയില്‍വേ
സുരക്ഷാ നിയമങ്ങള്‍ പാലിക്കാനും നിയന്ത്രിത വസ്തുക്കള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാനും റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു;
ദീപാവലി, ഛത് പൂജ സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക ഉപദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ റെയില്‍വേ. ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ സ്വന്തം നാടുകളിലേക്ക് ട്രെയിന്‍ വഴി യാത്ര ചെയ്യുന്നതിനാല്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കാനും ചില നിയന്ത്രിത വസ്തുക്കള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാനും റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. തീപിടുത്തവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ തടയുന്നതിനും ഉത്സവ തിരക്കിനിടയില്‍ സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമാണ് റെയില്‍വെ ഈ ഉപദേശം കൊണ്ട് ലക്ഷ്യമിടുന്നത്.
ഈ ഉത്സവ സീസണില്‍ ട്രെയിനുകളില്‍ നിരോധിച്ചിരിക്കുന്ന വസ്തുക്കളെ കുറിച്ചും റെയില്‍വേ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച്, യാത്രക്കാര്‍ പടക്കം, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടറുകള്‍, സ്റ്റൗ, തീപ്പെട്ടി, സിഗരറ്റ് എന്നിവ ട്രെയിനില്‍ കൊണ്ടുപോകരുത്. ഈ വസ്തുക്കള്‍ കത്തുന്നവയാണ്, അതുകൊണ്ടുതന്നെ സ്ഥല പരിമിതിയും വായുസഞ്ചാരം പരിമിതപ്പെടുത്തിയിരിക്കുന്നതുമായ ട്രെയിനുകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ തീപിടിക്കാന്‍ കാരണമാകും.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുന്‍കരുതല്‍ നടപടിയാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാഗേജ് പരിശോധനയിലും ബോര്‍ഡിംഗിലും ജീവനക്കാരുമായി സഹകരിക്കാന്‍ റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഉത്സവ തിരക്കിനെ കൈകാര്യം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍
എല്ലാ വര്‍ഷവും ദീപാവലി, ഛത് പൂജ ഉത്സവ സമയത്ത് ട്രെയിന്‍ യാത്രയില്‍ കുത്തനെ വര്‍ദ്ധനവ് കാണപ്പെടുന്നു, പ്രധാന സ്റ്റേഷനുകളില്‍ നീണ്ട ക്യൂകളും കാണാം. തിരക്ക് നിയന്ത്രിക്കുന്നതിനായി, ന്യൂഡല്‍ഹി, ബാന്ദ്ര ടെര്‍മിനസ്, ഉധ്ന, സൂറത്ത് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ ഇന്ത്യന്‍ റെയില്‍വേ സ്ഥിരമായ ഹോള്‍ഡിംഗ് ഏരിയകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
യാത്രക്കാരുടെ ചലനം നിയന്ത്രിക്കുന്നതിനും പ്ലാറ്റ് ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സുഗമമായ ബോര്‍ഡിംഗ് പ്രക്രിയ ഉറപ്പാക്കുന്നതിനുമാണ് ഈ ഹോള്‍ഡിംഗ് ഏരിയകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
യാത്രക്കാരോട് സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ത്ഥിച്ച് റെയില്‍വേ
'യാത്രയ്ക്കിടെ എന്തെങ്കിലും അസൗകര്യങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ അത് ഒഴിവാക്കാന്‍ യാത്രക്കാര്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' എന്ന് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തിയോ സുരക്ഷിതമല്ലാത്ത വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെ അറിയിക്കണമെന്നും റെയില്‍വേ യാത്രക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ ഉത്സവ സീസണില്‍ ആയിരക്കണക്കിന് ട്രെയിനുകള്‍ ആണ് കംപാര്‍ട്‌മെന്റ് നിറയെ യാത്രക്കാരെയും നിറച്ച് ഓടുന്നത്. അതുകൊണ്ടുതന്നെ യാത്ര സുരക്ഷിതവും സുഗമവും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുകയുമാണ് റെയില്‍വേയുടെ ലക്ഷ്യം.